
എംബാപ്പെയെ പിടിച്ചുനിര്‍ത്തും
കിലിയന്‍ എംബാപ്പെയെ പിടിച്ചുനിര്‍ത്താനായാല്‍ ഫ്രാന്‍സിനെതിരേ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പാവും. പക്ഷെ അസാമാന്യ വേഗതയും ഡ്രിബ്ലിങ് പാടടവും ഷൂട്ടിങ് മികവുമുള്ള എംബാപ്പെയെ തളയ്ക്കാന്‍ ഇംഗ്ലണ്ടിനു സാധിക്കുമോ? തങ്ങള്‍ക്കു അതു സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്‌ഗേറ്റ്. ഇതിനായി അദ്ദേഹത്തിനു ധൈര്യം പകരുന്നത് ഡിഫന്‍ഡര്‍ കൈല്‍ വാക്കറാണ്. എംബാപ്പെ ഉയര്‍ത്തുന്ന ഭീഷണി നിര്‍വീര്യമാക്കാന്‍ ഏറ്റവും യോജിച്ചയാള്‍ വാക്കറാണെന്നാണ് കോച്ചിന്റെ കണക്കുകൂട്ടല്‍.

എംബാപ്പെ vs വാക്കര്‍
കിലിയന്‍ എംബാപ്പെയെ തളയ്ക്കാനുള്ള ദൗത്യം ഇതാദ്യമായിട്ടല്ല കൈല്‍ വാക്കര്‍ക്കു ലഭിക്കുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ നേരത്തേ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും കൊമ്പുകോര്‍ത്തപ്പോഴെല്ലാം എംബാപ്പെയെ കുരുക്കാന്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള നിയോഗിച്ചത് വാക്കറെയായിരുന്നു. കോച്ചിന്റെ വിശ്വാസം വാക്കര്‍ കാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ക്വാര്‍ട്ടറിലും വാക്കര്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം.

വാക്കറെ പുകഴ്ത്തി ടീമംഗം
കൈല്‍ വാക്കറെക്കുറിച്ച് വലിയ മതിപ്പാണ് ഇംഗ്ലീഷ് ടീമിലെ സഹതാരവും നേരത്തേ ടോട്ടനം ഹോട്‌സ്പറിലെ ടീമംഗവുമായ എറിക്ക് ഡയര്‍ക്കുളളത്. ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും അതിശയിപ്പിക്കുന്ന ശാരീരിക മികവുള്ള കളിക്കാരനെന്നാണ് വാക്കറെക്കുറിച്ച് ഡയര്‍ വിശേഷിപ്പിക്കുന്നത്.
ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഫുട്‌ബോളറും നിലവില്‍ പരിശീലകനുായ സ്റ്റീവന്‍ ജെറാര്‍ഡും അടുത്തിടെ വാക്കറെ വാനോളം പുകഴ്ത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് വാക്കറെന്നായിരുന്നു ജെറാര്‍ഡിന്റെ വാക്കുകള്‍.

പരിക്കേറ്റിട്ടും ടീമില്‍
പരിക്കേറ്റിട്ടും ഖത്തര്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ കൈല്‍ വാക്കറിനെ കേച്ച് ഗരെത് സൗത്ത്‌ഗേറ്റ് ഉള്‍പ്പെടുത്തിയത് താരത്തിന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്. പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിയാല്‍ വാക്കര്‍ക്കു എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹത്തിനു നല്ല ബോധ്യവുമുണ്ടായിരുന്നു.
ഈ ലോകകപ്പിലെ കഴിഞ്ഞ മല്‍സരങ്ങളില്‍ വാക്കര്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. വെയ്ല്‍സുമായുള്ള മല്‍സരത്തില്‍ 90 മിനിറ്റും ഇംഗ്ലണ്ടിന്റെ പ്രതിരോധക്കോട്ട കാത്ത അദ്ദേഹം സെനഗലുമായുളള പ്രീക്വാര്‍ട്ടറിലും മികച്ചുനിന്നിരുന്നു.