മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍... ടോട്ടനം കടന്ന് യുവന്റസ്, തോറ്റിട്ടും സിറ്റി മുന്നേറി

Written By:

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യുവന്റസും മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ത്രസിപ്പിക്കുന്ന വിജയവുമായാണ് യുവന്റസ് അവസാന എട്ടു ടീമുകളിലൊന്ന് ആയതെങ്കില്‍ തോറ്റിട്ടും സിറ്റി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള ടോട്ടനം ഹോട്‌സ്പറിനെയാണ് യുവന്റസ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയത്. മറ്റൊരു മല്‍സരത്തില്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ സ്വിസ് ടീം എഫ്‌സി ബാസെലിനോട് തോറ്റെങ്കിലും ഒന്നാംപാദത്തിലെ ജയം രക്ഷിക്കുകയായിരുന്നു.

1

ഇറ്റലിയില്‍ നടന്ന ഒന്നാംപാദം 2-2നു സമനിലയില്‍ കലാശിച്ചിരുന്നതിനാല്‍ യുവന്റസ്-ടോട്ടനം പോരാട്ടം ഇരുടീമിനും ഒരുപോലെ നിര്‍ണായകമായിരുന്നു. രണ്ടാംപാദത്തില്‍ ടോട്ടനത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് 39ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്‍ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാംപകുതിയില്‍ യുവന്റസ് ഗംഭീര തിരിച്ചുവരവ് തന്നെ നടത്തി. മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി യുവന്റസ് ടോട്ടനത്തെ സ്തബ്ധരാക്കുകയായിരുന്നു. 64ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് യുവന്റസിന്റെ സമനില ഗോള്‍ നേടിയത്. മൂന്നു മിനിറ്റിനുള്ളില്‍ പൗലോ ദിബാലയുടെ ഗോള്‍ യുവന്റസിന് ജയവും സമ്മാനിച്ചു. ഇരിപാദങ്ങളിലുമായി4-3ന്റെ ജയമാണ് ഇറ്റാലിയന്‍ ചാംപ്യന്മാര്‍ സ്വന്തമാക്കിയത്.

2

അതേസമയം, ബാസെലിനെതിരേ ഒന്നാംപാദത്തില്‍ 4-0ന് ജയിച്ചതിനാല്‍ ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള രണ്ടാം പാദത്തില്‍ ടീമിനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസ് സിറ്റിയുടെ അക്കൗണ്ട് തുറന്നിരുന്നു. 17ാം മിനിറ്റില്‍ മുഹമ്മദ് എല്യൊനോസിയുടെ ഗോളില്‍ ബാസെല്‍ സമനില പിടിച്ചുവാങ്ങി. 72ാം മിനിറ്റില്‍ മൈക്കല്‍ ലാങിന്റെ വകയായിരുന്നു സിറ്റിയുടെ കഥ കഴിച്ച ബാസെലിന്റെ വിജയഗോള്‍. എങ്കിലും ഇരുാദങ്ങളിലുമായി 5-2ന്റെ ജയവുമായി സിറ്റി ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.

Story first published: Thursday, March 8, 2018, 8:59 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍