ഐഎസ്എല്ലില്‍ വീണ്ടും 'ഡ്രൈഡേ'... ആദ്യം ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ കോപ്പലാശാന്‍, കഷ്ടിച്ചു രക്ഷപ്പെട്ടു

Written By:

ഗുവാഹത്തി: ഐഎസ്എല്ലിന്റെ നാലാം സീസണിലെ ആദ്യ ഗോളിനും ആദ്യ വിജയത്തിനുമായുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ടു മല്‍സരങ്ങള്‍ പിന്നിട്ടപ്പോഴും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദമേകുന്നതൊന്നും ടൂര്‍ണമെന്റ് സമ്മാനിച്ചില്ല. കൊച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.

ശനിയാഴ്ച രാത്രിയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉദ്ഘാടനമല്‍സരത്തേക്കാള്‍ വീറും വാശിയും കണ്ട പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയും ഗോളടിക്കാതെ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. മല്‍സരത്തിലുടനീളം നോര്‍ത്ത് ഈസ്റ്റ് മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല.

ഫിനിഷിങ് പാളി നോര്‍ത്ത് ഈസ്റ്റ്

ഫിനിഷിങ് പാളി നോര്‍ത്ത് ഈസ്റ്റ്

ആദ്യ വിസില്‍ മുതല്‍ വിജയത്തിനായുള്ള ആര്‍ത്തിയോടെ കളിച്ച നോര്‍ത്ത് ഈസ്റ്റിന്റെ വെള്ളപ്പട ജയം തന്നെ അര്‍ഹിച്ചിരുന്നു. ഇരുവിങുകളിലൂടെയും കയറിക്കളിച്ച നോര്‍ത്ത് ഈസ്റ്റ് അരങ്ങേറ്റക്കാരെന്ന ജംഷഡ്പൂരിന്റെ പരിഭ്രമം ശരിക്കും പുറത്തെടുത്തു.
മിന്നല്‍ നീക്കങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് നടത്തിയത്. ഇതോടെ മലയാളി താരം അനസ് എടത്തൊടികയടങ്ങുന്ന ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്രതിരോധനിര തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായി. ഫിനിഷിങില്‍ പിഴച്ചില്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് നാലു ഗോളിനെങ്കിലും നോര്‍ത്ത് ഈസ്റ്റ് വിജയിക്കേണ്ടതായിരുന്നു.

കോപ്പലിനും ബ്ലാസ്റ്റേഴ്‌സിന്റെ വിധി

കോപ്പലിനും ബ്ലാസ്റ്റേഴ്‌സിന്റെ വിധി

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ച ശേഷം പടിയിറങ്ങിയ മലയാളികളുടെ സ്വന്തം കോപ്പലാശാനായ സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂര്‍ ടീമിനെ പരിശീലിപ്പിച്ചത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെപ്പോലെ തന്റെ ആദ്യമല്‍സരത്തില്‍ സമനില കൊണ്ട് കോപ്പലിനും തൃപ്തിപ്പെടേണ്ടിവന്നു. മാത്രമല്ല കൊല്‍ക്കത്തയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടതു പോലെ കോപ്പലും ജംഷഡ്പൂരും നോര്‍ത്ത് ഈസ്റ്റിനെതിരേ കഷ്ടിച്ചു തടിതപ്പുകയായിരുന്നു.

മൂന്നാം മിനിറ്റില്‍ തന്നെ സുവര്‍ണാവസരം

മൂന്നാം മിനിറ്റില്‍ തന്നെ സുവര്‍ണാവസരം

സ്വന്തം കാണികള്‍ക്കു മുന്നില്‍ മൂന്നാം മിനിറ്റില്‍ത്തന്നെ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബ്രസീലിയന്‍ താരം മാര്‍സീഞ്ഞോ കളഞ്ഞുകുളിച്ചു. പെനല്‍റ്റി ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ ക്രോസ് മാര്‍സീഞ്ഞോ സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. എന്നാല്‍ പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പറത്തി മാര്‍സീഞ്ഞോ അവസരം പാഴാക്കി.

 കോപ്പലിന്റെ കുട്ടികള്‍ തിരിച്ചുവരുന്നു

കോപ്പലിന്റെ കുട്ടികള്‍ തിരിച്ചുവരുന്നു

തുടക്കത്തില്‍ ഹൈലാന്‍ഡേഴ്‌സ് ആക്രമണങ്ങളുടെ കുത്തൊഴുക്കിനു മുന്നില്‍ പകച്ചുപോയ ജംഷഡ്പൂര്‍ പതിയെ മല്‍സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. ഒന്നാം പകുതിക്ക് മുമ്പ് ഐഎസ്എല്ലിലെ കന്നി ഗോള്‍ നേടാനുള്ള മികച്ചൊരു അവസരം ജംഷഡ്പൂരിനു ലഭിച്ചു.
ഗോണ്‍സാല്‍വസിന്റെ പാസ് അസൂക്ക സ്വീകരിക്കുമ്പോള്‍ മുന്നില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ അസൂക്കയുടെ ഷോട്ട് രഹനേഷ് ഡൈവ് ചെയ്ത് തട്ടിയകറ്റി.

രണ്ടാംപകുതിയിലും നോര്‍ത്ത് ഈസ്റ്റ്

രണ്ടാംപകുതിയിലും നോര്‍ത്ത് ഈസ്റ്റ്

ആദ്യപകുതിയേക്കാള്‍ വീറുറ്റ പോരാട്ടമാണ് രണ്ടാംപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് നടത്തിയത്. ഗോള്‍ദാഹത്തോടെ അവര്‍ ജംഷഡ്പൂര്‍ ടീമിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. 55ാം മിനിറ്റില്‍ നോര്‍ത്തിന് ഗോള്‍ നേടാനുള്ള നല്ലൊരു അവസരം കൈവന്നു. പക്ഷെ സ്‌പൈഡര്‍ മാനെന്ന് ഇന്ത്യന്‍ ആരാധകര്‍ വിളിക്കുന്ന ഗോള്‍കീപ്പര്‍ സുബ്രതാ പാലിനെ കീഴടക്കാന്‍ സാധിച്ചില്ല. ഒഡെയ്‌റിന്റെ കോര്‍ണര്‍ കിക്ക് വലയിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും സുബ്രതാ കുത്തിയകറ്റുകയായിരുന്നു.
64, 66 മിനിറ്റുകളില്‍ രണ്ട് മികച്ച ഗോളവസരങ്ങള്‍ കൂടി ആതിഥേയര്‍ നഷ്ടപ്പെടുത്തി. ലെനിന്റെ ക്രോസില്‍ നിന്നും മാര്‍സീഞ്ഞോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മിനിറ്റിനകം ഡാനിലോയ്ക്ക് നല്ലൊരു അവസരം. ബോക്‌സിന്റെ ഇടതുമൂലയിലൂടെ ഡ്രിബിള്‍ ചെയ്‌തെത്തിയ ഡാനിലോ ജംഷഡ്പൂര്‍ ക്യാപ്റ്റന്‍ തിരിയെയും വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് സുബ്രതാ മനോഹരമായ സേവിലൂടെ രക്ഷപ്പെടുത്തി.

Story first published: Sunday, November 19, 2017, 8:29 [IST]
Other articles published on Nov 19, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍