ടി20 ലോകകപ്പിൽ മോശം ഫോമിലായ അഭിഷേക് ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ രംഗത്ത്. ഇത്തവണ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ അർധസെഞ്ച്വറി ഒഴികെ, അഭിഷേക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മൂന്ന് ഇന്നിംഗ്‌സുകളിൽ മൂന്ന് തവണയും പൂജ്യത്തിന് പുറത്തായതോടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പിന്നെയും അവസരം കൊടുക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ സഞ്ജു സാംസണിന്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ അഭിഷേകിന് കഴിയുമെന്നാണ് മോർണി മോർക്കൽ പറയുന്നത്. നേരത്തെ തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് കളിക്കുന്ന ഇലവനിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സഞ്ജു, ലഭിച്ച രണ്ടാം അവസരം മികച്ചതാക്കി മാറ്റി. വിൻഡീസിനെതിരെ നടന്ന നിർണായക മത്സരത്തിൽ 97 റൺസ് പുറത്താകാതെ നേടി ടീമിനെ വിജയത്തിലെത്തിക്കുകയും സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് സഹായിക്കുകയും ചെയ്‌തത് സഞ്ജുവാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് മോർക്കൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 'കളി ചിലപ്പോൾ കഠിനവും ക്രൂരവുമാകാം. സഞ്ജു ഒരു ഉദാഹരണമാണ്. ഇത് അഭിഷേകിന് നല്ലൊരു പാഠമാണ്, അത് ഭാവിയിൽ അവനെ സഹായിക്കും. ഒന്ന്-രണ്ട് ഷോട്ടുകൾ മതി അഭിഷേകിന് ആത്മവിശ്വാസം ലഭിക്കാനും താളം കണ്ടെത്താനും' എന്നാണ് കരുത്തരായ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിന് മുൻപ് മോർക്കൽ പറഞ്ഞത്.
വാംഖഡെ സ്‌റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും മോർക്കൽ സംസാരിച്ചു. ഇത് ബാറ്റർമാമാരെ തുണയ്ക്കുന്ന പിച്ചാകുമെന്നാണ് മോർക്കൽ വിലയിരുത്തുന്നത്. 'പിച്ചിന്റെ യഥാർത്ഥ അവസ്ഥ നാളെ മാത്രമേ വ്യക്തമാവുകയുള്ളൂ. ഉച്ചസമയത്ത് ഇത് വിലയിരുത്താൻ പ്രയാസമാണ്, പക്ഷേ ഇതൊരു ഉയർന്ന സ്കോറിംഗ് മത്സരമായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു' എന്നാണ് അദ്ദേഹം പറയുന്നത്.
സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായ ഇംഗ്ലണ്ടിന്റെ ശക്തിയെക്കുറിച്ചും മോർക്കൽ മുന്നറിയിപ്പ് നൽകി. ബാറ്റിംഗിലും ബൗളിംഗിലും മികച്ച നിലവാരമുള്ള അപകടകാരികളായ ടീമാണ് ഇംഗ്ലണ്ടെന്ന് മോർക്കൽ ചൂണ്ടിക്കാട്ടി. 'ഇംഗ്ലണ്ട് ഒരു മികച്ച ടീമാണ്. മികച്ച ബാറ്റിംഗ് നിരയുള്ളതിനാൽ അവർ അപകടകാരികളാണ്. വിക്കറ്റുകൾ നേടാൻ കഴിവുള്ള ബൗളർമാർ അവർക്കുണ്ട്, ടി20 ക്രിക്കറ്റിൽ അവർ വളരെ നിർഭയരാണ്. നല്ലൊരു മത്സരം പ്രതീക്ഷിക്കാം' മോർക്കൽ പറയുന്നു.
ഇത്രയൊക്കെ ആണെങ്കിലും വിജയിക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് മോർക്കൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ വിജയം ഉറപ്പുള്ള കാര്യമല്ലെന്നും, സെമിഫൈനലിന് മുന്നോടിയായി എല്ലാവരും തങ്ങളുടെ പരമാവധി പ്രകടനം പുറത്തെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ഈ ടീമിന് നിലവാരമുണ്ട്, പക്ഷേ വിജയം ഉറപ്പല്ല. എല്ലാവരും മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യക്ക് ആശങ്കപ്പെടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. സിംബാബ്‌വെക്ക് എതിരായ മത്സരത്തിൽ നേടിയ കൂറ്റൻ സ്‌കോർ ഒഴികെ ഇക്കുറി ഇന്ത്യൻ ബാറ്റർമാർക്ക് കൃത്യമായ താളം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബൗളിംഗിലും ഇന്ത്യക്ക് ആശങ്കകൾ നിലവിലുണ്ട്. എങ്കിലും സെമിയിൽ ഇംഗ്ലീഷ് നിരയെ മറികടന്ന് ന്യൂസിലൻഡിനെ ഫൈനലിൽ നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ടീം.