അഹമ്മദാബാദ്: മലയാളികളുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ ചേട്ടനായി സഞ്ജു സാംസണ്‍ വീണ്ടുമൊരു മാച്ച് വിന്നിങ് ഇന്നിങ്‌സുമായി മിന്നിച്ചപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മുത്തം. റണ്‍മഴ കണ്ട നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ തീര്‍ത്ത റണ്‍മലയ്ക്കു മുന്നില്‍ ന്യൂസിലാന്‍ഡിന് മറുപടി ഇല്ലായിരുന്നു. 96 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്.
ഇതോടെ നിരവധി റെക്കോര്‍ഡുകളും ഇന്ത്യ പഴങ്കഥയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടു തവണ ലോക ചാംപ്യന്‍മാരായ ആദ്യ ടീം, ലോക കിരീടം നേടിയ ആദ്യ ആതിഥേയ ടീം എന്നീ റെക്കോര്‍ഡുകളാണ് സൂര്യകുമാര്‍ യാദവും സംഘവും തിരുത്തിയത്.

കൂടാതെ മൂന്നാം ലോക കിരീടത്തോടെ ഏറ്റവുമധികം തവണ ഈ ട്രോഫിക്കു അവകാശികളായ ടീമായും ഇന്ത്യ മാറി. ടി20 ലോകകപ്പ് ചരിത്രത്തില്‍ കിവികളെ ഇന്ത്യ തോല്‍പ്പിച്ചതും ഇതാദ്യമായാണ്.
തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന കലാശപ്പോരാട്ടം വണ്‍വേ ട്രാഫിക്കായി മാറുന്നതാണ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കണ്ടത്. കാരണം 256 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനുമുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ റണ്‍ചേസില്‍ തുടക്കം മുതല്‍ അവര്‍ ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നതാണ് സത്യം.
ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ (52) ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ന്യൂസിലാന്‍ഡ് നിരയില്‍ മറ്റാരും തന്നെ കാര്യമായി പൊരുതിനോക്കിയില്ല. 26 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 43 റണ്‍സെടുത്ത നായകന്‍ മിച്ചെല്‍ സാന്റ്‌നറാണ് മറ്റൊരു സ്‌കോറര്‍. ആദ്യ അഞ്ചോവറില്‍ .തന്നെ 47 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുത് കിവികളെ ഇന്ത്യ ബാക്ക്ഫൂട്ടിലാക്കിയിരുന്നു.
അവിടെ നിന്നൊരു തിരിച്ചുവരവ് ന്യൂസിലാന്‍ഡിന് അസാധ്യവുമായിരുന്നു. ഒടുവില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 159 റണ്‍സിനു അവര്‍ ഫൈനലും ലോക കിരീടവും കിവികള്‍ അടിയറവയ്ക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലു വിക്കറ്റുകളെടുത്തപ്പോള്‍അക്ഷര്‍ പട്ടേല്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.
തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും മാച്ച് വിന്നിങ് സ്‌കോറുമായി ഇന്ത്യന്‍ ബാറ്റിങിലെ നെടുതൂണായി സഞ്ജു സാംസണ്‍ മാറി. 89 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 46 ബോളില്‍ അഞ്ചു ഫോറും എട്ടു കൂറ്റന്‍ സിക്‌സറുകളും ഇതിലുള്‍പ്പെടും.
സഞ്ജുവിനെ കൂടാതെ അഭിഷേക് ശര്‍മ (52), ഇഷാന്‍ കിഷന്‍ (54) എന്നിവും ഫിഫ്ഫ്റ്റു പ്ലസ് സ്‌കോറുകളുമായി മിന്നിച്ചു. ഇതാണ് അഞ്ചു വിക്കറ്റിനു 255 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. അഭിഷേക് 21 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ ഇഷാന്‍ 25 ബോളില്‍ നാലു വീതം ഫോറും സിക്‌സറും നേടി.
സ്വപ്‌നതുല്യമായ തുടക്കമാണ് സഞ്ജു-അഭിഷേക് ജോടി ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 43 ബോളില്‍ 98 റണ്‍സ് ഇരുവരും അടിച്ചെടുത്തു. എന്നാല്‍ കളി മാറ്റിയത് രണ്ടാം വിക്കറ്റില്‍ സഞ്ജു ഇഷാന്‍ ജോടിയാണ്. വെറും 48 ബോളില്‍ ഇരുവരും വാരിക്കൂട്ടിയത് 105 റണ്‍സാണ്.

പിന്നീട് ഒരോവറില്‍ തന്നെ സഞ്ജു, ഇഷാന്‍,നായകന്‍ സൂര്യകുമാര്‍ യാദവ് (0) എന്നിവരെല്ലാം മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോറിങിനു സഡന്‍ബ്രേക്ക്. അതിനു ശേഷം ശിവം ദുബെയുടെ (8 ബോളില്‍ 26*) കിടിലന്‍ ഫിനിഷിങാണ് ഇന്ത്യന്‍ ടോട്ടല്‍ 250 കടത്തിയത്.
ടോസിനു ശേഷം കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറുഭാഗത്തു സെമിയില്‍ ജയിച്ച ടീമില്‍ ന്യൂസിലാന്‍ഡ് ഒരു മാറ്റം വരുത്തി. കോള്‍ മക്കോഞ്ചിക്കു പകരം പേസര്‍ ജേക്കബ് ഡഫിയെ കിവികള്‍ തിരികെ വിളിച്ചു.
ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ടീം ഇന്ത്യ ഈ ലോകകപ്പില്‍ തുടങ്ങിയത്. ചിരവൈരികളായ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യ അതിനു ശേഷം അസോസിയേറ്റ് ടീമുകളായ യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയും വിജയം കൊയ്തു. പക്ഷെ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയോടു 76 റണ്‍സിനു തകര്‍ന്നടിഞ്ഞു.
എന്നാല്‍ ഡു ഓര്‍ ഡൈ ആയിരുന്ന തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ തകര്‍ത്ത് സെമി ഫൈനലിലേക്കു കുതിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെ ത്രില്ലറില്‍ വീഴ്ത്തി വീണ്ടുമൊരു ഫൈനലില്‍ കടക്കുകയും ചെയ്തു.
അതേസമയം, ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. സൗത്താഫ്രിക്കയ്ക്കു പിന്നില്‍ രണ്ടാമതായാണ് ഗ്രൂപ്പ് ഡിയില്‍ കിവികള്‍ ഫിനിഷ് ചെയ്തത്. സൂപ്പര്‍ എട്ടിലും ന്യൂസിലാന്‍ഡ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. ഗ്രൂപ്പ് രണ്ടില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് അവര്‍ സെമിയില്‍ കടന്നത്.
ശ്രീലങ്കയെ മാത്രമേ സൂപ്പര്‍ എട്ടില്‍ കിവികള്‍ തോല്‍പ്പിച്ചുള്ളൂ. പാകിസ്താനുമായുള്ള മല്‍സരം മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനോടു അവര്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് ന്യൂസിലന്‍ഡിനെ സെമിയിലെത്തിച്ചു. പക്ഷെ സെമിയില്‍ അവര്‍ ഏറ്റവും ബെസ്റ്റ്് കളി കെട്ടഴിച്ചു. സൗത്താഫ്രിക്കയെ ഒമ്പതു വിക്കറ്റിനു മുക്കിയാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ ഇടം നേടിയത്
ഫൈനലിലെ 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
ന്യൂസിലാന്‍ഡ്- ടിം സെയ്‌ഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജേക്കബ് ഡഫി, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍.