അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെതിരേ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. റണ്ണൊഴുകിയ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ബാറ്റിങ് നിരയിലെ ഭൂരിഭാഗം പേരും ക്ലിക്കായെങ്കിലും സൂര്യ വന്നതും പോയതും കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു.
ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യ കളിയില്‍ ക്രീസ് വിട്ടത്. ഇതോടെ നാണക്കേടിന്റെ എലൈറ്റ് ലിസ്റ്റിലും അദ്ദേഹം ഇടം നേടിയിരിക്കുകയാണ്. സൂര്യ തീര്‍ത്തും നിറമങ്ങിങ്കിലും ന്യൂസിലാന്‍ഡിന് 256 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യം ഇന്ത്യ നല്‍കിയിരിക്കുകയാണ്. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ 255 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്.

കലാശക്കളിയില്‍ ഇന്ത്യക്കു വേണ്ടി തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ നാലാം നമ്പറിലല്ല സൂര്യകുമാര്‍ യാദവ് ബാറ്റിങിനായി ക്രീസിലെത്തിയത്. പകരം ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം നമ്പറിലേക്കു മാറുകയായിരുന്നു. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും മികച്ച ഓവറെന്നു വിളിക്കാവുന്നത് വലംകൈയന്‍ മീഡിയം പേസര്‍ ജെയിംസ് നീഷാം എറിഞ്ഞ 16ാം ഓവറായിരുന്നു. ഒരു വിക്കറ്റിനു 203 റണ്‍സെന്ന നിലയിലാണ് 15ാം ഓവര്‍ ഇന്ത്യ അവസാനിപ്പിച്ചത്. പക്ഷെ അടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ 89 റണ്‍സെടുത്ത സഞ്ജു സാംസണിനെ നീഷാം മടക്കി.
ഫുള്‍ ടോസിനെതിരേ ബൗളറുടെ തലയ്ക്കു മുകളിലൂടെ സിക്‌സര്‍ പായിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. പക്ഷെ ലോങ്ഓണില്‍ ബൗണ്ടറി ലൈനിന് അരികെ മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ കോള്‍ മക്കോഞ്ചി മലയാളി താരത്തെ മടക്കി.

തുടര്‍ന്ന് സ്‌കോറിങ് വേഗത കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നാലാം നമ്പറിലേക്കു ഹാര്‍ദിക് പാണ്ഡ്യയെ പ്രൊമോട്ട് ചെയ്തു. അടുത്ത രണ്ടു ബോളിലും ഹാര്‍ദിക്കിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തെ ബോളില്‍ സിംഗിളുമായി അദ്ദേഹം അക്കൗണ്ട് തുറന്നു.
പക്ഷെ നരേന്ദ്രമോദി സ്‌റ്റേഡിയത്തെ നിശബ്ധമാക്കി അടുത്ത ബോളില്‍ 54 റണ്‍സെടുത്ത ഇഷാന്‍ കിഷനും വീണു. വീണ്ടുമൊരു ഫുള്‍ ടോസാണ് ബാറ്ററെ ചതിച്ചത്. ഒറ്റക്കൈ കൊണ്ട് ലോങ് ഓണിനു മുകളിലൂടെ വമ്പന്‍ ഷോട്ടിനു ഇഷാന്‍ ശ്രമിച്ചെങ്കിലും മാര്‍ക്ക് ചാപ്പ്മാന്‍ അനായാസം പിടികൂടി.
തുടര്‍ന്നാണ് സൂര്യ ക്രീസിലെത്തുന്നത്. ഓഫ്സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് നീഷാം പരീക്ഷിച്ചത്. തന്റെ ഫേവറിറ്റ് ഷോട്ടുകളിലൊന്നാണ് സൂര്യ കളിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ തന്റെ ഇടതുവശത്തു ഓടി രചിന്‍ രവീന്ദ്ര മികച്ചൊരു ലോ ക്യാച്ചെടുക്കുകയായിരുന്നു. അമ്പരന്ന സ്‌കൈ നിരാശനായി ക്രീസ് വിടുകയും ചെയ്തു. ഈ ഓവറില്‍ ഇന്ത്യക്കു ലഭിച്ചത് ഒരേയൊരു സിംഗിള്‍ മാത്രം, നഷ്ടമായതാവട്ടെ മൂന്ന് വമ്പന്‍ വിക്കറ്റുകളാണ്.

ഫൈനലിലെ ഡെക്കോടെ നാണക്കേടിന്റെ ലിസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇടം നേടിയിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഡെക്കായ രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ കൂടിയാണ് സ്‌കൈ.
നേരത്തേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് നേരത്തേ ഡെക്കായ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റ്ന്‍. 2013ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയാണ് ധോണി ഡെക്കായത്.
അതേസമയം, വലിയ ഫൈനലുകളില്‍ ബാറ്റിങില്‍ ദുരന്തമാവുന്ന പതിവ് സൂര്യ ഈ ലോകകപ്പിലും തുടര്‍ന്നിരിക്കുകയാണ്. 18 (2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍), 3 (2024 ടി20 ലോകകപ്പ് ഫൈനല്‍), 1 (2025 ഏഷ്യാ കപ്പ് ഫൈനല്‍) എന്നിവയിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു.