ഇന്ത്യയുടെ ടി20 ലോകകപ്പ് (T20 WC 2026) കിരീടനേട്ടത്തെ പ്രശംസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനു പിന്നാലെ വന്‍ ട്രോളിനു ഇരയായിരിക്കുകയാണ് യുവ ഓപ്പണറും ഏകദിന, ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭമന്‍ ഗില്‍. ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാതിരുന്നതിനു നന്ദിയെന്നായിരുന്നു മുന്‍ ടി20 ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെ പലരും പരിഹസിച്ചത്.
മോശം സ്‌ട്രൈക്ക് റേറ്റിന്റെയും തുടര്‍ച്ചയായ ചെറിയ സ്‌കോറുകളുടെയും പേരിലാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഗില്‍ തഴയപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പര വരെയും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.

എന്നാല്‍ ടി20 ലോകകപ്പിനും അതിനു തൊട്ടുമുമ്പുളള ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്‍ തെറിക്കുകയായിരുന്നു. പകരം സഞ്ജു സാംസണ്‍ ഓപ്പണിങിലെത്തുകയും ബാക്കപ്പായി ഇഷാന്‍ കിഷനു ടീമിലേക്കു സര്‍പ്രൈസ് കോളെത്തുകയും ചെയ്തു. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയെന്നാണ് ലോകകപ്പില്‍ രണ്ടു പേരുടെയും പ്രകടനം തെളിയിക്കുന്നത്.
ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വീണ്ടുമൊരു ടി20 ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശുഭ്മന്‍ ഗില്‍ പോസ്റ്റിട്ടത്. പക്ഷെ തനിക്കു പകരം ഓപ്പണിങില്‍ കളിച്ച് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയ സഞ്ജു സാംസണിന്റെ പേര് പോലും പരാമര്‍ശിക്കാതെയായിരുന്നു ഗില്ലിന്റെ പോസ്റ്റ്.
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി പോലും ലോകകപ്പിന്റെ താരമായി തിരഞ്ഞെടുകപ്പെട്ട സഞ്ജുവിനെ പ്രത്യേകം അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിട്ടിരുന്നു. പക്ഷെ ഗില്‍ അതിനൊന്നു തയ്യാറായില്ല. സഞ്ജുവിനോടുള്ള ഗില്ലിന്റെ അസൂയ തന്നെയാണ് ഇതിനു പിന്നിലെന്നു സംശയിക്കേണ്ടി വരും.
'നമ്മുടെ ടീമിനെ കുറിച്ച് ഒരുപാട് അഭിമാനം. ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടുകയെന്നത് സ്വപ്‌നമാണ്. നിങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ബോയ്സ്'- എന്നായിരുന്നു ഇന്ത്യന്‍ പതാകയോടൊപ്പമുള്ള ഗില്ലിന്റെ പോസ്റ്റ്.
ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചു കൊണ്ടുള്ള ശുഭ്മന്‍ ഗില്ലിന്റെ പോസ്റ്റിനു താഴെ ട്രോളുകളുടെ ചാകര തന്നെയാണ് കാണാന്‍ സാധിക്കുക. നിരവധി പേരാണ് പോസ്റ്റിനു താഴെ അദ്ദേഹത്തെ കളിയാക്കിയത്. ടി20 ടീമിലേക്കു ദയവു ചെയ്ത് മടങ്ങിവരരുതെന്നും പലരും ആവശ്യപ്പെടുന്നു.
'മോശം പ്രകടനങ്ങളെ തുടര്‍ന്ന് സ്വയം ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്താക്കപ്പെട്ടതിനു നന്ദി. ഞങ്ങള്‍ക്കു ഇപ്പോള്‍ മിസ്റ്റര്‍ ഐസിസി ക്ലച്ച്മാന്‍ സഞ്ജു സാംസണിനെ ലഭിച്ചിരിക്കുകയാണ്്'.
'ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാവാതിരുന്നതില്‍ നന്ദി ശുഭ്മന്‍ ഗില്‍'.
'ഇപ്പോള്‍ ലോക കിരീടം നേടിയി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാതിരുന്നതില്‍ നിങ്ങളുടെ സംഭാവന ഒരിക്കലും മറക്കില്ല. 2028ലെ അടുത്ത ടി20 ലോകകപ്പ് വരെ ദയവു ചെയ്ത് മാറി നില്‍ക്കണം'.

ടി20യില്‍ നിങ്ങളുടെ വളരെ മോശം ഇന്നിങ്‌സുകള്‍ക്കു നന്ദി. ഇതു കാരണം അര്‍ഹിച്ച സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തു. ഭാവിയില്‍ ദയവു ചെയ്ത് ഈ ടി20 ടീമിന്റെ പരിസരത്തു പോലും വരരുത്'.
'ശുഭ്മന്‍ ഗില്‍, നിങ്ങള്‍ക്കു നന്ദി. ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നിങ്ങള്‍ കളിച്ചിരുന്നെങ്കില്‍ എല്ലാ മല്‍സരങ്ങളിലും 50-70 റണ്‍സ് കുറവ് മാത്രമേ ടീം നേടുമായിരുന്നുള്ളൂ'.
'നിങ്ങള്‍ക്കു പകരം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷനെ കൊണ്ടു വന്ന സെലക്ഷന്‍ കമ്മിറ്റിയംഗങ്ങളായ ആര്‍പി സിങിനും പ്രഗ്യാന്‍ ഓജയ്ക്കുമാണ് മുഴുവന്‍ ക്രെഡിറ്റ്'- എന്നിങ്ങനെയാണ് ഗില്ലിന്റെ പോസ്റ്റിനു താഴെ കളിയാക്കിക്കൊണ്ടുള്ള കമന്റുകള്‍.