വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയ്ക്കു വീണ്ടും തോല്‍വി, മിന്നും വിജയവുമായി ഡല്‍ഹി ഒന്നാമത്

44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം

ദുബായ്: ഐപിഎല്ലില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പിഴച്ചു. ഏഴാം മല്‍സരത്തില്‍ ഈ സീസണിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സിഎസ്‌കെയെ കെട്ടുകെട്ടിച്ചത്. 44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. ഇതോടെ ശ്രേയസ് അയ്യരുടെ ടീം പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി മൂന്നു വിക്കറ്റിന് 175 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഒരിക്കല്‍പ്പോലും ഡല്‍ഹി നല്‍കിയ റണ്‍റേറ്റിന് അടുത്തെത്താന്‍ സാധിക്കാതിരുന്ന സിഎസ്‌കെ ഇന്നിങ്‌സ് തുടങ്ങിയതു പോലെ തന്നെ ഒരേ താളത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു. ഏഴു വിക്കറ്റിനു 131 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാന്‍ കഴിഞ്ഞത്. ഈ സീസണിലെ ഏറ്റവും വിരസമായ മല്‍സരം കൂടിയായിരുന്നു ഇത്.

43 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട ഡുപ്ലെസിയുടെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളാണ്ടായിരുന്നത്. കേദാര്‍ ജാദവ് (26), ക്യാപ്റ്റന്‍ എംഎസ് ധോണി (15), ഷെയ്ന്‍ വാട്‌സന്‍ (14), രവീന്ദ്ര ജഡേജ (12), മുരളി വിജയ് (10), റുതുരാജ് ഗെയ്ക്വാദ് (5) എന്നിവരെല്ലാാം ബാറ്റിങില്‍ നിരാശപ്പെടുത്തി. സിഎസ്‌കെയുടെ ഇന്നിങ്‌സില്‍ ഒരേയൊരു സിക്‌സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാദ മൂന്നും ആന്റിച്ച് നോര്‍ട്ടെ രണ്ടും വിക്കറ്റ് നേടി. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സിഎസ്‌കെയുടെ വീക്ക്‌നെസുകള്‍ തുറന്നുകാണിക്കപ്പെട്ട മല്‍സരമായിരുന്നു ഇത്. സുരേഷ് റെയ്‌നയടക്കമുള്ള സീനിയര്‍ താരങ്ങളെ സിഎസ്‌കെ എത്ര മാത്രം മിസ്സ് ചെയ്യുന്നതായി ഈ കളിയും തെളിയിച്ചു. റെയ്‌ന മാത്രമല്ല അമ്പാട്ടി റായുഡു, ഹര്‍ഭജന്‍ സിങ്, ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരും സിഎസ്‌കെ നിരയില്‍ ഇല്ലായിരുന്നു.

നേരത്തേ ഓപ്പണര്‍ പൃഥ്വി ഷായുടെ (64) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 43 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റിഷഭ് പന്ത് (37*), ശിഖര്‍ ധവാന്‍ (35), നായകന്‍ ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മികച്ച തുടക്കമായിരുന്നു പൃഥ്വിയും ധവാനും ചേര്‍ന്നു ഡല്‍ഹിക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സെടുത്തിരുന്നു. രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയായിരുന്നു സിഎസ്‌കെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.

മികച്ച തുടക്കം

മികച്ച തുടക്കം

പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. 2016നു ശേഷം ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്.പൃഥ്വിയായിരുന്നു കൂടുതല്‍ അപകടകാരി. ദീപക് ചഹറിന്റെ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് തന്നെ ബൗണ്ടറിയിലേക്കു പറത്തി പൃഥ്വി തന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. കവറിലൂടെ വെടിയുണ്ട കണക്കെയായിരുന്നു പൃഥ്വിയുടെ ബാറ്റില്‍ നിന്നും പന്ത് ബൗണ്ടറി ലൈന്‍ കടന്നത്.തൊട്ടടുത്ത പന്തിലും മറ്റൊരു മനോഹരമായ ഷോട്ട്. അതും ഫലം ഒന്നുതന്നെ.

പിയൂഷ് ചൗള, രവീന്ദ്ര ജഡേജ , സാം കറെന്‍ തുടങ്ങി ബൗള്‍ ചെയ്തവരെല്ലാം പൃഥ്വിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 11ാം ഓവറിലെ നാലാമത്തെ പന്തില്‍ ചൗളയാണ് സിഎസ്‌കെയ്ക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ധവാനായിരുന്നു ഇര. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ധവാന് ടൈമിങ് പിഴച്ചപ്പോള്‍ നേരെ പതിച്ചത് പാഡുകളിലായിരുന്നു. 27 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 35 റണ്‍സാണ് ധവാന്‍ നേടിയത്.

പൃഥ്വിയും വീണു

പൃഥ്വിയും വീണു

ഫിഫ്റ്റി തികച്ച് മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന പൃഥ്വിയായിരുന്നു രണ്ടാമതായി ക്രീസ് വിട്ടത്. അമിതാവേശം താരത്തിനു വിനയാവുകയായിരുന്നു. ചൗള തന്നെയായിരുന്നു ഈ വിക്കറ്റുമെടുത്തത്. ക്രീസില്‍ നിന്നും പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച പൃഥ്വിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.
ബാറ്റിന് അരികില്‍ തട്ടി പിന്നിലേക്കു വീണ പന്ത് ധോണി അസാമാന്യ മെയ്‌വഴക്കത്തോടെ സ്റ്റംപിലേക്ക് കൊള്ളിക്കുമ്പോള്‍ പൃഥ്വി ക്രീസീനു പുറത്തു തന്നെയായിരുന്നു.

ശ്രേയസ്- പന്ത് കൂട്ടുകെട്ട്

ശ്രേയസ്- പന്ത് കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ ശ്രേയസ്- റിഷഭ് പന്തും ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡല്‍ഹിയുടെ നില ഭദ്രമായി. 58 റണ്‍സാണ് ടീം സ്‌കോറിലേക്കു ഇരുവരും കൂട്ടിച്ചേര്‍ത്തത്. 19ാം ഓവറിലെ അവസാന പന്തിലായിരുന്നു ശ്രേയസ് മടങ്ങിയത്. സാം കറെന്റെ ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്ത് ശ്രേയസിന്റെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ചപ്പോള്‍ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ധോണി പിടിയിലൊതുക്കുകയായിരുന്നു. 25 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 35 റണ്‍സുമായി റിഷഭ് പന്തും അഞ്ചു റണ്ണുമായി മാര്‍ക്കസ് സ്റ്റോയ്ണിസും പുറത്താവാത നിന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു പകരം ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് കളിച്ചു. ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ആര്‍ അശ്വിനു പകരം അമിത് മിശ്രയും മോഹിത് ശര്‍മയ്ക്കു പകരം ആന്റിച്ച് നോര്‍ട്ടെയും ടീമിലെത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലെസി, സാം കറെന്‍, റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ്, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ദീപക് ചഹര്‍, പിയൂഷ് ചൗള.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയ്ണിസ്, അക്ഷര്‍ പട്ടേല്‍, കാഗിസോ റബാദ, അമിത് മിശ്ര, ആന്റിച്ച് നോര്‍ട്ടെ, ആവേശ് ഖാന്‍.

Story first published: Friday, September 25, 2020, 23:23 [IST]
Other articles published on Sep 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X