കറാച്ചി: തുടര്‍ച്ചയായി രണ്ടാം ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയ ടീം ഇന്ത്യയെ വാനോളം പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ കൃത്യമായ പ്ലാനിങും താരസമ്പത്തും തയ്യാറെടുപ്പുകളുമെല്ലാം ഈ നേട്ടത്തില്‍ നിര്‍ണായകമായി മാറിയെന്നാണ് മുന്‍ വിദേശ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിലയിരുത്തുന്നത്. ഇന്ത്യയെ പ്രശംസിച്ചവരുടെ കൂട്ടത്തില്‍ പാകിസ്താന്റെ മുന്‍ ക്രിക്കറ്റര്‍ ബാസിത് അലിയുമുണ്ട്.

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നേരത്തേ സ്ലോഗറെന്നും യാതൊരു ബാറ്റിങ് ടെക്‌നിക്കും ഇല്ലാത്തവനുമെന്നും മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഷേകിനെ പോലെ ഒരാളെങ്കിലും പാകിസ്താനിലുണ്ടോയെന്നാണ് ആമിറിന്റെ പേരെടുത്ത് പറയാതെ അലി തുറന്നടിച്ചത്.

പാകിസ്താന്‍ ചാനലായ എആര്‍വൈ ന്യൂസിന്റെ ലോകകപ്പ് ഷോയില്‍ സംസാരിക്കവെയാണ് അഭിഷേക് ശര്‍മയെയും ഇന്ത്യന്‍ ടീമിനെയുമെല്ലാം പ്രശംസിച്ച് കോണ്ട് ബാസിത് അലി സംസാരിച്ചത്. മോശം ഫോമിലായിട്ടും അഭിഷേകിനെ ഫൈനനിലും നിലനിര്‍ത്തിയതിനെയും അദ്ദേഹം അഭിനന്ദിച്ചു.
അഭിഷേക് ശര്‍മ ബാറ്റിങില്‍ തങ്ങളുടെ പ്രധാന ആയുധമാണെന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു അറിയാം. ടൂര്‍ണമെന്റില്‍ തുടക്കത്തിലെ മൂന്നു കളിയില്‍ താരം
ഡെക്കായിട്ടുണ്ടാവും. പക്ഷെ ഫോമെന്നത് താല്‍ക്കാലികവും ക്ലാസെന്നത് സ്ഥിരവുമാണ്.

അഭിഷേകിനെ പോലെയൊരു ക്ലാസ് പ്ലെയറെ ചിലര്‍ മറ്റൊരു പേര് വിളിക്കുന്നുണ്ടെങ്കില്‍ അതു എന്നെ ദുഖിപ്പിക്കുന്നുമെന്നും സ്ലോഗറെന്നു പരിഹസിച്ച മുഹമ്മദ് ആമിറിന്റെ പേരെടുത്ത് പറയാതെ അലി വിശദമാക്കി.
അഭിഷേക് ശര്‍മയയെപ്പോലെ രണ്ട്-മൂന്ന് കളിക്കാര്‍ പാകിസ്താനില്‍ ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ച് പോവുകയാണെന്നും മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് ആങ്കറായ ഷോയില്‍ ബാസിത് അലി തുറന്നു പറഞ്ഞു.
നിങ്ങള്‍ നോക്കൂ, ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ ആദ്യത്തെ ആറോവറില്‍ തന്നെ 92 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. മല്‍സരത്തെ അവര്‍ തീര്‍ത്തും ഏകപക്ഷീയമാക്കി മാറ്റുകയും ചെയ്തു. എന്തുകൊണ്ടാണ് നമുക്ക് (പാകിസ്താന്‍) ഈ തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത്?

ഇന്ത്യ ഇപ്പോള്‍ തന്നെ അടുത്ത ടൂര്‍ണമെന്റിനുള്ള പ്ലാനിങ് തുടങ്ങിയിട്ടുണ്ടാവും. 50 ഓവറുകളുള്ള അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനെ കുറിച്ചായിരിക്കും ഇന്ത്യ ആലോചിക്കുന്നത്. നമ്മള്‍ ഇവിടെ ആഭ്യന്തര ക്രിക്കറ്റില്‍ ടി20കള്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് പാകിസ്താന്‍ ക്രിക്കറ്റിന്റെ സമീപനം.

നമ്മുടെ ക്രിക്കറ്റ് മെച്ചപ്പെടുത്താനോ, വലിയ ഇവന്റുകള്‍ക്കായി തയ്യാറെടുക്കാനോയുള്ള യാതൊരു ശ്രമവും നടകരുന്നില്ല. പകരം ഇന്ത്യ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നുമെല്ലാം വിലപിച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ ക്രിക്കറ്റ് സംവിധാനം ആദ്യം ശരിയാക്കാന്‍ നോക്കൂ. ഇന്ത്യയെ പോലെ ആവാന്‍ ശ്രമിക്കൂ, ഇന്ത്യന്‍ ടീമിനെ പോലെ പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കൂയെന്നു അലി തുറന്നടിക്കുകയും ചെയ്തു.
അതേസമയം, വലിയ വീരവാദവുമായത്തിയ പാകിസ്താന്‍ ഈ ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ തന്നെ തോറ്റു പുറത്താവുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോടു വീണ്ടും നാണംകെട്ട തോല്‍വിയേറ്റു വങ്ങിയ അവര്‍ സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കു പിന്നിലായി മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് സെമി കാണാതെ പുറത്തായത്.