ടി20 ലോകകപ്പിനിടെ താന്‍ കടന്നു പോയിട്ടുള്ള മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മാനസികമായി താന്‍ ഏറെ തകര്‍ന്നിരുന്നതായി വെളിപ്പെടുത്തിയ അദ്ദേഹം ഇതില്‍ നിന്നും കരകയറിയതിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ്.
ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ അതിഥിയായി എത്തിയ ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. ടൂര്‍ണമെന്റില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. ഫൈനലിലുള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു മല്‍സസരങ്ങളില്‍ 85ന് മുകളില്‍ റണ്‍സും സഞ്ജു അടിച്ചെടുത്തു.

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. അഭിഷേക് ശര്‍മയുടെ അസുഖമായിരുന്നു ഇതിനു കാരണം. പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സമയങ്ങളില്‍ മാനസികമായി താന്‍ തകര്‍ന്നു പോയിരുന്നെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിരിക്കുന്നത്.

'ലോകകപ്പില്‍ കളിക്കുകയെന്ന എന്റെ സ്വപ്‌നം തൊട്ടരികെ ആയതിനാല്‍ ഞാന്‍ ശരിക്കും അതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ ടീം അപ്പോഴും ചില കോമ്പിനേഷനുകള്‍ പരീക്ഷിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അതിലുണ്ടാവുമോ, ഇല്ലേ എന്നു തോന്നിത്തുടങ്ങുകയും ചെയ്തു. എന്റെ മനസിലൂടെ ആ സമയത്തു കടന്നുപോയത് ഈ തരത്തിലുള്ള സംശയങ്ങളായിരുന്നു.
ലോകകപ്പ് നേടുകയെന്നതായിരുന്നു എന്റെ സ്വപ്നം. പക്ഷെ പ്ലെയിങ് ഇലവനില്‍ പോലും ഇല്ലെന്നറിഞ്ഞപ്പോള്‍ മാനസികമായി ഞാന്‍ ശരിക്കും തകര്‍ന്നുപോയി. അഞ്ച്- ആറ് ദിവസങ്ങളോളം ഞാന്‍ ആകെ ഡൗണായിരുന്നു.
അതിനു ശേഷം ഞാന്‍ സ്വയം എന്നെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗെയിം എന്തായിരിക്കും നിങ്ങള്‍ക്കു തിരികെ തരാന്‍ പോവുന്നതെന്ന് ഒരിക്കലും അറിയാത്തതിനാല്‍ ഞാന്‍ സ്വയം തയ്യാറെടുക്കാനും തുടങ്ങി'- സഞ്ജു മനസ്സ് തുറന്നു.
സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയോടു 76 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ബാറ്റിങ് കോമ്പിനേഷനില്‍ മാറ്റം വരുത്താനും സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ വിളിക്കാനും ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഈ നീക്കം പിന്നീട് മാസ്റ്റര്‍സ്‌ട്രോക്കായി മാറുകയും ചെയ്തു.

ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി ആരുമായും മല്‍സരിക്കാന്‍ ആഗ്രഹമില്ലെന്നും തനിക്കു ഒട്ടും പറ്റാത്ത കാര്യമാണ് അതെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. ലോകകപ്പിനു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ അതാണ സംഭവിച്ചതെന്നും സ്വന്തം പ്രകടനത്തെയും ഇതു ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
സ്വന്തം നേട്ടത്തിനായി എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ മറ്റുള്ളവരുടെ നേട്ടത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. ന്യൂസിലാന്‍ഡുമായുള്ള ആ പരമ്പരയില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി ഞാന്‍ കൂടെയുള്ളവരുമായി മല്‍സരിച്ചു. എനിക്കു അതു അത്ര സുഖകരവുമായിരുന്നില്ല- സഞ്ജു വ്യക്തമാക്കി.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു തന്നില്‍ വിശ്വാസമുണ്ടെന്നു ടി20 ലോകകപ്പിനിടെ ഉറപ്പായിരുന്നുവെന്നു സഞ്ജു സാംസണ്‍ പറയുന്നു. സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ കളിയില്‍ വലിയ സ്‌കോറൊന്നും നേടാന്‍ കഴിയാതെ പുറത്തായെങ്കിലും ടീം മാനേജ്‌മെന്റ് പിന്തുണട്ക്കുമെന്നു അറിയാമായിരുന്നെന്നു അദ്ദേഹം തുറന്നു പറഞ്ഞു.

ടീം മാനേജ്‌മെന്റിന് എന്നില്‍ വിശ്വാസമുണ്ടെന്ന് അറിയാമായിരുന്നു. എന്നില്‍ നിന്നും ടീം എന്താണ് ആഗ്രഹിക്കുന്നതെന്നു ലോകകപ്പിന്റെ സമയത്ത് അറിയാമായിരുന്നു. എന്റെ മനസില്‍ സംഭവിച്ച മാനസികാവസ്ഥയിലെ മാറ്റവും അതായിരുന്നു.
സിംബാബ്‌വെയുമായുള്ള കളി മുതല്‍ കിരീടത്തിലേക്കു ഞങ്ങള്‍ക്കു തുടര്‍ച്ചയായി നാലു കളികള്‍ ജയിക്കണം, ടീമിന എന്നെ ആവശ്യവുമുണ്ട്. അപ്പോഴാണ് ഞാന്‍ വളരെ പോസിറ്റീവായി മാറിയത്. ഇതു വളരെ ഉല്‍സാഹഭരിതനാക്കുകയും ചെയ്തുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.