അഹമ്മദാബാദ്: ന്യൂസിലാന്‍ഡുമായുള്ള ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ദയനീയ ഫോമാണ്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ അദ്ദേഹം ടൂര്‍ണമെന്റില്‍ റണ്‍സ് വാരിക്കോരി നല്‍കുകയാണ്. സൂപ്പര്‍ എട്ട് മുതലാണ് വരുണിന്റെ ഫോമില്‍ ഞെട്ടിക്കുന്ന ഇടിവുണ്ടായത്.
സൂപ്പര്‍ എട്ട് മുതല്‍ ഫൈനല്‍ വരെയുള്ള നാലു കളിയില്‍ വെറും നാലു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ. 12നടുത്ത് ഇക്കോണമി റേറ്റില്‍ റണ്‍സും വിട്ടുകൊടുത്തു. ഇതേ തുടര്‍ന്ന് ഫൈനലില്‍ വരുണിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. പകരം കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്നും പലരും നിര്‍ദേശിക്കുന്നു.

പക്ഷെ ഫൈനലിലും വരുണുമായി ഇന്ത്യന്‍ ടീം മുന്നോട്ടു പോവണമെന്നാണ് മുന്‍ മധ്യനിര ബാറ്ററും ടെസ്റ്റ് വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയുടെ അഭിപ്രായം. എന്തുകൊണ്ടാണ് ബൗളിങില്‍ വരുണ്‍ ഇപ്പോള്‍ പതറുന്നതെന്നും ഫൈനലില്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്യുന്നു.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിനെ കുറിച്ച് ക്രിക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കരുതെന്നും പിന്തുണയ്ക്കണമെന്നും അജിങ്ക്യ രഹാനെ ആവശ്യപ്പെട്ടത്.
എന്റെ അഭിപ്രായത്തില്‍ വരുണ്‍ ചക്രവര്‍ത്തി ഫൈനലിലും ഇന്ത്യന്‍ ടീമില്‍ തുടരുക തന്നെ വേണം. അദ്ദേഹത്തെ കുറിച്ച് ഇന്ത്യന്‍ ടീം ആശങ്കപ്പെടേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല തന്റെ ഫോമിനെ കുറിച്ച് വരുണും കൂടുതലായി ചിന്തിക്കേണ്ട കാര്യവുമില്ല.
ഫൈനലിലും അദ്ദേഹം നമ്മുടെ പ്ലെയിങ് ഇലവനിലുണ്ടാവണം, കാര്യങ്ങള്‍ അത്രയും സിംപിളാണ്. ഇപ്പോള്‍ വരുണ്‍ ചെയ്യേണ്ട ഒരേയൊരു കാര്യം കാര്യമെന്നത് എല്ലാം സിംപിളായി തന്നെ നിലനിര്‍ത്തുകയെന്നതാണെന്നും രഹാനെ പറഞ്ഞു.
ഫൈനലിനു മുമ്പ് പഴയ ഫോമിലേക്കു തിരികയെത്താന്‍ വരുണ്‍ ചക്രവര്‍ത്തിക്കു ചില നിര്‍ണായക ഉപദേശങ്ങളും അജിങ്ക്യ രഹാനെ നല്‍കിയിരിക്കുകയാണ്. തന്റെ കഴിവുകളിലും വിക്കറ്റുകളെടുക്കാനുളള ശേഷിയിലും സ്വയം വിശ്വസിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ടി20 ഫോര്‍മാറ്റില്‍ മുഴുവന്‍ ബാറ്റര്‍മാരും കഴിയുന്നത്രയും റണ്‍സ് അടിച്ചെടുക്കാന്‍ ശ്രമിക്കും. ഈ കാരണത്താല്‍ തന്നെ ഏതൊരു ബൗളറും കൂടുതല്‍ റണ്‍സും വഴങ്ങും. വരുണ്‍ ചക്രവര്‍ത്തി ഇപ്പോള്‍ ബൗളിങില്‍ പതറുന്നുവെന്നത് ശരി തന്നെയാണ്. അദ്ദേഹം റണ്‍സും ഒരുപാട് വിട്ടുകൊടുത്തു കൊണ്ടിരിക്കുന്നു.

പക്ഷെ തന്റെ കഴിവില്‍ വരുണ്‍ വിശ്വസിക്കണം. തന്റെ ആ 24 ബോളില്‍ 3-4 വിക്കറ്റുകളെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കേണ്ടതുണ്ട്. എല്ലാം വിശ്വാസമാണ്. ഏതു ബൗളറും റണ്‍സ് വഴങ്ങാറുണ്ടെന്നും രഹാനെ ചൂണ്ടിക്കാട്ടി.
കരിയര്‍ ബെസ്റ്റ് ഫോമില്‍ നില്‍ക്കവെ ഇത്തവണ ടി20 ലോകകപ്പില്‍ കളിക്കാനിറങ്ങിയ ശേഷം വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തില്‍ അപ്രതീക്ഷിത ഇടിവ് സംഭവിക്കാനുള്ള പ്രധാന കാരണവും അജിങ്ക്യ രഹാനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ജസ്പ്രീത് ബുംറയ്‌ക്കെതിരേ റണ്ണെടുക്കുകയെന്നത് ഏറെ ദുഷ്‌കരമായതിനാല്‍ ടീമിലെ മറ്റു ബൗളര്‍മാരെ എതിര്‍ ടീം ബാറ്റര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും ഇതു വരുണിനും തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഇതൊരു ടാക്റ്റിക്കലായ കാര്യമാണ്. കാരണം നമുക്ക് ജസ്പ്രീത് ബുംറയുണ്ട്. എതിര്‍ ടീമുകള്‍ ഇപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെയും അക്ഷര്‍ പട്ടേലിനെയും ആക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അര്‍ഷ്ദീപും ഹാര്‍ദിക്കുമെല്ലാം നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ എതിര്‍ ടീമുകള്‍ തന്ത്രപരമായി പ്ലാന്‍ ചെയ്യുകയും വരുണടക്കം മറ്റുള്ളവരെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്നും രഹാനെ വിലയിരുത്തി.
വരുണ്‍ ചക്രവര്‍ത്തിയെ യഥാര്‍ഥത്തില്‍ എല്ലാവരും പഠിക്കുകയാണ്. പവര്‍പ്ലേയില്‍ അദ്ദേഹം വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്നുണ്ട്, മധ്യ ഓവറുകിലും മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷെ ഡെത്ത് ഓവറുകളില്‍ ബുദ്ധിമുട്ടുകയാണ്.
15 മുതല്‍ 20 വരെയുള്ള ഓവറുകളിലാണ് ബൗളിങില്‍ വരുണ്‍ വിഷമിക്കുന്നത്. ഈയൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം സ്വന്തം കഴിവുകളില്‍ വിശ്വസിക്കേണ്ടത് ആവശ്യമാണ്. തനിക്കു ടീമിനെ കളി ജയിപ്പിക്കാന്‍ കഴിയുമെന്ന് വരുണ്‍ വിശ്വസിക്കണമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.