ടി20 ലോകകപ്പിന്റെ അവസാന ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ സര്‍പ്രൈസ് ഹീറോയായി മാറിയ സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ്. ടൂര്‍ണമെന്റില്‍ തുടരെ രണ്ട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിന്റെ ചിറകിലേറിയാണ് ഇന്ത്യ ഇപ്പോള്‍ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്.
ആദ്യം വെസ്റ്റ് ഇന്‍ഡീസുമായുള്ള ഡു ഓര്‍ ഡൈ പോരട്ടത്തില്‍ പുറത്താവാതെ 97 റണ്‍സെടുത്ത സഞ്ജു സെമി ഫൈനലിലും മോശമാക്കിയില്ല. ഇംഗ്ലണ്ടിനെതിരേ 42 ബോളില്‍ 89 റണ്‍സടിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. രണ്ടു കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജു തന്നെ.

മലയാളി താരമിപ്പോള്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി വിലസുമ്പോള്‍ അതില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിന് വലിയ അദ്ഭുതമൊന്നുമില്ല. കാരണം വളരെ നേരത്തേ മുതല്‍ അദ്ദേഹത്തിനു സഞ്ജുവിനെ അറിയാം. ഇതേക്കുറിച്ച് ഒരു പാക് ചാനലില്‍ സംസാരിക്കവെ തുറന്നു പറഞ്ഞിരിക്കുകയാണ് അക്തര്‍.

ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പ് സെമി ഫൈനലില്‍ സഞ്ജു സാംസണിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനു ശേഷമായിരുന്നു ഷുഐബ് അക്തര്‍ സംസാരിച്ചത്. സഞ്ജു ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണക്കാരന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 മുതല്‍ ക്രിക്കറ്റ് സര്‍ക്യൂട്ടിലുളളയാളാണ് സഞ്ജു സാംസണ്‍. ഞാന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആ സമയം മുതല്‍ അറിയാമായിരുന്നു. 2015ല്‍ സഞ്ജുവിന്റെ പേര് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിക്കറ്റ് കീപ്പറായതു കാരണം ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറാന്‍ അദ്ദേഹത്തിനു ദീര്‍ഘകാലം കാത്തിരിക്കേണ്ടിയും വന്നു.
ആ സമയത്തു എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമെല്ലാമായിരുന്നു ഈ സ്ഥാനങ്ങളിലുണ്ടായിരുന്നത്. കൂടാതെ പലരും വന്നു കൊണ്ടിരുന്നു. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി സഞ്ജു തുടര്‍ന്നു. ഇപ്പോള്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ സെലക്ഷന് കാരണം ഗൗതം ഗംഭീറാണ്. സഞ്ജു ടീമില്‍ വേണമെന്നു നിര്‍ബന്ധം പറഞ്ഞത് അദ്ദേഹമാണ്.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സെലക്ഷന്‍ ഗംഭീര്‍ പിടിച്ചവാങ്ങിയതാണെന്നു തന്നെ പറയാം. ഒരുപാട് വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ സെലക്ഷനുണ്ടായത്. നേരത്തേയുള്ള ടൂര്‍ണമെന്റുകളിലൊന്നും സഞ്ജുവിനു അവസരം ലഭിച്ചിട്ടില്ലെന്നും അക്തര്‍ വിശദമാക്കി.

ടി20 ലോകകപ്പില്‍ ഇത്തവണ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂവെങ്കിലും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ 11ാം സ്ഥാനത്തുണ്ടെന്നാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല ഇന്ത്യക്കായി ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്ത താരവുമാണ് അദ്ദേഹം.
നാലിന്നിങ്‌സുകളില്‍ നിന്നും 77.44 ശരാശരിയില്‍ 201.73 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു അടിച്ചെടുത്തത് 232 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെട്ടും.
ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്ത സൂര്യകുമാര്‍ യാദവും (242) ഇഷാന്‍ കിഷനും (263) സഞ്ജുവിനേക്കാള്‍ അധികം അകലെയുമല്ല. ഇവര്‍ എട്ടു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞെങ്കില്‍ പകുതി മാത്രമേ സഞ്ജു കളിച്ചിട്ടുമുള്ളൂ.
സിക്‌സര്‍ വേട്ടയില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓള്‍ടൈം റെക്കോര്‍ഡും അദ്ദേഹം തിരുത്തിക്കഴിഞ്ഞു. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരം നേരത്തേ ഹിറ്റ്മാനായിരുന്നു (15). ഇതിനകം 16 സിക്സറടിച്ച സഞ്ജു അത് പഴങ്കഥയാക്കിയിരിക്കുകയാണ്.