ടി20 ലോകകപ്പ് കിരീട വിജയമെന്ന ലക്ഷ്യം പൂര്‍ത്തിയായി കഴിഞ്ഞതോടെ ടീം ഇന്ത്യ അടുത്ത ദൗത്യത്തിനു വേണ്ടിയുള്ള പടയൊരുക്കം തുടങ്ങുകയാണ്. അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരാവുകയാണ് ബെന്‍ ഇന്‍ ബ്ലൂവിന്റെ അടുത്ത ചാലഞ്ച്.
ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരകളെല്ലാം ഇതിനുള്ള റിഹേഴ്‌സല്‍ കൂടിയായിട്ടാണ് ടീം കാണുന്നത്. ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതിനൊപ്പം ഏകദിനത്തില്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യങ്ങളും തിരിച്ചറിയേണ്ടതും പ്രധാനമാണ്. കൂടാതെ മികച്ച ബാക്കപ്പുകളെയും തയ്യാറാക്കി നിര്‍ത്തുകയും വേണം.

നിലവിലെ ഏകദിന സെറ്റപ്പില്‍ ചില വമ്പന്‍ അഴിച്ചുപണികള്‍ ഉടനെയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മൂന്നു സൂപ്പര്‍ താരങ്ങളുടെ ടീമിലെ സ്ഥാനം ഇതോടെ തെറിച്ചേക്കുമെന്നുമാണ് വിവരം. ടീമില്‍ വരാനിരിക്കുന്ന ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാവുമെന്നു നോക്കാം.

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് മാത്രമല്ല, ദീര്‍ഘകാലത്തേക്കുള്ള ടീം പ്ലാനാണ് ഇന്ത്യ തയ്യാറക്കുന്നത്. ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി.
ഈ മാസം അവസാനത്തോടെ ഐപിഎല്‍ ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ ജൂണ്‍ വരെ ഇനി ഇന്ത്യക്കു അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും തന്നെയില്ല. ഐപിഎല്‍ കഴിഞ്ഞയുടന്‍ ചില കടുപ്പമേറിയ തീരുമാനങ്ങള്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഏകദിന പ്ലാനുകളുടെ ഭാഗമായ മൂന്നു വമ്പന്‍ താരങ്ങള്‍ക്കു ഇതോടെ ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്യും. സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, വെറ്ററന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ കരിയറുകളാണ് ഇപ്പോള്‍ ഭീഷണിയിലുള്ളത്.
ജഡേജയുടെ ഏകദിന കരിയര്‍ ഇതിനകം തന്നെ അവസാനിച്ചു കഴിഞ്ഞെന്നാണ് വ്യക്തമാവുന്നത്. ഇന്ത്യക്കു വേണ്ടി അദ്ദേഹം ഇതിനകം അവസാന ഏകദിനം കളിച്ചു കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

വരാനിരിക്കുന്ന പരമ്പരകളില്‍ ജഡ്ഡു ഇനി ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടെന്നും ഉറപ്പായിരിക്കുകയാണ്. അവസാനമായി കളിച്ച ഏകദിനങ്ങളിലൊന്നും ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.
രാഹുല്‍ നിലവില്‍ ഏകദിനത്തിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണെങ്കിലും ദീര്‍ഘകാല ഓപ്ഷനായി സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നില്ല. മാത്രമല്ല പ്രായവും 34ലേക്കു കടക്കുകയാണ്.

റിഷഭിലേക്കു വന്നാല്‍ പ്രായമല്ല പ്രശ്‌നം. മറിച്ച് ഈ ഫോര്‍മാറ്റില്‍ ബാറ്ററെന്ന നിലയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെന്നതാണ്. മാത്രമല്ല ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും അത്ര മികച്ചതല്ല. ഈ കാരണം കൊണ്ടു തന്നെ ടി20 പ്ലാനുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പട്ടയാളാണ് റിഷഭ്.

ഇനി ഏകദിനത്തിലും ഇതേ വിധിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ മാത്രമായി റിഷഭിനു ഒതുങ്ങേണ്ടിയും വരും. അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതും റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്നെയാണ്.
സമാപിച്ച ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിനും ഇഷാന്‍ കിഷനും ഇനി ഏകദിനത്തിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ പ്ലാന്‍.
ഗംഭീര ഏകദിന റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് സഞ്ജു. 50ന് മുകളിലാണ് ഏകദിനത്തില്‍ അദേഹത്തിന്റെ ശരാശരി. ഇഷാനാവട്ടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടിക്കഴിഞ്ഞ താരവുമാണ്.