മറ്റൊരു ലോകകപ്പ് ആരവം കൂടി അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ടൂർണമെന്റിൽ ഒരു കളി മാത്രം തോറ്റ ഇന്ത്യ, തുടക്കത്തിലെ പതർച്ചക്ക് ശേഷം അജയ്യരായി മുന്നേറുകയായിരുന്നു.
ഇന്ത്യക്ക് വളരെ ശക്തമായ ടീമുണ്ടെന്നും, 15 അംഗ സ്ക്വാഡിൽ ആരെ തിരഞ്ഞെടുത്താലും, ആര് കളിച്ചാലും വിജയിക്കുമായിരുന്നെന്നും അഫ്രീദി പറഞ്ഞു. ചാമ്പ്യന്മാരെപ്പോലെ കളിച്ച അവർ കിരീടം അർഹിച്ചവരും വിജയത്തിന് യോഗ്യരുമായിരുന്നു എന്നാണ് പാകിസ്ഥാന്റെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്ന അഫ്രീദി അഭിപ്രായപ്പെട്ടത്.

തന്റെ എക്‌സ് അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ലോകകപ്പ് അവസാനിച്ചു. ഇന്ത്യ കിരീടം അർഹിച്ചു എന്ന് ഞാൻ കരുതുന്നു. അവർക്ക് മികച്ച ടീം കോമ്പിനേഷനുണ്ട്' അഫ്രീദി പറയുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാൻ സെമി പോലും കാണാതെ പുറത്തായപ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം.
'ബെഞ്ചിലിരുന്ന കളിക്കാരും പ്ലെയിംഗ് ഇലവനിലെ പോലെ മിടുക്കരായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ബെഞ്ച് ശക്തമായിരിക്കണം എന്ന് ഞാൻ പറയുന്നത്. ഇന്ത്യയുടെ ബെഞ്ച് വളരെ ശക്തമായിരുന്നു. അവർക്ക് ആരെയും തിരഞ്ഞെടുത്ത് പ്ലെയിംഗ് ഇലവനിലേക്ക് ഉൾപ്പെടുത്താമായിരുന്നു. അവർ ടൂർണമെന്റിലുടനീളം ചാമ്പ്യന്മാരെപ്പോലെ കളിച്ചു' അഫ്രീദി പറഞ്ഞു.
പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ സഞ്ജു സാംസന്റെ പ്രകടനത്തെ അഫ്രീദി പുകഴ്ത്തി. വെസ്‌റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കെതിരെ സഞ്ജു സാംസൺ മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകൾ കളിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺസ് സ്കോററായ ഇഷാൻ കിഷനെയും എക്കാലത്തെയും വിശ്വസനീയനായ ജസ്പ്രീത് ബുമ്രയെയും അദ്ദേഹം അഭിനന്ദിച്ചു.
'സഞ്ജു സാംസൺ മികച്ച പ്രകടനമാണ് നടത്തിയത്. ലഭിച്ച അവസരം അദ്ദേഹം വിവേകപൂർണ്ണമായ ഷോട്ടുകളിലൂടെയും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള കഴിവും കൊണ്ട് മുതലാക്കി. അഭിഷേക് ശർമ്മയും അന്ന് രാത്രി നന്നായി കളിച്ചു. പാകിസ്ഥാനെതിരെ കളിച്ചതുപോലെ ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്‌ചവെച്ചു' അഫ്രീദി പറയുന്നു.
'ജസ്പ്രീത് ബുമ്ര അവരുടെ ബൗളിങ്ങിന്റെ നട്ടെല്ലായിരുന്നു. മികച്ച പ്രകടനങ്ങളിലൂടെ ദീർഘകാലമായി ഇന്ത്യയെ തോളിലേറ്റിയ ബുമ്ര, പുതിയ പന്തായാലും പഴയ പന്തായാലും, സ്ലോ ബോളോ യോർക്കറോ ആയാലും എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്' ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയുടെ കിരീട നേട്ടത്തിന് ഒപ്പം പാക് ടീമിന് നാനാ ഭാഗത്ത് നിന്നും വിമർശനവും ശക്തമായി ഉയരുകയാണ്. സെമിയിൽ പോലും കടക്കാത്ത അവരുടെ മോശം പ്രകടനത്തെ പല മുൻ താരങ്ങളും വിമർശിച്ചിരുന്നു. ഇന്ത്യ കിരീടം നേടുക കൂടി ചെയ്‌തതോടെ അത് ശക്തമാവുകയാണ്, അതിനിടയിലാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം.