T20 WC 2026: സഞ്ജുവിനേക്കാൾ നിർണായകമായത് ആ താരത്തിന്റെ പ്രകടനം, അവനെ കണ്ട് പഠിക്കൂ എന്ന് ഗവാസ്കർ
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിലെ ആവേശജയത്തിന് പിന്നാലെ പേസർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. വാങ്കഡെയിലെ റൺമഴയിൽ മറ്റ് ബൗളർമാർ അടിവാങ്ങി കൂട്ടിയപ്പോൾ, ബുംറയുടെ കൃത്യതയാർന്ന ഓവറുകളാണ് മത്സരത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കിയതെന്ന് ഗവാസ്കർ നിരീക്ഷിച്ചു. ടീമിലെ മറ്റ് ബൗളർമാർ ബുംറയിൽ നിന്ന് പന്തെറിയുന്ന കല പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുംറയെന്ന വന്മതിൽ
ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേൽ (105) സെഞ്ചുറിയുമായി ഇന്ത്യയെ വിറപ്പിച്ചപ്പോൾ, ഡെത്ത് ഓവറുകളിൽ ബുംറ കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പതിനാറാം ഓവറിൽ വെറും എട്ട് റൺസും, പതിനെട്ടാം ഓവറിൽ വെറും ആറ് റൺസും മാത്രം വിട്ടുകൊടുത്ത ബുംറ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾ തകർത്തു. "ബുംറയാണ് യഥാർത്ഥ വ്യത്യാസം. നിർണ്ണായക ഓവറുകളിൽ വിക്കറ്റ് നേടാനും റൺസ് നിയന്ത്രിക്കാനും അവന് സാധിക്കുന്നു. ഇത് മറ്റ് ബൗളർമാർ പാഠമാക്കണം," ഗവാസ്കർ ഇന്ത്യ ടുഡേയിലെ ചർച്ചയിൽ പറഞ്ഞു.

അവസാന പന്തിലെ പിഴവ്
യുവ പേസർ അർഷ്ദീപ് സിംഗിന്റെ പ്രകടനത്തെ ഗവാസ്കർ വിമർശിച്ചു. "അർഷ്ദീപ് നന്നായി പന്തെറിയുന്നുണ്ട്, പക്ഷേ അഞ്ച് പന്തുകൾ മികച്ച രീതിയിൽ എറിഞ്ഞ ശേഷം ആറാമത്തെ പന്തിൽ സിക്സർ വഴങ്ങുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. അഞ്ച് പന്തിലെ അധ്വാനം അവസാന പന്തിൽ കളഞ്ഞുകുളിക്കുന്ന രീതി മാറണം," ഗവാസ്കർ കൂട്ടിച്ചേർത്തു. വരുൺ ചക്രവർത്തി (64 റൺസ്), അർഷ്ദീപ് (51 റൺസ്) എന്നിവർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.
സഞ്ജുവിന്റെ വലിയ മനസ്സ്
മത്സരത്തിൽ 89 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സഞ്ജു സാംസണും ബുംറയുടെ പ്രകടനത്തെയാണ് പുകഴ്ത്തിയത്. "ഈ അവാർഡ് യഥാർത്ഥത്തിൽ ബുംറയ്ക്കാണ് ലഭിക്കേണ്ടത്. ലോകോത്തര ബൗളറായ ബുംറ അവസാന ഓവറുകളിൽ അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു," എന്ന് പുരസ്കാര വേദിയിൽ സഞ്ജു പറഞ്ഞു. ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുംറ തന്റെ സ്പെല്ലിൽ (1/33) നിർണ്ണായക സ്വാധീനം ചെലുത്തി.
ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ബുംറയുടെ ഈ ഫോം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതിനോടൊപ്പം ബാറ്റിങ്ങിൽ മിന്നും ഫോമിൽ തുടരുന്ന സഞ്ജു സാംസണും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വെസ്റ്റ് ഇന്റീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 42 പന്തുകളിൽ നിന്നും 89 റൺസ് നേടി. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും കൂടി ഫോമിലായതോടെ ഇന്ത്യൻ ബാറ്റിങ് നിര അപകടകാരികളാണ്. ഇനി അഭിഷേകും കൂടി ഫോമിലേക്ക് തിരിച്ചു വന്നാൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications