ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായ സർ വിവിയൻ റിച്ചാർഡ്‌സിനോട് സഞ്ജു സാംസണെ ഉപമിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട് തന്നെ വിവ് റിച്ചാർഡ്‌സിന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിച്ചുവെന്നാണ് ഗവാസ്കർ തന്റെ കോളത്തിൽ കുറിച്ചത്.
2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു സാംസൺ നിർണ്ണായക പങ്ക് വഹിച്ചു. ടീമിലെ എല്ലാ അംഗങ്ങളും അവരുടേതായ സംഭാവനകൾ നൽകിയെങ്കിലും, സഞ്ജുവിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ സെമിഫൈനലിൽ എത്തുമായിരുന്നില്ലെന്നും, ഫൈനലിലും സെമിയിലും 250-ലധികം റൺസ് നേടാൻ ടീമിന് സാധിക്കില്ലായിരുന്നുവെന്നുമാണ് വിലയിരുത്തൽ.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സർ വിവിയൻ റിച്ചാർഡ്‌സ് തന്റെ ദേശീയ ടീമിന് വേണ്ടി ദീർഘകാലം ചെയ്തത് തന്നെയാണ് സഞ്ജുവും ഇപ്പോൾ ആവർത്തിച്ചിരിക്കുന്നത്. അദ്ദേഹം മത്സരങ്ങൾ ജയിപ്പിക്കുക മാത്രമല്ല, ബാറ്റ് പിടിച്ചു ഇറങ്ങി വരുന്നത് കാണുമ്പോൾ തന്നെ എതിർ ടീമുകൾ ഭയന്ന് വിറയ്ക്കുകയും ചെയ്യുമായിരുന്നു.
വിവ് റിച്ചാർഡ്‌സും സഞ്ജു സാംസണും
ടി20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ അസാമാന്യ പ്രകടനത്തെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ വാനോളം പുകഴ്ത്തി. കുട്ടി ക്രിക്കറ്റിലെ തുടർച്ചയായ രണ്ടാമത്തെ കിരീടം നേടാൻ ഇന്ത്യയെ സഹായിച്ച കേരളത്തിന്റെ ഈ താരത്തിന് മേൽ അദ്ദേഹം പ്രശംസ വർഷിച്ചു.
ടൂർണമെന്റിലുടനീളം 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത സഞ്ജുവിനെക്കുറിച്ച് സ്പോർട്സ് സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ ഇങ്ങനെ എഴുതി: "ജോഫ്ര ആർച്ചറുടെ അതിവേഗ പന്തുകളെ സഞ്ജു പുൾ ചെയ്ത രീതി വിവ് റിച്ചാർഡ്‌സിനെ അദ്ദേഹത്തിന്റെ പ്രതാപകാലത്ത് കണ്ടത് പോലെയായിരുന്നു. എന്നിരുന്നാലും സഞ്ജുവിന്റെ മിക്ക ഷോട്ടുകളും ശ്രീലങ്കൻ താരം മഹേല ജയവർധനെയുടെ ശൈലിയോട് സാമ്യമുള്ളതാണ്."
ടി20-യിലെ മികച്ച ക്രിക്കറ്റിംഗ് ഷോട്ടുകൾക്ക് പ്രശംസ
ആധുനിക ബാറ്റിംഗിൽ, പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ ബാറ്റിംഗിലെ പ്യൂരിറ്റി പൊതുവെ കാണാറില്ലെന്നും എന്നാൽ സഞ്ജു പരമ്പരാഗതമായ രീതിയിലൂടെ എങ്ങനെ റൺസ് നേടാം എന്ന് കാണിച്ചുതന്നതായും ഗവാസ്കർ പറഞ്ഞു. ഇത് ഒരു പരിധിവരെ വിരാട് കോഹ്‌ലിയുടെ ശൈലിക്ക് സമാനമാണ്.
"ബാറ്റിംഗിലെ ശുദ്ധി സാധാരണയായി ടെസ്റ്റ് ക്രിക്കറ്റിലും വല്ലപ്പോഴും ഏകദിനത്തിലുമാണ് കാണാറുള്ളത്. എന്നാൽ ടി20 പോലുള്ള അതിവേഗ ഫോർമാറ്റിൽ ഇത് അപൂർവ്വമാണ്. സഞ്ജു നേടിയ മൂന്ന് അർദ്ധസെഞ്ച്വറികളിലും മനോഹരമായ ക്ലാസ്സിക് ഷോട്ടുകൾക്കൊപ്പം അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പുൾ, ഹുക്ക് ഷോട്ടുകളും ഉണ്ടായിരുന്നു," ഗവാസ്കർ കൂട്ടിച്ചേർത്തു.
രണ്ട് ഓപ്പണർമാരും വിശ്വാസം കാത്തുസൂക്ഷിച്ചു
സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്ന് പിന്തുണച്ചതിനോടൊപ്പം തന്നെ, മോശം ഫോമിലായിരുന്നിട്ടും ഇടങ്കയ്യൻ താരം അഭിഷേക് ശർമ്മയെയും ഇന്ത്യ പിന്തുണച്ചു. ഫൈനലിൽ അഭിഷേക് തന്റെ ഫോം വീണ്ടെടുക്കുകയും സഞ്ജുവിനൊപ്പം 43 പന്തിൽ 98 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
"ഫൈനലിൽ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയുമായി അഭിഷേക് തിളങ്ങി. ഏറ്റവും നിർണ്ണായകമായ സമയത്ത് മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് രണ്ട് ഓപ്പണർമാരും ടീം മാനേജ്‌മെന്റ് തങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു," ഗവാസ്കർ പറഞ്ഞു.