പെയ്യട്ടെ റണ്‍മഴ... കാര്യവട്ടത്ത് ചെറുപൂരം, വിജയത്തിടമ്പേറ്റാന്‍ കോലിയും സംഘവും

Written By:

തിരുവനന്തപുരം: ചെറുപൂരത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തലസ്ഥാനനഗരി. ഫൈനലിനു തുല്യമായ ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡുമായി അങ്കം കുറിക്കും. ചൊവ്വാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

ഇന്ത്യക്കു തോല്‍പ്പിക്കേണ്ടത് കിവികളെ മാത്രമല്ല... കിവികളേക്കാള്‍ 'ശക്തര്‍', ആരാധകര്‍ പ്രാര്‍ഥനയില്‍

മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തുകാര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ മല്‍സരത്തിനു വില്ലനായി മഴ ഭീഷണിയുയര്‍ത്തുന്നത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്.

ഏകദിനം ആവര്‍ത്തിക്കുമോ ?

ഏകദിനം ആവര്‍ത്തിക്കുമോ ?

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയുടെ അതേ ക്ലൈമാക്‌സ് തന്നെയാണ് ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ളത്. നേരത്തേ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ന്യൂസിലന്‍ഡ് ജയിച്ചപ്പോള്‍ രണ്ടാമത്തെ കളിയില്‍ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ പരമ്പര പോക്കറ്റിലാക്കുകയായിരുന്നു. ഈ നേട്ടം ട്വന്റിയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

ഓപ്പണിങ് കസറിയാല്‍ ഇന്ത്യ നേടും

ഓപ്പണിങ് കസറിയാല്‍ ഇന്ത്യ നേടും

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയാണെങ്കില്‍ മല്‍സരം ഇന്ത്യയുടെ വരുതിയിലാവും. രണ്ടാമത്തെ ട്വന്റി ട്വന്റി മല്‍സരത്തില്‍ 197 റണ്‍സെന്ന കൂറ്റന്‍ വിജയസ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ ചതിച്ചതും ഓപ്പണര്‍മാരാണ്. രോഹിത് ശര്‍മയ്ക്ക് അഞ്ച് റണ്‍സും ശിഖര്‍ ധവാന് ഒരു റണ്‍സും നേടാനേ സാധിച്ചുള്ളൂ. ഇതോടെ മധ്യനിര സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് മല്‍സരം കൈവിടുകയും ചെയ്തു.

ന്യൂസിലന്‍ഡിന്‍റെ തുറുപ്പുചീട്ടുകള്‍ രണ്ടു പേര്‍

ന്യൂസിലന്‍ഡിന്‍റെ തുറുപ്പുചീട്ടുകള്‍ രണ്ടു പേര്‍

രണ്ടു പേരാണ് ന്യൂസിലന്‍ഡിന്റെ തുറുപ്പുചീട്ടുകള്‍. ബാറ്റിങില്‍ കൂറ്റനടിക്കാരനായ കോളിന്‍ മണ്‍റോയെ സൂക്ഷിക്കണമെങ്കില്‍ ബൗളിങില്‍ സ്പീഡ് സ്റ്റാര്‍ ട്രെന്‍റ് ബോള്‍ട്ടിനെ പേടിക്കണം. രണ്ടാമത്തെ ട്വന്റി ട്വന്റി മല്‍സരം ഇന്ത്യയില്‍ നിന്നു അടിച്ചുപറത്തിയത് മണ്‍റോയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. മണ്‍റോ മാത്രമല്ല, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവര്‍ തങ്ങളുടേതായ ദിവസം ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ളവരാണ്.

ധോണിയുടെ ഭാവി

ധോണിയുടെ ഭാവി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ മല്‍സരം കൂടിയാണിത്. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെട്ട ധോണി ഇപ്പോള്‍ പല്ലു കൊഴിഞ്ഞ സിംഹമാണ്. ധോണിയെ ടീമില്‍ നിന്നു മാറ്റണമെന്ന പല മുന്‍ താരങ്ങളും അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധോണിക്കു പകരം ഏതെങ്കിലും യുവ വിക്കറ്റ് കീപ്പറെ ട്വന്റി ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിഎസ് ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഈ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കാനായിരിക്കും ധോണി ശ്രമിക്കുക.

സിറാജിനു പകരം യാദവ്

സിറാജിനു പകരം യാദവ്

രണ്ടാമത്തെ ട്വന്റി ട്വന്റി മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാവും ഇന്ത്യ കാര്യവട്ടത്ത് പാഡണിയുക. കഴിഞ്ഞ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ ഒഴിവാക്കിയേക്കും. നാലോവറില്‍ 53 റണ്‍സാണ് താരം വഴങ്ങിയത്. സിറാജിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. മുംബൈയില്‍ ന്യൂസിലന്‍ഡിനോടു ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിന മല്‍സരത്തിനു ശേഷം താരം ടീമിനു പുറത്താണ്.

ടീം ലൈനപ്പ് ഇങ്ങനെ

ടീം ലൈനപ്പ് ഇങ്ങനെ

ഇന്ത്യന്‍ സാധ്യതാ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.
ന്യൂസിലന്‍ഡ് സാധ്യതാ ടീം: കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ബ്രൂസ്, ഗ്ലെന്‍ ഫിലിപ്‌സ്, ഹെന്റി നിക്കോള്‍സ്, കോളിന്‍ ഡി ഗ്രാന്‍ധോം, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ.

Story first published: Tuesday, November 7, 2017, 12:03 [IST]
Other articles published on Nov 7, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍