'അവന്റെ ബാറ്റിങ് ഗില്ലിയെ പോലെ', സഞ്ജുവിന്റെ വെടിക്കെട്ടിൽ അമ്പരന്ന് ഹെയ്ഡൻ; മലയാളി താരം വേറെ ലെവൽ!
ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ പ്രകടനം ആർക്കും മറക്കാനാകുന്ന ഒന്നല്ല. ഇന്ത്യൻ ആരാധകർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് അദ്ദേഹത്തിന്റെ ഫോം നൽകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. 2007-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ് നടത്തിയ താണ്ഡവത്തിന് സമാനമാണ് ഈ ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ സഞ്ജു പുറത്തെടുത്ത പ്രകടനമെന്ന് ഹെയ്ഡൻ നിരീക്ഷിച്ചു.
ഗിൽക്രിസ്റ്റിന്റെ 2007-ഉം സഞ്ജുവിന്റെ 2026-ഉം!
ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജു, പിന്നീട് ലഭിച്ച അവസരം മുതലാക്കി ഹാട്രിക് അർദ്ധസെഞ്ച്വറികളുമായാണ് (സെമിയിലും ഫൈനലിലും 89 റൺസ് വീതം) കളം വിട്ടത്. "ഗില്ലി 2007 ലോകകപ്പിന്റെ തുടക്കത്തിൽ അത്ര ഫോമിലായിരുന്നില്ല. എന്നാൽ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ അദ്ദേഹം കൊടുങ്കാറ്റായി മാറി. സഞ്ജുവും അതുപോലെ തന്നെയാണ്. ടൂർണമെന്റിന്റെ പകുതി വരെ പുറത്തിരുന്നിട്ടും അവസരം കിട്ടിയപ്പോൾ അദ്ദേഹം കത്തിക്കയറി. സഞ്ജുവിന്റെ അനായാസമായ സിക്സറുകൾ എന്നെ ഗില്ലിയെയാണ് ഓർമ്മിപ്പിച്ചത്," ഹെയ്ഡൻ പറഞ്ഞു.

സഞ്ജു ടോപ് ഓർഡറിലുള്ളത് ടീമിന് വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് മത്സരങ്ങളിൽ നിന്ന് 80-ന് മുകളിൽ ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ടൂർണമെന്റിലെ താരം. ഇതുപോലെ നിരവധി മഹാരധന്മാർ സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സഞ്ജുവിന്റെ പോരാട്ടവീര്യവും അനായാസമായ ബാറ്റിങ്ങ് ശൈലിയും ക്രിക്കറ്റ് ഇതിഹാസം വിവയൻ റിച്ചർഡ്സിനെ ഓർമ്മിപ്പിച്ചുവെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറും അഭിപ്രായപ്പെട്ടിരുന്നു.
സമ്മർദ്ദത്തിന് മുന്നിൽ തളരാത്ത ഗംഭീർ
ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ഹെയ്ഡൻ പ്രശംസിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ തിരിച്ചടികൾക്ക് ശേഷം കടുത്ത സമ്മർദ്ദത്തിലായിരുന്ന ഗംഭീറിന് ഈ ലോകകപ്പ് വിജയം വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. "അദ്ദേഹം എപ്പോഴും ചിരിക്കുന്ന ഒരു വ്യക്തിയൊന്നുമല്ല, ഒരുപക്ഷേ മുഖത്തൊരു ചെറിയ പുഞ്ചിരി വന്നേക്കാം. പക്ഷേ ഈ ടീമിനെ അദ്ദേഹം മികച്ച രീതിയിൽ നയിച്ചു. വലിയ സമ്മർദ്ദങ്ങൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ഗംഭീറിനും ടീമിനും വലിയ നിമിഷമാണ്," ഹെയ്ഡൻ വ്യക്തമാക്കി. ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി കിരീടമാണിത്. നേരത്തെ 2025-ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടിരുന്നു.
2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തും കോഹ്‍ലിയും ജഡേജയുമെല്ലാം പടിയിറങ്ങിയപ്പോൾ, രാഹുൽ ദ്രാവിഡിന് പകരക്കാരനായി വന്ന ഗംഭീർ ഇന്ത്യയെ ഏറ്റവും മികച്ച ഒരു ടി20 ടീമാക്കി മാറ്റുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications