സഞ്ജുവിനെ വിശ്വസിച്ചത് ഭാഗ്യം, മാറ്റിനിർത്തിയിരുന്നെങ്കിൽ ലോകകപ്പ് പോയേനെ! വെളിപ്പെടുത്തി റിക്കി പോണ്ടിങ്
2026 ടി20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തിയപ്പോൾ, ആ വിജയത്തിന് പിന്നിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം സഞ്ജു സാംസണെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതാണെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിനെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ച ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ പോണ്ടിംഗ് അഭിനന്ദിച്ചു. ഐസിസി റിവ്യൂ ഷോയിൽ സഞ്ജന ഗണേശനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിന്റെ തിരിച്ചുവരവ്: ഒരു സിനിമാറ്റിക് കഥ!
ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനം കാരണം അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയിരുന്നു. അഭിഷേക് ശർമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാൽ സൂപ്പർ 8 ഘട്ടത്തിൽ അഭിഷേക് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ, സിംബാബ്‌വെക്കെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായി ടീം തിരികെ വിളിച്ചു.

"സഞ്ജുവിനെ ടോപ്പ് ഓർഡറിൽ നിലനിർത്താനുള്ള തീരുമാനം വളരെ വലുതായിരുന്നു. അവസാനം അത് വലിയ വിജയമായി മാറുകയും ചെയ്തു. കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണ ലഭിച്ചാൽ പിന്നെ മറ്റൊരു കളിക്കാരനും മറ്റൊന്നും വേണ്ട. സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം പകർന്നു നൽകിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു," പോണ്ടിംഗ് പറഞ്ഞു.
സിംബാബ്‌വെക്കെതിരെ 15 പന്തിൽ 24 റൺസുമായി തുടങ്ങിയ സഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ പുറത്താകാതെ 97* റൺസ് നേടിയ സഞ്ജു, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 റൺസും അടിച്ചുകൂട്ടി ഇന്ത്യയുടെ ഹീറോയായി മാറി.
സൂര്യയുടെ ക്യാപ്റ്റൻസി: പോണ്ടിംഗിന്റെ നിരീക്ഷണം
ഇന്ത്യ കിരീടം നേടിയെങ്കിലും നായകൻ സൂര്യകുമാർ യാദവിന് ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് പോണ്ടിംഗ് ചൂണ്ടിക്കാട്ടി. "സ്വന്തം ബാറ്റിംഗ് മോശമാകുമ്പോൾ നായകസ്ഥാനം കൈകാര്യം ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. അത്തരമൊരു സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ച സൂര്യയെ അഭിനന്ദിക്കണം. കഴിഞ്ഞ ആഴ്‌ചകളിൽ അദ്ദേഹം സഞ്ജുവിനും അഭിഷേകിനും നൽകിയ പിന്തുണയാകും ആ യഥാർത്ഥ നായകന്റെ കഥകൾ പുറംലോകത്തെ അറിയിക്കുക," പോണ്ടിംഗ് കൂട്ടിചേർത്തു.
കളിച്ച 5 മത്സരങ്ങളിൽ നിന്നും 80 ആവറേജോടെ 321 റൺസാണ് സഞ്ജു സാംസൺ ടി20 ലോകകപ്പിൽ നേടിയത്. 199 സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റൺസ് സഞ്ജു സ്വന്തമാക്കിയത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പ്ലെയർ ഓഫ് ദി ടൂർണമെൻഡ് പുരസ്കാരവും ലോകകപ്പിൽ സഞ്ജുവിനെ തേടിയെത്തി. പുറത്താകുമെന്ന് തോന്നിച്ച ഘട്ടങ്ങളിൽ ടീമിനെ ഒറ്റയ്ക്ക് സ്വന്തം തോളിൽ വിജയത്തിലേക്ക് എത്തിച്ച സഞ്ജു വരും കാലത്തും ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തും എന്ന വിശ്വാസത്തിലാണ് ആരാധകർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications