സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാട്ട്... മണിപ്പൂര്‍ മുങ്ങി, സെമിക്കരികെ കേരളം

Posted By:

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പടയോട്ടം തുടരുന്നു. മണിപ്പൂരിനെതിരേ ഗോളില്‍ ആറാടിയ കേരളം സെമി ഫൈനല്‍ യോഗ്യതയ്ക്ക് തൊട്ടരികിലെത്തി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം മണിപ്പൂരിനെ മുക്കിയത്. ഇരട്ടഗോള്‍ നേടിയ ജിതിന്‍ ഗോപാലനാണ് കേരളത്തിന്റെ ഹീറോ. ഈ വിജയത്തോടെ കേരളം സെമി ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികിലെത്തുകയും ചെയ്തു. ആദ്യ കളിയില്‍ ചണ്ഡീഗഡിനെ കേരളം 5-1നു തുരത്തിയിരുന്നു.

1

മണിപ്പൂരിനെതിരേ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ ഗോള്‍വര്‍ഷം 47ാം മിനിറ്റില്‍ വികെ അഫ്ദലാണ് കേരളത്തിന്റെ ഗോള്‍വേട്ടയ്ക്ക് തിരികൊളുത്തിയത്. കെപി രാഹുല്‍ (59), ജിതിന്‍ ഗോപാലന്‍ (62, 84), എംഎസ് ജിതിന്‍ (71) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ഇഞ്ചുറിടൈമില്‍ മണിപ്പൂര്‍ താരം റോഷന്‍ സിങിന്റെ സെല്‍ഫ് ഗോളും കേരള വിജയത്തിന്റെ മാറ്റ് കൂട്ടി. തുടരെ രണ്ടാം ജയത്തോടെ കേരളം ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.

മണിപ്പൂരിനെതിരേ ആദ്യ വിസില്‍ മുതല്‍ ആക്രമണാത്മക ഫുട്‌ബോളാണ് കേരളം കാഴ്ചവച്ചത്. മണിപ്പൂരിന്റെ ഗോള്‍മുഖത്ത് കേരളം നിരന്തരം റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. മണിപ്പൂര്‍ ഗോള്‍കീപ്പറുടെ ചില തകര്‍പ്പന്‍ സേവുകളാണ് ആദ്യപകുതിയില്‍ കേരളത്തെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. മാര്‍ച്ച് 25നു കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

Story first published: Friday, March 23, 2018, 17:50 [IST]
Other articles published on Mar 23, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍