20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കില്ലെന്നുറപ്പിച്ച ശേഷം അവസരം ലഭിച്ചപ്പോള്‍ സര്‍പ്രൈസ് ഹീറോയായി മാറിയ സഞ്ജു സാസണിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താനുമായി അദ്ദേഹം മലയാൡതാരത്തെ താരതന്യം ചെയ്തു. ഒരു കാര്യത്തില്‍ താനും സഞ്ജുവും തമ്മില്‍ ചില സമാനതകളുണ്ടെന്നാണ് ഹിറ്റ്മാന്‍ ചൂണ്ടിക്കാണിക്കുന്നത്.
ടൂര്‍ണമന്റില്‍ ഇന്ത്യക്കു വേണ്ടി അവസാനത്തെ രണ്ടു മല്‍സരങ്ങളിലും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച സഞ്ജുവിനെ രോഹിത് പ്രശംസിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജുവിനായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ നേരത്തേ കടന്നുപോയിട്ടുള്ള മാനസികാവസ്ഥയെ കുറിച്ച് തനിക്കു മനസിലാക്കാന്‍ സാധിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഐസിസി പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.

'എനിക്കു ചില സമയങ്ങളില്‍ താരത്തിന്റെ പള്‍സ് ഫീല്‍ ചെയ്യാന്‍ സാധിക്കാറുണ്ട്. ഞാനും മുമ്പ് അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളതാണ്. ഇതുപോലെയുള്ളൊരു ടൂര്‍ണമെന്റില്‍ എനിക്കും സമാനമായ അവസ്ഥയുണ്ടായിരുന്നു.
എനിക്കും അവസരങ്ങള്‍ ലഭിച്ചില്ല. പക്ഷെ അവസരങ്ങള്‍ ലഭിക്കാതിരിക്കുമ്പോള്‍ അസ്വസ്ഥരാവേണ്ട കാര്യമില്ല. പകരം ശ്രദ്ധയോടെ ഇരിക്കുകയും ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണ് പ്രധാനം- സഞ്ജുവിന്റെ സാഹചര്യം ചൂണ്ടിക്കാട്ടി രോഹിത് വ്യക്തമാക്കി.
സഞ്ജുവിന്റെ കാര്യത്തിലും എനിക്കു അങ്ങനെയാണ് തോന്നിയത്. കാരണം അവനും ഇന്ത്യക്കു വേണ്ടി ടി20യില്‍ അടുത്തിടെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ടി20 ലോകകപ്പിനു തൊട്ടുമുമ്പ് പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കപ്പെട്ടു.

ഇതു വളരെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണെന്നാണ് ഞാന്‍ സഞ്ജുവിനോടു പറയാന്‍ ആഗ്രഹിച്ചത്. രസകരമായ സംഭവങ്ങള്‍ നേരത്തേയുമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ നിന്റെ അവസരം വരുമെന്നു അവനു ഉറപ്പ് വരുത്താനാണ് ഞാന്‍ ആഗ്രഹിച്ചത്, അതു സംഭവിക്കുകയും ചെയ്തതായും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായ മല്‍സരമായിരുന്നു അത് (വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാനത്തെ സൂപ്പര്‍ എട്ട് മാച്ച്). അവന്‍ അതില്‍ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സ് കാഴ്ചവച്ചതായും രോഹിത് പ്രശംസിച്ചു.
തുടര്‍ച്ചയായി രണ്ടാമത്തെ ടി20 ലോകകപ്പിലാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. 2024ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. 2024ലെ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സടിച്ചതും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന അദ്ദേഹമാണ്. ലോകകപ്പിനു തൊട്ടുമുമ്പ് ബംഗ്ലാദേശുമായി കളിച്ച സന്നാഹ മല്‍സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജു നിരാശപ്പെടുത്തി.

വണ്‍ഡൗണായി കളിച്ച റിഷഭ് പന്താവട്ടെ ഫിഫ്റ്റിയും കുറിച്ചു. ഇതോടെയാണ് സഞ്ജുവിനെ തഴഞ്ഞ് റിഷഭിനെ അന്നത്തെ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ചോയ്‌സ് കീപ്പറാക്കിയത്. പക്ഷെ ലോകകപ്പിലുടനീളം റിഷഭ് നനഞ്ഞ പടക്കമായി മാറി. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.
ഫൈനലില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കാന്‍ സഞ്ജുവിനോടു രോഹിത് ആവശ്യപ്പെട്ടിരുന്നു. അതിനു വേണ്ടി അദ്ദേഹം മികച്ച തയ്യാറെടുപ്പുകളും നടത്തിയെങ്കിലും രോഹിത്തും ദ്രാവിഡും വാക്കുമാറ്റി.
റിഷഭുമായി തന്നെ മുന്നോട്ടു പോവാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതേ കുറിച്ച് മല്‍സരത്തിനു മുമ്പ് രോഹിത് തന്നെ വ്യക്തിപരമായു വിളിച്ച് സംസാരിച്ചിരുന്നതായും സഞ്ജു പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.