സന്തോഷ് ട്രോഫി: കപ്പിന് കൈയെത്തും ദൂരത്ത് കേരളം... മിസോറാമിനെ വീഴ്ത്തി ഫൈനലില്‍

Written By:

കൊല്‍ക്കത്ത: കേരളത്തിന്റെ ചുണക്കുട്ടികള്‍ 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിക്കു ടിക്കറ്റെടുത്തു. സെമി ഫൈനലില്‍ മിസോറാമിനെയാണ് കേരളം എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയത്. 2013നു ശേഷം ഇതാദ്യമായാണ് അഞ്ചു തവണ ചാംപ്യന്‍മാരായ കേരളം ഫൈനലല്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. പകരക്കാരനായി ഇറങ്ങിയ വികെ അഫ്ദല്‍ 54ാം മിനിറ്റില്‍ നേടിയാണ് ഗോളിനാണ് മിസോറാമിനെ മറികടന്ന് കേരളം കപ്പിന് കൈയെത്തുംദൂരത്തെത്തിയത്. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ കേരളം ബംഗാളുമായി കൊമ്പുകോര്‍ക്കും. കേരളവും ബംഗാളും ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. നേരത്തേ ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം ബംഗാളിനെ 1-0നു മുട്ടുകുത്തിച്ചിരുന്നു. മറ്റൊരു സെമിയില്‍ കര്‍ണാടകയെ 2-0നു തകര്‍ത്താണ് 32 തവണ ജേതാക്കളായ ബംഗാള്‍ ഫൈനലില്‍ കടന്നത്.

1

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബംഗാളിനെ 1-0നു പരാജയപ്പെടുത്തിയ ടീമില്‍ നാലു മാറ്റങ്ങളുമായാണ് കോച്ച് സതീവന്‍ ബാലന്‍ മിസോറാമിനെതിരേ കേരള ഇലവനെ പ്രഖ്യാപിച്ചത്. എന്നാല്‍ അനവസാന മല്‍സരത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോച്ചില്ലാതെയാണ് മിസോറാം ഇറങ്ങിയത്. നോക്കൗട്ട് റൗണ്ട് പോരാട്ടമായതിനാല്‍ ഇരുടീമും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. മിസോറാമിനായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. ആദ്യപകുതിയില്‍ ലീഡ് നേടാന്‍ ചില മികച്ച അവസരങ്ങള്‍ മിസോറാമിനു ലഭിക്കുകയും ചെയ്തു. എന്നാല്‍ ഗോളി വി മിഥുനിന്റെ സേവും ഫിനിഷിങിലെ പിഴവും മിസോറാമിനു തിരിച്ചടിയായി. ആദ്യപകുതിയില്‍ ഒരേയൊരു ഗോളവസരം മാത്രമാണ് കേരളത്തിനു ലഭിച്ചത്. എന്നാല്‍ ബോക്‌സിനു തൊട്ടരികില്‍ നിന്നും കെപി രാഹുലിന്റെ വോളി ലക്ഷ്യം കാണാതെ പുറത്തുപോയി.

2

രണ്ടാംപകുതിയില്‍ കളിയുടെ ഗതിക്കു വിപരീതമായാണ് അഫ്ദലിലൂടെ കേരളം അക്കൗണ്ട് തുറന്നത്. വലതുവിങിലൂടെ പറന്നെത്തി എംഎസ് ജിതിന്‍ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ രാഹുലിന്റെ ഷോട്ട് മിസോറാം ഗോളി തട്ടിയകയറ്റിയെങ്കിലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഫ്ദല്‍ പന്തിനെ വലയിലേക്ക് വഴികാണിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വഴങ്ങിയ ഈ ഗോള്‍ മിസോറാമിനെ സ്തബ്ദരാക്കി. ഗോള്‍ മടക്കാന്‍ ചില ശ്രമങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ലീഡ് കാത്തുസൂക്ഷിച്ച് കേരളം ഫൈനലിലേക്ക് മുന്നേറി.

Story first published: Friday, March 30, 2018, 19:59 [IST]
Other articles published on Mar 30, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍