ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ എത്തിയെങ്കിലും, ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഓപ്പണറായി തിളങ്ങിക്കൊണ്ടിരുന്ന സഞ്ജു സാംസണെ ശുഭ്മാൻ ഗില്ലിന് വേണ്ടി ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കിയ മാനേജ്‌മെന്റ് തീരുമാനം വലിയ 'ബ്ലണ്ടർ' (Blunder) ആണെന്ന് മഞ്ജരേക്കർ തുറന്നടിച്ചു. കൊൽക്കത്തയിൽ 196 റൺസ് പിന്തുടർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ 97* റൺസ് ഇന്നിംഗ്‌സിന് പിന്നാലെയാണ് മഞ്ജരേക്കറുടെ ഈ പ്രതികരണം.
സഞ്ജുവിനെ തഴഞ്ഞത് എന്തിന്?
"അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ചുറികൾ നേടിയ ഒരാളെയാണ് നിങ്ങൾ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റിയത്. ഗില്ലിന്റെ ടെസ്റ്റ് ഫോം പരിഗണിച്ച് അവനെ ഓപ്പണറാക്കാൻ സഞ്ജുവിനെ ബലികൊടുത്തു. ഇത്തരം വിഡ്ഢിത്തങ്ങൾ ഇനി ആവർത്തിക്കരുത്," മഞ്ജരേക്കർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. സഞ്ജുവിന് തന്റെ സ്വാഭാവികമായ ഓപ്പണിംഗ് പൊസിഷൻ തിരികെ ലഭിക്കാൻ ഒരുപാട് കാലമെടുത്തു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റ് യുവതാരങ്ങളായ അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരിൽ നിന്നും വ്യത്യസ്തമായി നല്ല പന്തുകളെ പോലും ബൗണ്ടറി കടത്താനുള്ള പ്രത്യേക കഴിവ് സഞ്ജുവിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പകുതി സമയം ഞാൻ ആശങ്കയിലായിരുന്നു'
വിൻഡീസ് 195 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ തോൽക്കുമെന്ന് താൻ കരുതിയിരുന്നതായി മഞ്ജരേക്കർ സമ്മതിച്ചു. "ഇന്ത്യൻ ബാറ്റിംഗ് അത്ര മികച്ച ഫോമിലല്ലാത്തതിനാൽ 196 റൺസ് പിന്തുടരുന്നത് വലിയ വെല്ലുവിളിയാകുമെന്ന് ഞാൻ കരുതി. ഒരു നോക്കൗട്ട് മത്സരത്തിന്റെ എല്ലാ സമ്മർദ്ദവും അവിടെയുണ്ടായിരുന്നു. എന്നാൽ സഞ്ജു സാംസൺ ആ സമ്മർദ്ദത്തെ അതിജീവിച്ചു," അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് കൊൽക്കത്തയിൽ ഇന്ത്യ പൂർത്തിയാക്കിയത്.
മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സഞ്ജുവിന്റെ ഈ മാസ്മരിക ഫോം സെമിയിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സുബ്രഹ്മണ്യം ബദ്രിനാഥും ആർ. അശ്വിനും നേരത്തെ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. റൺസ് കണ്ടെത്തിക്കൊണ്ടിരുന്ന സമയത്ത് സഞ്ജുവിനെ തഴഞ്ഞ ടീം മാനേജ്മെന്റിനെതിരെ ബദ്രീനാഥും സംസാരിച്ചിരുന്നു. സഞ്ജു സാംസൺ നേരത്തെയും സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം നേടിയ 97 റൺസ് അതിനേക്കാളെല്ലാം മുകളിൽ നിൽക്കുന്ന ഒന്നാണെന്നും ആർ. അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു. ഈ ഫോം സെമിയിലും സഞ്ജു തുടർന്നാൽ ഇംഗ്ലണ്ടിനെതിരെ എല്ലാ മേൽക്കൈയും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. സെലക്ടർമാരുടെ പഴയ തെറ്റുകൾ തിരുത്തി സഞ്ജുവിനെ ഓപ്പണറാക്കിയ ഗൗതം ഗംഭീറിന്റെയും സൂര്യകുമാർ യാദവിന്റെയും തീരുമാനത്തിന് കൈയടിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം.