ആഫ്രിക്കന്‍ ശൗര്യത്തിനെതിരേ ഇന്ത്യന്‍ കൗമാരം... ഇത്തവണ അദ്ഭുതം നടക്കുമോ? പ്രതീക്ഷയുണ്ട്...

Written By:

ദില്ലി: ജയത്തോടെ തന്നെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിനോട് വിട പറയാന്‍ ഇന്ത്യയുടെ കൗമാരപ്പടയ്ക്കാവുമോ? വ്യാഴാഴ്ച രാത്രി അതിനു ഉത്തരം ലഭിക്കും. ഗ്രൂപ്പ് എയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയാണ് ഇന്ത്യയുടെ എതിരാളികള്‍.

ദില്ലിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് മല്‍സരം. രാത്രി എട്ടിന് മറ്റൊരു കളിയില്‍ അമേരിക്ക കൊളംബിയയെ നേരിടും. ഗ്രൂപ്പ് ബിയില്‍ വൈകീട്ട് പരാഗ്വേ-തുര്‍ക്കി, മാലി-ന്യൂസിലന്‍ഡ് മല്‍സരങ്ങളുമുണ്ട്.

ഇന്ത്യക്ക് ജയിക്കണം, കാണികള്‍ക്കായി

ഇന്ത്യക്ക് ജയിക്കണം, കാണികള്‍ക്കായി

ഘാനയ്‌ക്കെതിരായ മല്‍സരത്തില്‍ ജയിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ പടയൊരുക്കം. ടീമിനായി സ്റ്റേഡിയത്തിന് അകത്തും പുറത്തുമിരുന്ന് ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്ക് സമ്മാനിക്കാന്‍ ഒരു ജയം വേണമെന്നതിനാല്‍ കൈയ് മെയ് മറന്ന് പോരാടാനൊരുങ്ങുകയാണ് നീലപ്പട.

 പ്രതീക്ഷ നല്‍കുന്ന പ്രകടനം

പ്രതീക്ഷ നല്‍കുന്ന പ്രകടനം

ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ടൂര്‍ണമെന്റില്‍ കളിക്കുന്നതെങ്കിലും ഇന്ത്യ അതിന്റെ പരിഭ്രമമൊന്നും കാണിച്ചില്ലെന്നതാണ് ശ്രദ്ധേയം. ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകളായ കൊളംബിയ, അമേരിക്ക എന്നിവരെ എളുപ്പത്തില്‍ ജയിക്കാന്‍ ഇന്ത്യന്‍ നിര അനുവദിച്ചില്ല.

പ്രകടനം ഇനിയും മെച്ചപ്പെടും

പ്രകടനം ഇനിയും മെച്ചപ്പെടും

അമേരിക്കയോട് 0-3നു തോറ്റ ആദ്യ മല്‍സരത്തില്‍ കളിച്ച ഇന്ത്യയെയല്ല കൊളംബിയക്കെതിരായ രണ്ടാമത്തെ കളിയില്‍ കണ്ടത്. ലാറ്റിന്‍ ശക്തികളെ ഇന്ത്യയുടെ ചുണക്കുട്ടന്‍മാര്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ജയം ഇന്ത്യക്കൊപ്പമുണ്ടാവുമായിരുന്നു. കളിയില്‍ 1-2ന് ഇന്ത്യ പൊരുതി വീഴുകയായിരുന്നു. ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെടുന്ന ഇന്ത്യ ഘാനയ്ക്ക് കനത്ത വെല്ലുവിളി തന്നെ ഉയര്‍ത്തുമെന്നുറപ്പ്.

ആദ്യഗോള്‍

ആദ്യഗോള്‍

കൊളംബിയക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ ഗോള്‍ നേടി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ഫിഫ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ജീക്‌സണ്‍ സിങിന്റെ വകയായിരുന്നു രാജ്യം വര്‍ഷങ്ങളായി കാത്തിരുന്ന ഗോള്‍.

ശൈലി മാറ്റില്ല

ശൈലി മാറ്റില്ല

കൊളംബിയക്കെതിരേ ആക്രമിച്ചു കളിച്ച ഇന്ത്യ ഘാനയ്‌ക്കെതിരേയും ഇതേ ശൈലി തന്നെ പിന്തുടരുമെന്ന സൂചനയാണ് കോച്ച് മാറ്റോസ് നല്‍കിയത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഘാനയ്‌ക്കെതിരായ ഇന്ത്യയുടെ മല്‍സരത്തെ കാണുന്നത്.

പോയിന്റ് ഇല്ലാതെ ഇന്ത്യ

പോയിന്റ് ഇല്ലാതെ ഇന്ത്യ

ഗ്രൂപ്പ് എയില്‍ പോയിന്റൊന്നുമില്ലാത്ത ഏക ടീം കൂടിയാണ് ഇന്ത്യ. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ്. ഘാനയാവട്ടെ ഒന്നില്‍ ജയിച്ചപ്പോള്‍ മറ്റൊന്നില്‍ തോറ്റു. കൊളംബിയയെ 1-0നു തോല്‍പ്പിച്ചാണ് ഘാന ലോകകപ്പില്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഘാന ഇതേ സ്‌കോറിന് അമേരിക്കയോട് പരാജയമേറ്റുവാങ്ങി.

ഏറെ നിര്‍ണായകമെന്ന് ഘാന കോച്ച്

ഏറെ നിര്‍ണായകമെന്ന് ഘാന കോച്ച്

ഇന്ത്യക്കെതിരായ മല്‍സരം ടീമിന് ഏറെ നിര്‍ണായകമാണെന്ന് ഘാന കോച്ച് സാമുവല്‍ ഫാബിന്‍ പറഞ്ഞു. അടുത്ത റൗണ്ടില്‍ ഇടംനേടണമെങ്കില്‍ ഇന്ത്യക്കെതിരേ ജയിക്കേണ്ടതുണ്ട്. അമേരിക്കയോട് തോറ്റ കഴിഞ്ഞ മല്‍സരത്തില്‍ ഒട്ടേറെ ഗോളവസരങ്ങള്‍ ഘാനയ്ക്കു ലഭിച്ചിരുന്നു. എന്നാല്‍ ഇവ മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരേ ഈ കുറവ് നികത്താനാവുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 11, 2017, 14:20 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍