ഫോര്‍ലാന്‍, സീക്കോ, മലൂദ... പുതിയ സീസണില്‍ ഇവരെ കാണില്ല, ഇത്തവണത്തെ ഐഎസ്എല്ലിന്റെ നഷ്ടങ്ങള്‍

Written By:

മുംബൈ: ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണില്‍ ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച നിരവധി താരങ്ങളും കോച്ചുമാരുമെല്ലാം ഉണ്ടായിട്ടുണ്ട്. ഉറുഗ്വേയുടെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ഡിയേഗോ ഫോര്‍ലാന്‍, ചെല്‍സിയുടെ മുന്‍ ഫ്രഞ്ച് മീഡ്ഫീല്‍ഡ് മാസ്റ്റര്‍ ഫ്‌ളോറെന്റ് മലൂദ എന്നിവരെല്ലാം ഇവരില്‍ ചിലര്‍ മാത്രം.

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിനു ശേഷം ടീമുകള്‍ പല മാറ്റങ്ങളുമാണ് വരുത്തിയത്. ഇതോടെ പല താരങ്ങളും കോച്ചുമാരുമെല്ലാം പടിക്കുപുറത്തായി. ഓരോ സീസണിലും ഇത്തരം ക്ലീനൗട്ട് ഉണ്ടാവാറുണ്ട്. നാലം സീസണിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ സീസണില്‍ കണ്ട പലരെയും ഇത്തവണ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാണാന്‍ സാധിക്കില്ല. ഇവരില്‍ പ്രധാനപ്പെട്ടവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡിയേഗോ ഫോര്‍ലാന്‍

ഡിയേഗോ ഫോര്‍ലാന്‍

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരം. തകര്‍പ്പന്‍ ഫ്രീകിക്കുകളിലൂടെയും ആവേശം കൊള്ളിക്കുന്ന ഗോളുകളിലൂടെയും ഒരു കാലത്ത് ലോക ഫുട്‌ബോളില്‍ കസറിയ താരം. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കായി തകര്‍പ്പന്‍ പ്രകടനം ഫോര്‍ലാന്‍ കാഴ്ചവച്ചിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഫോര്‍ലാന്‍ നേടിയ ഹാട്രിക്കിന്റെ മുറിവ് ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ ഉണ്ടാവും. പുതിയ സീസണില്‍ ഫോര്‍ലാന്‍ മുംബൈ നിരയിലുണ്ടാവില്ല.

അന്റോണിയോ ഹബാസ്

അന്റോണിയോ ഹബാസ്

ഐഎസ്എല്ലിന്റെ 2014ലെ പ്രഥമ സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ചാംപ്യന്‍ പട്ടത്തിലേക്ക് നയിച്ചതോടെ ശ്രദ്ധേയനായ കോച്ചാണ് അന്റോണിയോ ഹബാസ്. പ്രഥമ ഐഎസ്എല്‍ കഴിഞ്ഞതോടെ ഏറ്റവും വില പിടിപ്പുള്ള പരിശീലകരിലൊരാളായി അദ്ദേഹം മാറി. 2016ല്‍ കൊല്‍ക്കത്ത ടീം വിട്ട് ഹബാസ് പൂനെ സിറ്റിയുടെ പരിശീലകനായിരുന്നു. എന്നാല്‍ ക്ലബ്ബ് അധികൃതരുമായി ഹബാസിന്റെ ബന്ധം അത്ര സുഖമമായിരുന്നില്ല. തുടര്‍ച്ചയായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ടീം വിട്ട ഹബാസിനെ പുതിയ സീസണില്‍ കാണാനാവില്ല.

നിക്കോളാസ് വെലസ്

നിക്കോളാസ് വെലസ്

2015, 16 സീസണുകളിലെ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോളടിവീരനായിരുന്നു സ്‌ട്രൈക്കര്‍ നിക്കോളാസ് വെലസ്. അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവര്‍ പ്ലേറ്റിന്റെ യൂത്ത് അക്കാദമിയുടെ സംഭാവനയായിരുന്നു ഈ താരം. രണ്ടു സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി എട്ടു ഗോളുകളാണ് വെലസ് നേടിയത്. പുതിയ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന് ഏറ്റവും വലിയ തിരിച്ചടി ഈ സ്‌ട്രൈക്കറുടെ അഭാവമായിരിക്കും. താരം ടീം വിടാനുള്ള കാരണം വ്യക്തമല്ല.

സീക്കോ

സീക്കോ

ബ്രസീലിന്റെ ഇതിഹാസ താരമായ സീക്കോയെ പുതിയ സീസണില്‍ പരിശീലക കുപ്പായത്തില്‍ കാണാന്‍ സാധിക്കില്ല. പ്രഥമ സീസണില്‍ എഫ്‌സി ഗോവയുടെ പരിശീലകനായി ഇന്ത്യയിലെത്തിയ അദ്ദേഹം വളരെ പെട്ടെന്നാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായത്. ഗോവ ടീമിന്റെ ആരാധകര്‍ അദ്ദേഹത്തെ നെഞ്ചിലേറ്റാന്‍ ഒരു കാരണം കൂടിയുണ്ട്. അതിമനോഹരമായി ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുമെന്ന് ഗോവന്‍ ടീമിനെ പഠിപ്പിച്ചത് സീക്കോയാണ്. 2014ലെ പ്രഥമ സീസണിലെ ഐഎസ്എല്ലില്‍ സീക്കോയുടെ കീഴില്‍ ഗോവ സെമി ഫൈനല്‍ വരെയെത്തി. 2015ല്‍ ഗോവ ഫൈനലിലെത്തിയെങ്കിലും ചെന്നൈയോട് പൊരുതി തോല്‍ക്കുകയായിരുന്നു.

ബെര്‍നാര്‍ഡ് മെന്‍ഡി

ബെര്‍നാര്‍ഡ് മെന്‍ഡി

ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്‌സിയുടെ തുറുപ്പുചീട്ടായിരുന്നു ഫ്രഞ്ച് ഡിഫന്റര്‍ ബെര്‍നാര്‍ഡ് മെന്‍ഡി. കഴിഞ്ഞ നാലു വര്‍ഷമായി ചെന്നൈ ടീമിലെ സ്ഥിര സാന്നിധ്യം. പ്രതിരോധത്തിലും ഒപ്പം അതിവേഗ കൗണ്ടര്‍ അറ്റാക്കിങിലും ഒരുപോലെ മികവ് പുലര്‍ത്തിയ മെന്‍ഡി പുതിയ സീസണില്‍ ചെന്നൈ നിരയിലുണ്ടാവില്ല. കഴിഞ്ഞ സീസണിനു ശേഷം മുന്‍ പിഎസ്ജി താരം കൂടിയായ മെന്‍ഡി ടീം വിടുകയായിരുന്നു.

 ഹെല്‍ഡര്‍ പോസ്റ്റിഗ

ഹെല്‍ഡര്‍ പോസ്റ്റിഗ

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഒരുകാലത്ത് പോര്‍ച്ചുഗീസ് ടീമിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഹെല്‍ഡര്‍ പോസ്റ്റിഗയും പുതിയ സീസണില്‍ കളിക്കില്ല. കഴിഞ്ഞ സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ താരത്തിനായിരുന്നു. രണ്ടാം സീസണിലാണ് പോസ്റ്റിഗ കൊല്‍ക്കത്തയിലെത്തുന്നത്. സീസണില്‍ താരം മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ മൂന്നാം സീസണില്‍ പരിക്ക് താരത്തെ വേട്ടയാടി. മൂന്നാം സീസണിനു ശേഷം ഇയാന്‍ ഹ്യൂമിനു പിറകെ പോസ്റ്റിഗയും കൊല്‍ക്കത്ത വിടുകയായിരുന്നു.

 ഫ്‌ലോറെന്റ് മലൂദ

ഫ്‌ലോറെന്റ് മലൂദ

ഇംഗ്ലണ്ടില്‍ ചെല്‍സിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ ഫ്‌ളോറെന്റ് മലൂദ കഴിഞ്ഞ സീസണിലാണ് ഐഎസ്എല്ലിന്റെ ഭാഗമാവുന്നത്. ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു അദ്ദേഹം. തന്റെ കന്നി സീസണില്‍ മലൂദ ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ മോശമാക്കിയില്ല. ഐഎസ്എല്ലില്‍ ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് മലൂദയായിരുന്നു. മാര്‍സെലീഞ്ഞോ-മലൂദ ജോടിയുടെ അപാര കോമ്പിനേഷന്‍ എതിര്‍ ടീമുകള്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. നാലാം സീസണില്‍ മലൂദ ഡല്‍ഹി ടീമിനൊപ്പമുണ്ടാവില്ല.

Story first published: Thursday, November 9, 2017, 16:26 [IST]
Other articles published on Nov 9, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍