T20 WC 2026: സഞ്ജുവിനെ പൂട്ടാൻ സാധിക്കാതിരുന്നത് അയാളെടുത്ത ആ സമീപനം, തുറന്ന് പറഞ്ഞ് മിച്ചൽ സാന്റ്നർ
ടി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനത്തിൽ (46 പന്തിൽ 89) അമ്പരന്ന് നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. ഉഭയകക്ഷി പരമ്പരകളിൽ പലപ്പോഴും പരാജയപ്പെട്ടിരുന്ന സഞ്ജു എങ്ങനെയാണ് ഫൈനൽ പോലുള്ള വലിയൊരു വേദിയിൽ ഇത്രയും മികച്ച രീതിയിൽ ബാറ്റ് വീശിയത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ.
സാന്റ്നറുടെ വാക്കുകൾ:
"മുൻപത്തെ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ആദ്യ പന്ത് മുതൽ തന്നെ ആക്രമിച്ചു കളിക്കാൻ സഞ്ജു മുതിർന്നില്ല. ക്രീസിൽ നിലയുറപ്പിക്കാൻ അദ്ദേഹം കുറച്ച് പന്തുകൾ എടുത്തു. ഒരിക്കൽ ഈ വിക്കറ്റിൽ സെറ്റായിക്കഴിഞ്ഞാൽ പിന്നെ റൺസ് കണ്ടെത്തുക എളുപ്പമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ക്ഷമയാണ് സഞ്ജുവിനെ ഈ വലിയ സ്കോറിലേക്ക് നയിച്ചത്."

സെമി ഫൈനലിലും ഫൈനലിലും സഞ്ജു കാണിച്ച ഈ പക്വതയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് എത്തിച്ചതെന്ന് സാന്റ്നർ സമ്മതിക്കുന്നു. ആദ്യ ഓവറുകളിൽ മാറ്റ് ഹെൻറിയെ ബഹുമാനിച്ചു കളിച്ച സഞ്ജു, പിന്നീട് മിച്ചൽ സാന്റ്നറുടെ സ്പിൻ ഓവറുകളിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്ത സഞ്ജു സാംസൺ ഏവരെയും അതിശയിപ്പിക്കും വിധമാണ് ടി20 ലോകകപ്പ് വേദിയിൽ തന്റെ ബാറ്റിങ് പുറത്തെടുത്തത്. വെറും 5 മത്സരങ്ങളിൽ നിന്നും 321 റൺസാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ടോപ് സ്കോററായി. അത് മൂന്നും നോക്ക് ഔട്ട് മത്സരങ്ങളുടെ ചൂടുള്ള പോരാട്ടങ്ങളായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം. 97 റൺസടിച്ച് പുറത്താകാതെ നിന്ന് വെർച്വൽ ക്വാർട്ടർ ഫൈനലിൽ സഞ്ജു ഇന്ത്യയെ കരയ്ക്കടുപ്പിച്ചു. അന്ന് പരാജയപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പിൽ സെമി കാണാതെ പുറത്തായേനേ. പിന്നീട് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും ഫൈനലിൽ ന്യൂസിലാൻഡിനെതിരെ 89 റൺസും നേടി സഞ്ജു ഇന്ത്യയുടെ ഹീറോയായി.
ഹാപ്പി ഫോർ യു ചേട്ടാ എന്നായിരുന്നു വിരാട് കോഹ്‍ലി സഞ്ജുവിനായി ഇൻസ്റ്റയിൽ സ്റ്റോറി പങ്കുവെച്ചത്. ഏറ്റവും അർഹിച്ച ആളുടെ കയ്യിൽ തന്നെ ഈ പുരസ്കാരം വന്നതിൽ സന്തോഷിക്കുന്നു എന്നും വിരാട് കോഹ്‍ലി കൂട്ടിച്ചേർത്തു. അതുകൂടാതെ, നിരവധി പ്രമുഖരായ ക്രിക്കറ്റ് താരങ്ങൾ സഞ്ജുവിന് ആശംസകളുമായി രംഗത്ത് വന്നു. സെവാഗിനെയും രോഹിത് ശർമ്മയെയും ഒരുമിച്ച് കാണുന്ന ഫീലായിരുന്നു അവൻ ബാറ്റ് ചെയ്യുമ്പോൾ കിട്ടിയിരുന്നത് എന്നായിരുന്നു മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ കുറിച്ചത്. സഞ്ജുവിന് എന്തെല്ലാം ചെയ്യാനാകും എന്നതിനെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നും സമയമാകുമ്പോൾ ആ കഴിവ് അവൻ പുറത്തെടുത്തു എന്നുമായിരുന്നു നായകൻ സൂര്യകുമാർ യാദവ് സഞ്ജുവിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. മറ്റാരും ആകാൻ സഞ്ജു ശ്രമിക്കേണ്ടതില്ല, അവൻ ദി സഞ്ജു സാംസൺ എന്ന പേരിൽ അറിയപ്പെടട്ടെ എന്ന് കോച്ച് ഗൗതം ഗംഭീറും പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications