കൊല്‍ക്കത്ത: ടി20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ പുറത്താവല്‍ വന്‍ വിവാദത്തില്‍. മറുനാടന്‍ മലയാളി കൂടിയായ തേര്‍ഡ് അംപയര്‍ നിതിന്‍ മേനോനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 20 ബോളില്‍ 18 റണ്‍സാണ് മാര്‍ക്രം നേടിയത്. ഓരോ ഫോറും സിക്‌സറുകളുമടക്കമാണിത്.
തന്റെ പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും ബുദ്ധിമട്ടുക തന്നെ ചെയ്തു. രചിന്‍ രവീന്ദ്രയുടെ ബൗളിങില്‍ ഡാരില്‍ മിച്ചെലാണ് മാര്‍ക്രമിനെ പിടികൂടിയത്. എന്തുകൊണ്ടാണ് സ ൗത്താഫ്രിക്കന്‍ ക്യാപ്റ്റന്റെ പുറത്താവല്‍ വിവാദത്തിനു തിരികൊളുത്തിയതെന്നു നോക്കാം.

photocredit/Jiohotstar
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്ക തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ശേഷം ഒരു കൂട്ടുകെട്ടുമായി കളിയിലേക്കു തിരികെ വരാന്‍ ശ്രമിക്കവെയാണ് എയ്ഡന്‍ മാര്‍ക്രം പുറത്തായത്. രചിന്‍ രവീന്ദ്രയെറിഞ്ഞ എട്ടാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്.

വലിയൊരു ഷോട്ട് കളിക്കാനായിരുന്നു മാര്‍ക്രമിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. മിഡ് ഓണില്‍ ഡാരില്‍ മിച്ചെല്‍ റണ്ണിങ് ക്യാച്ചിലൂടെ ബോള്‍ കൈയ്ക്കുള്ളിലാക്കി. പക്ഷെ അതു ക്യാച്ചാണോയെന്നു മിച്ചെലിനു പോലും സംശയമായിരുന്നു. ഇതോടെ തീരുമാനം തേര്‍ഡ് അംപയറായ നിതിന്‍ മേനോന് വിടുകയും ചെയ്തു.
എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കിയ ഡാരില്‍ മിച്ചെലിന്റെ ക്യാച്ച്. വീഡിയോ കാണാം
റീപ്ലേ പരിശോധിച്ചപ്പോള്‍ ബോള്‍ നിലത്തു ഒന്നു ബൗണ്‍സായ ശേഷം മിച്ചെലിന്റെ കൈകളിലെത്തിയതു പോലെയാണ് കാണപ്പെട്ടത്. തേര്‍ഡ് അംപയര്‍ വ്യത്യസ്ത ആംഗിളുകള്‍ പരിശോധിച്ചെങ്കിലും ക്യാച്ചാണെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചില്ല.
പക്ഷെ അതു ഔട്ടാണെന്നു തേര്‍ഡ് അംപയര്‍ വിധിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കാറുള്ളത് ബാറ്റര്‍ക്കാണെങ്കിലും ഇവിടെ ഫീല്‍ഡിങ് ടീമിനാണ് അനുകൂലമായാണ് അംപയറുടെ വിധി വന്നത്.

സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമിനെതിരായ തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സൗത്താഫ്രിക്കയെ മനപ്പൂര്‍വ്വം ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

'നിതിന്‍ മേനോന്‍ എന്തിനാണ് അത് ഔട്ട് നല്‍കിയത്? പന്ത് നിലത്ത് തട്ടിയപ്പോള്‍ വിരലുകള്‍ പന്തിനടിയിലായിരുന്നില്ല എന്ന് വ്യക്തമായിരുന്നു. ഇത് എന്തുതരം ഒത്തുകളി ആണ്?'
'ഈ മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ളതല്ലെന്നു അംബാനിയുടെ അടിമയായ നിതിന്‍ മേനോനോട് ആരെങ്കിലും പറയണം. മഞ്ഞ ജഴ്സി ധരിക്കുന്നവര്‍ക്കെതിരേയാണ് അദ്ദേഹം എല്ലാം തീരുമാനങ്ങളുമെടുക്കുന്നത്'.

'സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചാണ് ഈ തരത്തില്‍ എടുത്തതെങ്കില്‍ തേര്‍ഡ് അംപയര്‍ ഇത് ഔട്ട് വിധിക്കില്ല. എയ്ഡന്‍ മാര്‍ക്രായതു കൊണ്ടുമാത്രമാണ് ഇത്തരമൊരു മോശം തീരുമാനം അംപയറുടെ ഭാഗത്തു നിന്നുണ്ടായത്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കു സൗത്താഫ്രിക്കയോടേറ്റ വന്‍ തോല്‍വി ആരും മറന്നിട്ടില്ല. ഫൈനലില്‍ വീണ്ടും സൗത്താഫ്രിക്ക എതിരാളിയായാല്‍ ഇന്ത്യക്കു പണിയാവും. അവരുടെ ഫൈനല്‍ പ്രവേശനം തടയാനാണ് മാര്‍ക്രമിനെതിരായ തെറ്റായ തീരുമാനം'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.