സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം ആരാവും പുതിയ ക്യാപ്റ്റനായി വരികയെന്നതാണ്. സൂര്യ ഇപ്പോള്‍ 35ാം വയസിലേക്കു കടന്നിരിക്കുകയാണ്. 2028ലെ അടുത്ത ലോകകപ്പ് വരെയും അദ്ദേഹത്തിനു നായകസ്ഥാനത്തു തുടരാന്‍ സാധിക്കുമോയെന്നതും സംശയമാണ്.
ഇത്തവണ ടീം ലോക ചാംപ്യന്‍മാരായ ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം 2024ലെ കഴിഞ്ഞ ലോകകപ്പ് നേട്ടത്തിനു പിറകെ അദ്ദേഹത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായന്‍ വിരാട് കോലിയും കളി മതിയാക്കിയിരുന്നു.

അത്തരമൊരു തീരുമാനമൊന്നും സൂര്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. മാത്രമല്ല 2028ലെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്താക്കി കഴിഞ്ഞു.
പക്ഷെ പ്രായവും ഇപ്പോഴത്തെ മോശം ഫോമുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സൂര്യയെ ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും മാറ്റിയേക്കുകയും. അതിനിടെ ടി20 ടീമിന്റെ പുതിയ നായകനായി സഞ്ജു സാംസണ്‍ വന്നേക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്.

2028ലെ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകനായി സഞ്ജു സാംസണ്‍ വന്നേക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഹമ്മദ് കൈഫ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം മലയാളി താരത്തെ പിന്തുണച്ച് സംസാരിച്ചത്. സഞ്ജു നായകസ്ഥാനത്തേക്കു വരേണ്ടതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആരാവും ഇന്ത്യന്‍ ക്യാപ്റ്റനെന്നത് ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ഈ റോളിലേക്കു സഞ്ജു സംസണും ഒരു ഓപ്ഷന്‍ തന്നെയാണ്. എന്തുകൊണ്ട് അദ്ദേഹത്തിന് ക്യാപ്റ്റനാവാന്‍ കഴിയില്ല? ഒരു ക്യാപ്റ്റനാവേണ്ടയാള്‍ ലോക കണ്ടവനായിരിക്കണം.

ബൗളിങ് മാറ്റങ്ങള്‍ നപ്പാക്കുന്നയാളും പെര്‍ഫെക്ട് പ്ലെയിങ് ഇലവനെ ഇറക്കുന്നയാളും ഫോമില്ലാത്ത താരങ്ങളെ പിന്തുണയ്ക്കുന്നവനുമായിരിക്കണം. ഈ ലോകകകപ്പില്‍ അഭിഷേക് ശര്‍മയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും കാര്യത്തില്‍ ചെയ്തതും ഇതാണെന്നു കൈഫ് വിശദാക്കി.
ഈ കാര്യങ്ങളെല്ലാം സംഭവിക്കുമെന്നു ഒരു ക്യാപ്റ്റന്‍ അറിയണം. അവര്‍ ഇതിലൂടെ സ്വയം കടന്നു പോയിട്ടുണ്ടാവണം. ഈ ചെറിയ കാര്യങ്ങളെല്ലാം അവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുകയും വേണം. അതുകൊണ്ടു തന്നെ സഞ്ജു നായകസ്ഥാനത്തക്കു ഉറപ്പായും ഒരു ഓപ്ഷനായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
എങ്കിലും സൂര്യകുമാര്‍ യാദവ് നന്നായി കളിച്ചുകൊണ്ടിരുന്നാല്‍ അദ്ദേഹം ക്യാപ്റ്റനായി തന്നെ കുറേക്കാലം കൂടി തുടര്‍ന്നേക്കുകയും ചെയ്യും. നിങ്ങള്‍ ഫിറ്റാണെങ്കില്‍ 38-39 വയസ്സ് വരെ കളിക്കാനും സാധിക്കുമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
നായകമായി ടീമിനെ നയിച്ച അനുഭവ സമ്പത്തും ഇപ്പോള്‍ സഞ്ജു സാംസണിനുണ്ടെന്നു മുഹമ്മദ് കൈഫ് പറയുന്നു. 2021 മുതല്‍ 2025 വരെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

2022ല്‍ സഞ്ജുവിനു കീഴില്‍ ടീം റണ്ണറപ്പാവുകയും ചെയ്തു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലമായി കേരളാ ടീമിനെയും നയിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്.
ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനാവണമെങ്കില്‍ നിങ്ങള്‍ക്കു കൂടുതല്‍ അനുഭവസമ്പത്ത് ആവശ്യമാണ്. നായകമായി പരിചയമുള്ളവര്‍ക്കായിരിക്കും എല്ലായ്‌പ്പോഴും കൂടുതല്‍ മുന്‍തൂക്കവും ലഭിക്കുക.സൂര്യകുമാര്‍ യാദവ് ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞാല്‍ ആ റോളിലേക്കു വരാന്‍ സഞ്ജു സാംസണിനു സാധിക്കും.

അദ്ദേഹം ഐപിഎല്ലില്‍ ഒരുപാട് ക്യാപ്റ്റനായിട്ടുള്ളയാളാണ്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. സഞ്ജുവിന് ഇപ്പോള്‍ 31 വയസ്സായിട്ടേയുള്ളൂ. ചിലപ്പോള്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായേക്കുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ ടി20 ക്യാപ്റ്റന്റെ കാര്യത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. നിലവില്‍ അക്ഷര്‍ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പക്ഷെ അദ്ദേഹത്തെ നായകസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള സാധ്യത തീരെ കുറവുമാണ്.