അവൻ കിരീട സ്വപ്നം ഇല്ലാതാക്കിയേക്കാം; ആ ഇന്ത്യൻ താരത്തെക്കുറിച്ച് കുംബ്ലെ, ഫൈനലിൽ പണി പാളുമോ?
ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഒരു ചുവടുമാത്രം അകലെ നിൽക്കുന്ന ഇന്ത്യയ്ക്ക് വില്ലനാകുന്നത് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മയാണെന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ വരുണിന്റെ പ്രകടനം ഇന്ത്യയ്ക്ക് വലിയ തലവേദനയായേക്കാം. സെമി ഫൈനലിലും സൂപ്പർ 8 ഘട്ടത്തിലും ധാരാളം റൺസ് വിട്ടുകൊടുത്ത വരുൺ ചക്രവർത്തി ടീമിന്റെ ഏറ്റവും വലിയ ദൗർബല്യമായി മാറിക്കഴിഞ്ഞു.
ബുംറയ്ക്ക് മേൽ സമ്മർദ്ദം ഏറുന്നു
"അതെ, ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അല്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം, മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ബൗളറായിരുന്നു അദ്ദേഹം. സ്വാഭാവികമായും, ഇത് ജസ്പ്രീത് ബുംറയ്ക്ക് മേൽ അമിത സമ്മർദ്ദം ചെലുത്താൻ തുടങ്ങും. അതുകൊണ്ട് തന്നെ, എതിരാളികൾ ഇന്ത്യയെ നോക്കി 'ശരി, നമ്മൾ ജസ്പ്രീത് ബുംറയുടെ നാല് ഓവറുകളെക്കുറിച്ച് മാത്രം പേടിച്ചാൽ മതി, വരുണിനെക്കുറിച്ച് പേടിക്കേണ്ട കാര്യമില്ല' എന്ന് ചിന്തിക്കുന്നത് ഒരു ഇന്ത്യൻ നായകന്റെ കാഴ്ചപ്പാടിൽ അത്ര എളുപ്പമുള്ള കാര്യമല്ല." കുംബ്ലെ ഇഎസ്പിഎൻ ക്രിക് ഇൻഫോയിൽ പറഞ്ഞു.

ആറാം ബൗളറുടെ അഭാവം
ഇന്ത്യയുടെ അഞ്ച് പ്രധാന ബൗളർമാരിൽ ഒരാൾ പരാജയപ്പെട്ടാൽ പകരക്കാരനായി ഉപയോഗിക്കാൻ നിലവിൽ ടീമിന് ആറാം ബൗളറില്ലെന്ന് ഫാഫ് ഡു പ്ലെസിസ് ചൂണ്ടിക്കാട്ടി. വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മ കിവീസ് ബാറ്റർമാർക്ക് വലിയ അവസരം നൽകുമെന്നും അഞ്ചാം ബൗളറെ ലക്ഷ്യം വെച്ച് അവർ റൺസ് അടിച്ചുകൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"കഴിഞ്ഞ രണ്ടുമൂന്ന് മത്സരങ്ങളിലായി അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ചില ആശങ്കകളുണ്ട്. അതുകൊണ്ട് തന്നെ, നിങ്ങൾ കൃത്യമായ പ്ലാനിംഗിലൂടെയാണ് (Match-ups) കളിക്കുന്നതെങ്കിൽ, ഇന്ത്യയുടെ നാലാമത്തെയും അഞ്ചാമത്തെയും ബൗളർമാരെ സമ്മർദ്ദത്തിലാക്കി ആറാമതൊരു ബൗളറെ പന്തെറിയിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിക്കും." ഡുപ്ലെസി പറഞ്ഞു.
തന്ത്രങ്ങൾ മാറ്റണം; അശ്വിൻ
വരുൺ ചക്രവർത്തി ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ ബോളിംഗ് ശൈലി മാറ്റണമെന്ന് രവിചന്ദ്രൻ അശ്വിൻ ആവശ്യപ്പെട്ടു. "വരുണിന്റെ ലെങ്ത് തെറ്റുന്നുണ്ട്. ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ റൗണ്ട് ദി വിക്കറ്റിൽ പന്തെറിയുന്നത് അവർക്ക് അടിക്കാൻ എളുപ്പമാക്കുന്നു. മാനേജ്‌മെന്റ് ഉടൻ തന്നെ വരുണുമായി സംസാരിക്കുകയും തന്ത്രങ്ങളിൽ മാറ്റം വരുത്തുകയും വേണം," അശ്വിൻ തന്റെ 'ആഷ് കി ബാത്' എന്ന പരിപാടിയിൽ പറഞ്ഞു.
"ലെങ്ത് പിഴയ്ക്കാൻ പാടില്ല. ലൈനിലും ലെങ്തിലുമുള്ള മാറ്റങ്ങൾക്കൊപ്പം വേഗതയിലെ വ്യതിയാനങ്ങളും പ്രധാനമാണ്. വരുണിനോട് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ 'റൗണ്ട് ദി വിക്കറ്റിൽ' പന്തെറിയരുത്." അശ്വിൻ പറഞ്ഞു.
സഞ്ജു സാംസണും സംഘവും ബാറ്റിംഗിൽ മിന്നുന്ന പ്രകടനം നടത്തുമ്പോഴും ബൗളിംഗ് നിരയിലെ ഈ വിള്ളലുകൾ ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications