അഹമ്മദാബാദ്: ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന 'റിയല്‍' അഭിഷേക് ശര്‍മ ഒടുവില്‍ ഇതാ അവതരിച്ചിരിക്കുന്നു. ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെതിരേ അഭിഷേകിന്റെ അഴിഞ്ഞാട്ടം. ടൂര്‍ണമെന്റില്‍ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഫൈനലില്‍ തന്നെ അദ്ദേഹം പുറത്തെടുത്തിരിക്കുകയാണ്.

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 52 റണ്‍സ് അടിച്ചെടുത്താണ് അഭിഷേക് ക്രീസ് വിട്ടത്. 21 ബോളില്‍ ആറു ഫോറും മൂന്നു കൂറ്റന്‍ സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വെറും 18 ബോളിലാണ് അഭിഷേക് തന്റെ ഫിഫ്റ്റി കണ്ടെത്തിയത്.

ഫൈനലിലെ കണ്ണഞ്ചിക്കുന്ന ഫിഫ്റ്റിയോടെ പുതിയ ചരിത്രം കൂടിയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അഭിഷേക് ശര്‍മ കുറിച്ചിരിക്കുന്നത്. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു താരം ഫൈനലില്‍ നേടിയ ഏറ്റവുംവ വേഗമേറിയ ഫിഫ്റ്റി കൂടിയാണിത്. മാത്രമല്ല ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ ഒരു താരത്തിന്റെ അതിവേഗ ഫിഫ്റ്റിയായും ഇതു മാറിയിരിക്കുകയാണ്.

ഈ ലോകകപ്പില്‍ തന്നെ കുറിക്കപ്പെട്ട റെക്കോര്‍ഡാണ് അഭിഷേക് കൊടുങ്കാറ്റായപ്പോള്‍ തകര്‍ക്കപ്പെട്ടത്. സെമി ഫൈനലുകളില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതലും സൗത്താഫ്രിക്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലെനും 19 ബോളുകളില്‍ ഫിഫ്റ്റി കുറിച്ചിരുന്നു. ഇതാണ് ഒരു ബോള്‍ കുറച്ച് കളിച്ച് അഭിഷേക് പഴങ്കഥയാക്കിയത്.
ഫൈനലില്‍ യഥാര്‍ഥ അഭിഷേക് ശര്‍മയെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുമെന്ന സഞ്ജു സാംസണിന്റെ വാക്കുകള്‍ കൂടിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സെമി ഫൈനലിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ ഓപ്പണിങ് പങ്കാളിയെ പിന്തുണച്ച് സംസാരിച്ചത്.
അഭിഷേകിന്റെ ഫോമിനെ കുറിച്ച് ആര്‍ക്കും ആശങ്കയില്ലെന്നും യഥാര്‍ഥ അഭിഷേകിനെ നിങ്ങള്‍ അഹമ്മദാബാദില്‍ കാണുമെന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.

അതേസമയം, മോശം ഫോമിലൂടെ കടന്നുപോയിട്ടും അഭിഷേകിനെ ഫൈനലിലും നിലനിര്‍ത്തിയ ടീം മാനേജ്‌മെന്റ് തന്നെയാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നത്. 2024ലെ ലോകകപ്പില്‍ വിരാട് കോലിയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതാണ്.
അന്നു ആദ്യ കളി മുതല്‍ അദ്ദേഹം ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി. പക്ഷെ ടീം മാനേജ്‌മെന്റ് കോലിയെ കൈവിട്ടില്ല. അതിന്റെ ഫലം ഫൈനലില്‍ ലഭിക്കുകയും ചെയ്തു. 70 പ്ലസ് റണ്‍സുമായി ടീമിന്റെ ഹീറോയായി അദ്ദേഹം വിശ്വാസം കാക്കുകയായിരുന്നു.