ബ്യൂണസ് ഐറിസ്: അടുത്തമാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കും സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീന ദേശീയ ടീമില്‍ മടങ്ങിയെത്തിയേക്കില്ല. ബ്രസീല്‍, ഇറാഖ് എന്നീ ടീമുകള്‍ക്കെതിരെ സൗദിയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ നിന്നാണ് താരം വിട്ടുനില്‍ക്കുന്നത്. മെസ്സി കളിക്കാനെത്തില്ലെന്ന് ദേശീയ ടീം കോച്ച് ലയണല്‍ സ്‌കലോനി സൂചന നല്‍കി.
മെസ്സിയെ ടീമിലേക്ക് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടീമിലേക്ക് മടങ്ങിവരാത്തത് നല്ലതാണെന്നും കോച്ച് പറഞ്ഞു. മെസ്സി ഇല്ലാതെ അര്‍ജന്റീനയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതി ഒഴിവാക്കാനാണ് പരിശീലകരുടെ ശ്രമം. മെസ്സിയുടെ അസാന്നിധ്യത്തില്‍ നിലവാരമുള്ള ടീമുകളുമായി ഏറ്റുമുട്ടുന്നത് അര്‍ജന്റീനയ്ക്ക ഗുണം ചെയ്യുമെന്നും അവര്‍ കരുതുന്നു.
ഒക്ടോബര്‍ 12ന് റിയാദില്‍വെച്ച് ഇറാഖുമായും ഒക്ടോബര്‍ 16ന് ജിദ്ദയില്‍വെച്ച് ബ്രസീലുമായാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. റഷ്യ ലോകകപ്പിനുശേഷം മെസ്സി ദേശീയ ടീമിനായി കളിച്ചിട്ടില്ല. അടുത്തിടെ ഗ്വാട്ടിമാലയ്‌ക്കെതിരെയും കൊളംബിയയ്‌ക്കെതിരെയും നടന്ന മത്സരത്തില്‍ നിന്നും മെസ്സി വിട്ടുനിന്നു. ഇരു ടീമുകള്‍ക്കെതിരെയും യുവനിരയെ അണിനിരത്തിയപ്പോള്‍ ഗ്വാട്ടിമാലയ്‌ക്കെതിരെ ജയവും കൊളംബിയയ്‌ക്കെതിരെ സമനിലയുമായിരുന്നു ഫലം.
സൗദിയില്‍ ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ അര്‍ജന്റീന കടുത്ത പരീക്ഷണമായിരിക്കും നേരിടുക. ബ്രസീലിനായി നെയ്മര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങളെല്ലാം അണിനിരക്കുന്നതിനാല്‍ അര്‍ജന്റീനയുടെ യുവനിര ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ലോകകപ്പിനുശേഷം ടീമിലെത്താതിരുന്ന ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ, പ്രതിരോധനിര താരം നിക്കോളാസ് ഒട്ടമെന്‍ഡി, സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയവര്‍ മടങ്ങിയെത്തിയേക്കും. ഇവര്‍ തന്നെയാകും അര്‍ജന്റീനയുടെ നിരയില്‍ നിര്‍ണായകമാകുക.