കേരളത്തിന് 'സന്തോഷം'.... പിന്നാലെ ഗോകുലത്തിന് കണ്ണീര്‍, സൂപ്പര്‍ കപ്പില്‍ നിന്നും പുറത്ത്

Written By:

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീട വിജയത്തോടെ മലയാളക്കരയെ സന്തോഷത്തില്‍ ആറാടിച്ചപ്പോള്‍ സൂപ്പര്‍ കപ്പില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്‌സി കണ്ണീരണിഞ്ഞു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഐഎസ്എല്‍ റണ്ണറപ്പും ഇന്ത്യന്‍ ഫുട്‌ബോളിലെ ഗ്ലാമര്‍ ക്ലബ്ബുമായ ബെംഗളൂരു എഫ്‌സിയോടാണ് ഗോകുലം 1-2നു തോല്‍വി സമ്മതിച്ചത്. പുറത്തായെങ്കിലും ബെംഗളൂരുവിനെ വിറപ്പിക്കാന്‍ ഗോകുലത്തിനു കഴിഞ്ഞു.

1

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഗോകുലം 1-2ന്റെ തോല്‍വിയിലേക്കു വീണത്. ഗോള്‍ മെഷീന്‍ ഹെന്‍ റി കിസേക്കയുടെ ഗോളിലാണ് 33ാം മിനിറ്റില്‍ ബെംഗളൂരുവിനെ സ്തബ്ധരാക്കി ഗോകുലം അക്കൗണ്ട് തുറക്കുന്നത്. ഗോളി ഗുര്‍പ്രീത് സിങിനെ കാഴ്ചക്കാരനാക്കി ഉഗാണ്ടന്‍ താരം വല കുലുക്കുകയായിരുന്നു. അപ്രതീക്ഷിത ലീഡ് വഴങ്ങിയതോടെ ഉയിര്‍ത്തെഴുന്നേറ്റ ബെംഗളുരു ഗോകുലത്തിന്റെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. എന്നാല്‍ ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിനു സാധിച്ചു.

രണ്ടാംപകുതിയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് ബെംഗളൂരു മുതിര്‍ന്നത്. 69ാം മിനിറ്റില്‍ മിക്കുവിലൂടെ അവര്‍ അര്‍ഹിച്ച സമനില ഗോള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഉദാന്ത സിങ് നല്‍കിയ പാസ് മിക്കു തകര്‍പ്പന്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി. മല്‍സരം അധികസമയത്തേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീട്ടാന്‍ ബെംഗളൂരുവിന് താല്‍പ്പര്യമില്ലായിരുന്നു. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ അവര്‍ വിജയഗോള്‍ കണ്ടെത്തി. ആദ്യ ഗോളിനു വഴിയൊരുക്കിയ മിക്കുവും ഉദാന്തയും തന്നെയായിരുന്നു ഈ ഗോളിനും ചരടുവലിച്ചത്. ഇത്തവണ മിക്കുവിന്റെ പാസില്‍ നിന്നായയിരുന്നു മിക്കുവിന്റെ തകര്‍പ്പന്‍ ഗോള്‍. നേരത്തേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തിയാണ് ഗോകുലം സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയത്.

Story first published: Sunday, April 1, 2018, 19:59 [IST]
Other articles published on Apr 1, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍