രഞ്ജി ട്രോഫി: കാത്തിരിപ്പ് തീര്‍ന്നു, ബംഗാളിനെ വീഴ്ത്തി സൗരാഷ്ട്രയ്ക്കു കന്നിക്കിരീടം

രാജ്‌കോട്ട്: രഞ്ജി ട്രോഫി കിരീടത്തിനായുള്ള സൗരാഷ്ട്രയുടെ കാത്തിരിപ്പ് തീര്‍ന്നു. മുന്‍ ചാംപ്യന്മാരായ ബംഗാളിനെ കൊമ്പുകുത്തിച്ചാണ് സൗരാഷ്ട്ര കന്നിക്കിരീടം കൈക്കലാക്കിയത്. സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള ആവേശകരമായ ഫൈനല്‍ സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ മികവില്‍ സൗരാഷ്ട്ര വിജയികളാവുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 44 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ സൗരാഷ്ടയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ കിരീടം പിടിച്ചെടുക്കാന്‍ അവര്‍ക്കു ഇതു ധാരാളമായിരുന്നു. സ്‌കോര്‍: സൗരാഷ്ട്ര 425, നാലിന് 104. ബംഗാള്‍ 381.

ലീഡുമായി അഞ്ചാം ദിനം രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച സൗരാഷ്ട്ര നാലു വിക്കറ്റിന് 105 റണ്‍സെടുത്തു നില്‍ക്കെ ഇരുടീമുകളും സമനില സമ്മതിച്ച് പിരിയുകയായിരുന്നു. ഹര്‍വിക് ദേശായ് (21), അവി ബാരോറ്റ് (39), വിശ്വരാജ് ജഡേജ (17), അര്‍പിത് വാസവദ (3) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്കു നഷ്ടമായത്.

ഒന്നാമിന്നിങ്‌സില്‍ നേടിയ 425 റണ്‍സെന്ന വലിയ സ്‌കോറാണ് സൗരാഷ്ട്രയ്ക്കു കളിയില്‍ മുന്‍തൂക്കം സമ്മാനിച്ചത്. ആറു വിക്കറ്റിന് 354 റണ്‍സെന്ന നിലയിലാണ് ബംഗാള്‍ അവസാന ദിനം ഇന്നിങ്‌സ് പുനരാരംഭിച്ചത്. നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഒപ്പമെത്താന്‍ അവര്‍ക്കു 71 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ടീം സ്‌കോറിലേക്ക് 44 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവര്‍ക്കു ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റെടുത്ത ധര്‍മേന്ദ്രസിങ് ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്ത ജയദേവ് ഉനാട്കട്ട്, പ്രേരക് മങ്കാദ് എന്നിവരും ചേര്‍ന്നാണ് സൗരാഷ്ട്രയ്ക്കു നിര്‍ണായക ലീഡ് നേടിക്കൊടുത്തത്.

81 റണ്‍സെടുത്ത സുദീപ് ചാറ്റര്‍ജിയാണ് ബംഗാളിന്റെ ടോപ്‌സ്‌കോറര്‍. 241 പന്തില്‍ ഏഴു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വൃധിമാന്‍ സാഹ (64), അനുസ്തുപ് മജുംദാര്‍ (63), അര്‍ണാബ് നന്തി (40*), മനോജ് തിവാരി (35) എന്നിവരാണ് ബംഗാളിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ബംഗാളിന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 35 ആവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലും നാലാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ബംഗാള്‍ കളിയിലേക്കു തിരികെ വരികയായിരുന്നു. മൂന്നാം വിക്കറ്റില്‍ 89ഉം നാലാം വിക്കറ്റില്‍ 101ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ബംഗാളിനു സാധിച്ചു. ഏഴാം വിക്കറ്റില്‍ 98 റണ്‍സും കൂട്ടിച്ചേര്‍ക്കാന്‍ ബംഗാളിനായിരുന്നു.

ഒന്നാമിന്നിങ്‌സില്‍ അര്‍പിത് വാസവദയുടെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 287 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര (66), ഓപ്പണര്‍ രവി ബാരോറ്റ് (54), വിശ്വരാജ് ജഡേജ (54) എന്നിവരും സൗരാഷ്ട്രയ്ക്കായി ഫിഫ്റ്റിയുമായി തിളങ്ങി. 237 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് പുജാര ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായത്. വിശ്വരാജ് ജഡേജ 92 പന്തില്‍ ഏഴും ബാരോറ്റ് 142 പന്തില്‍ ആറു ബൗണ്ടറികളുമടക്കമാണ് 54 റണ്‍സ് വീതമെടുത്തത്. ആറാം വിക്കറ്റില്‍ അര്‍പിത്- പുജാര സഖ്യം 142 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തത്. സൗരാഷ്ട്ര ഇന്നിങ്‌സിലെ ഏറ്റവു മുകച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

നാലു വിക്കറ്റെടുത്ത ആകാഷ് ദീപായിരുന്നു ബംഗാള്‍ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദ് അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കി. മുകേഷ് കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്‍ പൊറെലിനു ഒരു വിക്കറ്റ് ലഭിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 13, 2020, 15:34 [IST]
Other articles published on Mar 13, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X