ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ പുറത്തിരുന്ന ശേഷം സൂപ്പര്‍ എട്ടിലെ നിര്‍ണായക ഘട്ടത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ഇലവനിലേക്കു തിരികെ വിളിക്കാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തി കോച്ച് ഗൗതം ഗംഭീര്‍. ഗ്രൂപ്പുഘട്ടത്തിലെ നാലു കളിയില്‍ ഒന്നില്‍ മാത്രമേ മലയാളി താരം ഇറങ്ങിയുള്ളു. അഭിഷേക് ശര്‍മയുടെ അസുഖം കാരണമായിരുന്നു ഇത്.
അതിനു ശേഷം സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഡു ഓര്‍ ഡൈ മാച്ചിലാണ് ഓപ്പണറായി സഞ്ജു പ്ലെയിങ് ഇലവനിലേക്കു തിരികെയെത്തിയത്. പിന്നീട് സംഭവിച്ചത് ചരിത്രമാണ്. ഫൈനലിലുള്‍പ്പെടെ അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളിലും 80 പ്ലസ് റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി.

ലോകകപ്പില്‍ സഞ്ജു സാംസണ്‍ കളിക്കാതിരുന്ന മല്‍സരങ്ങളില്‍ അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. വണ്‍ഡൗണായി മൂന്നാം നനമ്പറില്‍ തിലക് വര്‍മയും ഇറങ്ങി. ഈ മൂന്നു പേരും ഇടംകൈയന്‍ ബാറ്റര്‍മാരായതിനാല്‍ എതിര്‍ ടീമുകള്‍ക്കു പ്ലാസിങ് എളുപ്പമായി. ഓഫ് സ്പിന്നര്‍മാരെ തുടക്കത്തില്‍ പരീക്ഷിച്ച് ഇവരെ പൂട്ടാന്‍ എതിരാളികള്‍ക്കു സാധിക്കുകയും ചെയ്തു.

ഈ ഓഫ്‌സ്പിന്‍ ഭീഷണി മറികടക്കാനാണ് ഇഷാനെ മൂന്നിലേക്കും തിലകിനെ ഫിനിഷിങിലേക്കും മാറ്റി സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ ഓഫ് സ്പിന്‍ ഭീഷണി കാരണമൊന്നുമല്ല സഞ്ജുവിനെ ഇലവനിലേക്കു തിരികെ വിളിച്ചതെന്നാണ് ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫ്‌സ്പിന്നറെ മറുഭാഗത്ത് മാനേ് ചെയ്യുന്നതിനായല്ല സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിച്ചത്. നമ്മുടെ മുന്‍നിര ബാറ്റിങിനു കൂടുതല്‍ മുര്‍ച്ച നല്‍കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം. ആദ്യത്തെ ആറോവറില്‍ കൂടുതല്‍ അഗ്രസീവാകാന്‍ കഴിയുമോയെന്നും ഞങ്ങള്‍ ആലോചിച്ചു.
സഞ്ജുവിനു എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു നമുക്കറിയാം. അദ്ദേഹത്തിന്റെ കഴിവിന്റെയും ആക്രമണോത്സുകതയുടെയും കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കുമില്ല. സഞ്ജു നല്ല രീതിയില്‍ ബാറ്റിങില്‍ മുന്നോട്ടുപോയാല്‍ ആറോവറില്‍ തന്നെ കളി ജയിപ്പിക്കാനും കഴിയും.

അഭിഷേക് ശര്‍മ, സഞ്ജു, ഇഷാന്‍ കിഷന്‍ എന്നിവര്‍ നിങ്ങളുടെ ടോപ്പ് ത്രീയില്‍ കളിക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. അതിനു ശേഷം സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരുമുണ്ട്. നിങ്ങള്‍ക്കു 11ല്‍ ഇതില്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടാനുമില്ല.
മൂന്ന് ഇടംകൈയന്‍ ബാറ്റര്‍മാര്‍ നമ്മുടെ ടോപ്പ് ത്രീയിലുണ്ടായത് കാരണം അതു ബ്രേക്ക് ചെയ്യുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ കൊണ്ടുന്നതെന്നു ഒരുപാട് ആളുകള്‍ വാദിച്ചേക്കും. പക്ഷെ അതല്ല കാരണമെന്നാണ് എനിക്കു പറയാനുള്ളത്.
ഒരു കഴിവുറ്റ ബാറ്റര്‍ ഏതു തരത്തിലുള്ള ബൗളിങിനെതിരേയും നന്നായി കളിക്കാന്‍ സാധിക്കുന്നയാളായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഓഫ് സ്പിന്നറോ, ഇടംകൈയന്‍ സ്പിന്നറോ ആരുമാവട്ടെ.
അതുകൊണ്ടു തന്നെ സഞ്ജുവിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ആക്രണോത്സുകത, അനുഭവസമ്പത്ത്, അതിനേക്കാളെല്ലം പ്രധാനമായി ടീമിലുണ്ടാക്കുന്ന ഇംപാക്ട് എന്നിവയെല്ലാം പരിഗണിച്ചാണ് ഇലവനില്‍ അവസരം നല്‍കിയതെന്നും ഗംഭീര്‍ വിശദമാക്കി.

സിംബാബ്‌വെയുമായുള്ള മല്‍സരത്തിനു മുമ്പ് ജിമ്മില്‍ വച്ചാണ് ഇന്ത്യന്‍ ഇലവനിലേക്കു തിരിച്ചെത്തുമെന്ന കാര്യം സഞ്ജു സാംസണിനോടു താന്‍ പറഞ്ഞതെന്നും ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.
ജിമ്മില്‍ വച്ച് ഞങ്ങള്‍ ഒരുമിച്ച് വ്യായാമം ചെയ്യവെയാണ് നാളത്തെ കളിയില്‍ നീ കളിക്കുമെന്നു ഞാന്‍ സഞ്ജുവിനോടു പറഞ്ഞത്. അതു വന്നോട്ടെയെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

ഞങ്ങള്‍ ടീമില്‍ ആ തരത്തില്‍ വളരെ കാഷ്വലായാണ് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ളത്. ഹെഡ് കോച്ചും കളിക്കാരും തമ്മിലുള്ള ബന്ധമല്ല ഞങ്ങള്‍ക്കിടയിലുള്ളത്.
ടീമിലെ ഭൂരിഭാഗം ചര്‍ച്ചകളും നടക്കാറുളളത് പരിശീലന സെഷനുകളിലാണ്. കൂടുതലും ഓരോരുത്തരുമായി വ്യക്തിപരമായാണ് കാര്യങ്ങള്‍ സംസാരിക്കാറുമുള്ളത്. പലപ്പോഴും ഇത്തരം മീറ്റിങുകള്‍ പത്തു മിനിറ്റ് മാത്രമേ ഉണ്ടാവാറുള്ളൂയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.