ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ... തുറുപ്പുചീട്ട് ഈ സൂപ്പര്‍ താരം, നന്തി നന്ദികേട് കാണിക്കുമോ?

Written By:

കൊച്ചി: ഐഎസ്എല്ലില്‍ വീണ്ടുമൊരു അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് കച്ചമുറുക്കുകയാണ്. കഴിഞ്ഞ സീസണില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തലകുനിച്ച ബ്ലാസ്‌റ്റേഴ്‌സിനയല്ല പുതിയ സീസണില്‍ കാണുക. അടിമുടി മാറ്റവുമായാണ് മഞ്ഞപ്പട നാലാം സീസണിനു കച്ചമുറുക്കുന്നത്.
പരിശീലകന്‍ മുതല്‍ ടീമിലെ പല താരങ്ങളെയും മാറ്റിയ ബ്ലാസ്റ്റേഴ്‌സ് പുത്തനുണര്‍വിലാണ്. രണ്ടു വട്ടം കൈപ്പിടിയില്‍ നിന്നു വഴുതിപ്പോയ ഐഎസ്എല്‍ കിരീടം ഇത്തവണ തീര്‍ച്ചയായും തിരിച്ചുപിടിക്കുമെന്ന വാശി മഞ്ഞപ്പടയ്ക്കുണ്ട്.

താരസമ്പത്ത് പരിഗണിക്കുമ്പോള്‍ പുതിയ സീസണിലെ ഐഎസ്എല്ലിന്റെ കിരീടസാധ്യതയില്‍ മുന്‍നിരയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവച്ചില്ലെങ്കില്‍ ഐഎസ്എല്‍ ട്രോഫി പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഷെല്‍ഫില്‍ ഭദ്രമായിരിക്കും.

ടീമിന്റെ കരുത്ത്

ടീമിന്റെ കരുത്ത്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഗോളടിവീരനും ബള്‍ഗേറിയയും ഇതിഹാസ സ്‌ട്രൈക്കറുമായ ദിമിതര്‍ ബെര്‍ബറ്റോവിന്റെ സാന്നിധ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ ആകര്‍ഷണം. പുതിയ സീസണില്‍ ബെര്‍ബ കൂടി മുന്നേറ്റത്തില്‍ അണിനിരക്കുന്നതോടെ എതിര്‍ ടീമുകളുടെ വല നിറയ്ക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൂട്ടല്‍. ബെര്‍ബയുടെ സാന്നിധ്യം തന്നെയാണ് കഴിഞ്ഞ സീസണിലെ ടീമും പുതിയ സീസണിലെ ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം.

നേരത്തേ മാഞ്ചസ്റ്ററില്‍ ബെര്‍ബയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള റെനെ മ്യൂളെന്‍സ്റ്റീനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ട്രി ബ്ലാസ്‌ഴ്‌സിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തന്റെ വ്യക്തിബന്ധം ഉപയോഗിച്ചാണ് മ്യൂളെന്‍സ്റ്റീന്‍ ബെര്‍ബയെ ബ്ലാസ്‌റ്റേഴ്‌സിലേക്കു ക്ഷണിച്ചത്. ബെര്‍ബ മാത്രമല്ല, നേരത്തേ മാഞ്ചസ്റ്ററില്‍ ഒപ്പം കളിച്ച ഡിഫന്റര്‍ വെസ് ബ്രൗണും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയിട്ടുണ്ട്. ഈ ട്രാന്‍സ്ഫറിനും പിന്നിലും മ്യൂളെന്‍സ്റ്റീന്‍ തന്നെയാണ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഡിഫന്റര്‍മാരിലൊരാളായ സന്ദേശ് ജിങ്കാനോടൊപ്പം ബ്രൗണ്‍ കൂടി ചേരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഭേദിക്കുക അസാധ്യമാവും. ബെര്‍ബറ്റോവ്- ഇയാന്‍ ഹ്യൂം- സികെ വിനീത്-ജാക്കിച്ചാന്ദ് സിങ് എന്നിവരടങ്ങുന്ന ആക്രമണ നിരയിലായിരിക്കും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. ഈ കോമ്പിനേഷന്‍ ശരിയായാല്‍ ബ്ലാസ്റ്റേഴ്‌സിനു ബ്രേക്കിടുക ദുഷ്‌കമരാവും. നേരത്തേ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച കോച്ചുമാരെല്ലാം പ്രതിരോധാത്മത ശൈലിയുടെ വക്താക്കളായിരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് മ്യൂളെന്‍സ്റ്റീന്‍. ആക്രമിച്ചു കളിച്ചു ജയിക്കുകയെന്ന ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്.

പോരായ്മകള്‍

പോരായ്മകള്‍

വെറ്ററന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്തിയെ ടീമിലെടുത്തതില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ രണ്ട് അഭിപ്രായമാണുള്ളത്. പ്രായം 42ല്‍ എത്തിനില്‍ക്കുന്ന നന്തിക്കു പുതിയ സീസണില്‍ എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്ന് സമയം തന്നെ തെളിയിക്കും. പോള്‍ റച്ചൂബ, സുഭാശിഷ് റോയ് ചൗധരി എന്നിവരാണ് ടീമിലെ മറ്റു ഗോള്‍കീപ്പര്‍മാര്‍. എന്നാല്‍ ഇവര്‍ രണ്ടു പേരും പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാനുള്ള മികവുള്ളവരല്ല. അതുകൊണ്ടു തന്നെ സ്വാഭാവികമായും നന്തിക്കു തന്നെയാവും ഗോള്‍കീപ്പറുടെ ചുമതല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ ഗ്രഹാം സ്റ്റാക്ക് ഈ സീസണില്‍ ടീമിലില്ല. ഗോള്‍കീപ്പിങ് തന്നെയാണ് പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്ന ഏക ഘടകം.


കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ ഒരു കളിയില്‍ പോലും ഗോള്‍ വഴങ്ങാതിരിക്കാന്‍ നന്തിക്കായിട്ടില്ല. ചൗധരിയാവട്ടെ കഴിഞ്ഞ സീസണിലെ ഐ ലീഗിലും ഐഎസ്എല്ലിലുമായി ആകെ കളിച്ചത് 720 മിനിറ്റ് മാത്രമാണ്. ടീമിലെ മറ്റൊരു ഗോള്‍കീപ്പറായ 36 കാരന്‍ റെച്ചൂക്ക തന്റെ കരിയറിലുടനീളം ക്ലബ്ബുകളില്‍ നിന്നു ക്ലബ്ബുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. മാഞ്ചസ്റ്ററിനു വേണ്ടി മൂന്നു മല്‍സരങ്ങളില്‍ കളിച്ചുവെന്ന ഒരേയൊരു കാരണം കൊണ്ടാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

മധ്യനിരയിലും പ്രശ്‌നങ്ങളുണ്ട്

മധ്യനിരയിലും പ്രശ്‌നങ്ങളുണ്ട്

മധ്യനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ദൗര്‍ബല്യം. മികച്ചൊരു വിദേശ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിലില്ല. കഴിഞ്ഞ സീണില്‍ മഞ്ഞക്കുപ്പായത്തില്‍ തിളങ്ങിയ മെഹ്താബ് ഹുസൈന്‍ പുതിയ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയിലേക്ക് മാറിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മെഹ്താബിന്റെ ഈ അസാന്നിധ്യം നികത്താന്‍ ആര്‍ക്കു സാധിക്കുമെന്നതാണ് ചോദ്യം. ഐ ലീഗിന്റെ രണ്ടാം ഡിവിഷന്‍ കളിച്ചെത്തിയ അരാത്ത ഇസൂമി ഈ റോളില്‍ കളിക്കുമമെന്നാണ് സൂചന.

കരിയറിന്റെ സുവര്‍ണകാലത്ത് ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും ബെര്‍ബറ്റോവിന്റെ ഫോമിന്റെ കാര്യത്തിലും ആശങ്കയുണ്ട്. 2016 മേയ് മാസത്തിനു ശേഷം പ്രഫഷനല്‍ മല്‍സരങ്ങളിലൊന്നും താരം കളിച്ചിട്ടില്ല. ബ്രൗണാവട്ടെ കഴിഞ്ഞ സീസണില്‍ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനായി 1091 മിനിറ്റുകള്‍ മാത്രമാണ് കളിച്ചത്. ടീമാവട്ടെ ചാംപ്യന്‍ഷിപ്പില്‍ 22ാം സ്ഥാനത്തായിരുന്നു. അതുകൊണ്ടു തന്നെ വെറ്ററന്‍ താരങ്ങളായ ബെര്‍ബരയും ബ്രൗണും ടീമിന് എത്രത്തോളം ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ട്.

ഇവര്‍ പ്രതീക്ഷകള്‍

ഇവര്‍ പ്രതീക്ഷകള്‍

വലിയ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മികച്ച ഭാവി പ്രതീക്ഷയുള്ള താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. ഇവരിലൊരാളാണ് യുവതാരം താങ്‌ബോയ് സിങ്‌തോ. റിലന്‍സ് യൂത്ത് സ്‌പോര്‍ട്‌സ് ടീമിന്റെ സംഭാവനയായ അജിത്ത് ശിവന്‍, മുന്‍ ഐ ലീഗ് ടീമായ ഐസ്വാളിന്റെ താരങ്ങളായ ലാല്‍റുത്താര, ലാല്‍തകിമ എന്നിവരും പ്രതീക്ഷ നല്‍കുന്ന കളിക്കാരാണ്.

 തുറുപ്പുചീട്ട്

തുറുപ്പുചീട്ട്

ഇയാന്‍ ഹ്യൂമും സികെ വിനീതുമൊക്കെയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ട് ബെര്‍ബറ്റോവായിരിക്കും. രണ്ടു തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ബെര്‍ബ വ്യത്യസ്ത ലീഗുകളിലായി 350 മല്‍സരങ്ങളില്‍ നിന്നു 150ല്‍ അധികം ഗോളുകളം നേടിയിട്ടുണ്ട്. ഐഎസ്എല്ലിലും ബെര്‍ബ തന്റെ ഗോള്‍വേട്ട തുടര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനു മുന്നോടുള്ള കുതിപ്പ് എളുപ്പമാവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് (ഫേസ്ബുക്ക്)

Story first published: Friday, November 10, 2017, 15:42 [IST]
Other articles published on Nov 10, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍