അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വാട്ടര്‍ ബോയ് ആയി ഇത്തവണ തുടങ്ങിയ ശേഷം ഇപ്പോള്‍ മാച്ച് വിന്നറായി മാറിയ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന രണ്ടു കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ചായ അദ്ദേഹം ഇനി ഫൈനലിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മലയാളി താരം.
സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ വന്‍ തോല്‍വിയേറ്റു വാങ്ങുകയും അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടി ക്ലിക്കാവാതെ പോവുകയും ചെയ്തതോടെയാണ് സഞ്ജുവിനു ടീമിലേക്കു വഴി തുറന്നത്. ഓപ്പണിങിലേക്കുള്ള രണ്ടാം വരവില്‍ അദ്ദേഹം കത്തിക്കയറുകയും ചെയ്തതോടെയാണ് ഇന്ത്യ ഇപ്പോള്‍ ഫൈനലിലെത്തിയിരിക്കുന്നത്.

ന്യൂസിലാന്‍ഡുമായുളള ലോകകപ്പ് കലാശപ്പോരാട്ടത്തിനു മുമ്പ് ഐസിസിയുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വാനോളം പുകഴ്ത്തിയത്. സഞ്ജുവിനെ പോലെയുള്ളവരാണ് ടീമില്‍ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണ്‍ വേള്‍ഡോ? അതേ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തെ പോലെയുള്ളവര്‍ ടീമിലുള്ളത് എല്ലായ്‌പ്പോഴും നല്ല കാര്യമാണ്. കാരണം അവര്‍ ഒരുപാട് പോസിറ്റിവിറ്റിയുമായാണ് വരുന്നത്. ടീമിലേക്കു വന്നതിനു ശേഷം സഞ്ജു എന്നോട് ആദ്യം പറഞ്ഞത് ഒറ്റക്കാര്യമാണ്.
ടീം എന്താണോ ആഗ്രഹിക്കുന്നത് അതു എന്നോടു പറയൂ, ഞാന്‍ അതു ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു. അന്നു മുതല്‍ അദ്ദേഹം ഒരുപാട് വ്യത്യസ്ത പൊസിഷനുകളില്‍ കളിച്ചു. ഇതിനിടെ മറ്റു പലരും ഓപ്പണിങിലേക്കു വന്നു.
എങ്കിലും എവിടെ ബാറ്റ് ചെയ്യാനും സഞ്ജു തയ്യാറായിരുന്നു. അതിനു ശേഷം ഇപ്പോള്‍ വീണ്ടും പ്ലെയിങ് ഇലവനിലേക്കു അദ്ദേഹം മടങ്ങിയെത്തി. ടോപ് ഓര്‍ഡറില്‍ കളിക്കുകയും നേരത്തേ എന്താണോ ചെയ്തു കൊണ്ടിരുന്നത് അതു തന്നെ തുടരുകയുമായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് കാര്യവും ഇതാണ്.
എപ്പോള്‍ ടീമിലേക്കു വന്നാലും അദ്ദേഹം ഒറ്റക്കാര്യം മാത്രമേ പറയാറുള്ളൂ- ടീമിന് എന്താണ് ആവശ്യമെന്നു പറയൂ, ഞാന്‍ അതു ചെയ്യാന്‍ ഒരുക്കണമാണെന്നായിരുന്നു. അതുകൊണ്ടു തന്നെ സഞ്ജൂസ് വേള്‍ഡെന്നത് വളരെ സ്‌പെഷ്യലായിട്ടുള്ള ഒന്നാണെന്നും സൂര്യ വിശദമാക്കി.

ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരവും അദ്ദേഹമാണ്.

ഇനി ന്യൂസിലാന്‍ഡുമായുള്ള ഫൈനലിലും മികച്ചൊരു ഇന്നിങ്്‌സ് കാഴ്ചവയ്ക്കാനായാല്‍ സഞ്ജു കൂടുതല്‍ ഫേവറിറ്റായി മാറുമെന്നതില്‍ സംശയമില്ല. ടീം ഇന്ത്യ ഇപ്പോള്‍ ലോകകപ്പിന്റെ ഫൈനലില്‍ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണക്കാരന്‍ അദ്ദേഹമാണ്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടിലെ ജീവന്‍മരണ പോരാട്ടത്തില്‍ ടീമിലെ ബാക്കിയുള്ളവരെല്ലാം റണ്‍ചേസില്‍ പതറിയപ്പോള്‍ സഞ്ജുവിന്റെ വണ്‍മാന്‍ ഷോ ഇന്ത്യയെ സെമി ഫൈനിലെത്തിച്ചു. പുറത്തവാതെ 97 റണ്‍സാണ് അദ്ദേഹം കളിയില്‍ അടിച്ചെടുത്തത്.

തുടര്‍ന്ന് ഇംഗ്ലണ്ടുമായുള്ള ഹൈ സ്‌കോറിങ് സെമി ഫൈനലിലും സഞ്ജു ടീമിന്റെ അമരക്കാരനായി മാറി. 89 റണ്‍സാണ് വാംഖഡെയില്‍ അദ്ദേഹം നേടിയത്. തുടരെ രണ്ടാമത്തെ കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി.
വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഈ ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെ താരം അദ്ദേഹമാണ്. നാലിന്നുങ്‌സുകളില്‍ നിന്നും 77.33 എന്ന കിടിലന്‍ ശരാശരിയില്‍ 201.73 സ്‌ട്രൈക്ക്‌റേറ്റില്‍ സഞ്ജുവിന്റെ സമ്പാദ്യം 232 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.