Euro Cup 2021: സൂപ്പര്‍ ഡെയ്ന്‍സ്, ചെക്ക് 'കീറി' ഡെന്‍മാര്‍ക്ക് സെമി ഫൈനലിലേക്ക്

ബാക്കു: യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന്റെ ഡ്രീം കുതിപ്പ് ക്വാര്‍ട്ടര്‍ കടമ്പയും കടന്ന് സെമി ഫൈനലിലേക്ക്. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപബ്ലിക്കിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് സൂപ്പര്‍ ഡെയ്ന്‍സിന്റെ സെമി ഫൈനല്‍ പ്രവേശനം. ആദ്യപകുതിയില്‍ തന്നെ രണ്ടു തവണ വലകുലുക്കി അവര്‍ ചെക്ക് 'കീറിയിരുന്നു'. തോമസ് ഡെലേനി (അഞ്ചാം മിനിറ്റ്), കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് (42) എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ സ്‌കോറര്‍മാര്‍. 49ാം മിനിറ്റില്‍ ടീമിന്റെ ഗോള്‍മെഷീനായ പാട്രിക്ക് ഷിക്ക് ആദ്യ ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള അവരുടെ പ്രയത്‌നങ്ങളെല്ലാം ഡെന്‍മാര്‍ക്ക് വിഫലമാക്കി. 1992നു ശേഷം ആദ്യമായാണ് ഡെന്‍മാര്‍ക്ക് യൂറേയുടെ സെമി ഫൈനലിലേക്കു യോഗ്യത നേടിയത്.

ആദ്യപകുതിയില്‍ ഡെന്‍മാര്‍ക്കായിരുന്നു മികച്ച ടീമെങ്കില്‍ രണ്ടാംപകുതിയിലെ മികച്ച ടീം ചെക്കായിരുന്നു. സമനിലയ്ക്കു വേണ്ടി അവര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഡാനിഷ് ടീമിന്റെ പോരാട്ടവീര്യത്തെ മറികടക്കാന്‍ ചെക്കിന്റെ ചുവപ്പന്‍ പടയ്ക്കായില്ല. ഇംഗ്ലണ്ടും ഉക്രെയ്‌നും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളാണ് സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ എതിരാളികള്‍.

മല്‍സരമാരംഭിച്ച് അഞ്ചാം മിനിറ്റില്‍ത്തന്നെ ചെക്കിനെ അമ്പരപ്പിച്ച് ഡെന്മാര്‍ക്ക് അക്കൗണ്ട് തുറന്നു. കളിയിലെ ആദ്യ ഗോളവസരം തന്നെ അവര്‍ ഗോളാക്കി മാറ്റുകയായിരുന്നു. കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഈ ഗോള്‍. വലതുമൂലയില്‍ നിന്നുള്ള സ്‌റ്റൈഗര്‍ ലാര്‍സന്റെ മനോഹരമായ കോര്‍ണര്‍ കിക്ക് ബോക്‌സിനകത്ത് ഒറ്റപ്പെട്ടുനിന്ന ഡെലേനി യാതൊരു ബുദ്ധിമുട്ടും കൂടാതെ എല്ലാവരെയും നോക്കുകുത്തിയായി നിര്‍ത്തി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു. ചെക്ക് പ്രതിരോധനിരയുടെ ഗുരുതരമായ പിഴവ് കൂടിയായിരുന്നു ഇത്. ഡെലേനിയെ മാര്‍ക്ക് ചെയ്യാന്‍ ഒരാള്‍ പോലും അടുത്തെങ്ങുമില്ലായിരുന്നു.

ഈ ഗോളിന്റെ ഞെട്ടലില്‍ നിന്നും വൈകാതെ മുക്തരായ ചെക്ക് ടീം സമനിലയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അവയൊന്നും ഡാനിഷ് ഗോള്‍മുഖം വിറപ്പിക്കുന്നതായിരുന്നില്ല. ഡെന്മാര്‍ക്കാവട്ടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെക്ക് ടീമിന് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഡെന്മാര്‍ക്കിന്റെ നീക്കങ്ങളെല്ലാം തന്നെ ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ ചെക്ക് ടീമിന്റെ നീക്കങ്ങള്‍ അത്രത്തോളം ഗോള്‍ സാധ്യത നല്‍കുന്നതായിരുന്നില്ല.

16ാാം മിനിറ്റില്‍ ഡെലേനിക്കു തന്റെ രണ്ടാം ഗോളിനുള്ള മികച്ചൊരു അവസരം. ഇത്തവണയും സ്‌റ്റൈഗര്‍ ലാര്‍സനായിരുന്നു ചരടു വലിച്ചത്. വലതു വിങില്‍ നിന്നും ലാര്‍സന്‍ നല്‍കിയ ക്രോസ് ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു പായിക്കേണ്ട റോള്‍ മാത്രമേ ഡെലേനിക്കുണ്ടായിരുന്നുള്ളൂ. പക്ഷെ താരത്തിന്റെ ടൈമിങ് പാളി. കാല്‍മുട്ടില്‍ തട്ടിയ ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തു പോവുകയായിരുന്നു.

22ാം മിനിറ്റില്‍ ഡാനിഷ് ഗോള്‍കീപ്പര്‍ ഷ്‌മൈലക്കല്‍ ക്ലിയര്‍ ചെയ്ത ബോള്‍ ചെക്ക് താരം മസോപസ്റ്റിനാണ് ലഭിച്ചത്. മധ്യത്തിലൂടെ ബോക്‌സിലേക്കു ഓടിക്കയറിയ മസോപസ്റ്റ് ഇടതു വശത്തേക്ക് പാസ് ചെയ്തു. ഓടിക്കയറിയ ഹോള്‍സ് ദുഷ്‌കരമായ ആംഗിളില്‍ നിന്നും തൊടുത്ത ഷോട്ട് ഷ്‌മൈക്കല്‍ ബ്ലോക്ക് ചെയ്ത് അപകടമൊഴിവാക്കി. 37ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ഡംസംഗാര്‍ഡിന് ലീഡുയര്‍ത്താന്‍ നല്ലൊരു അവസരം. പക്ഷെ ഗോളി വാക്ലിച്ച് ചെക്ക് ടീമിനെ രക്ഷിച്ചു. ഡംസ്ഗാര്‍ഡ് ബോക്‌സിനകത്തു നിന്നും തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ വിഫലമാക്കുകയായിരുന്നു.

42ാം മിനിറ്റില്‍ ചെക്കിന്റെ സമനില സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി ഡെന്‍മാര്‍ക്ക് രണ്ടാം ഗോളും നേടി. കൗണ്ടര്‍അറ്റാക്കാണ് ചെക്ക് ടീമിന്റെ താളംതെറ്റിച്ചത്. ഇടതു വിങിലൂടെ പന്തുമായി പറന്നെത്തിയ മെയ്‌ലെ ബൂട്ടിന്റെ മുന്‍ഭാഗം കൊണ്ട് തൊടുത്ത കണ്ണഞ്ചിക്കുന്ന ക്രോസ് സെക്കന്റ് പോസ്റ്റിൂടെ കുതിച്ചെത്തിയ ഡോല്‍ബെര്‍ഗിന് കൃത്യമായിരുന്നു. പന്തിനുമേല്‍ കാല്‍വയ്ക്കുക മാത്രമേ ഡോല്‍ബെര്‍ഗ് ചെയ്യേണ്ടിയിരുന്നുള്ളൂ. ഗോളി നിന്നിടത്തു നിന്നും ഇളകാന്‍ പോലുമാവാതെ നോക്കുകുത്തിയായി നിന്നപ്പോള്‍ വല കുലുങ്ങുകയും ചെയ്തു. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോള്‍ കൂടിയായിരുന്നു ഇത്.

രണ്ടാംപകുതിയില്‍ രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ ചെക്ക് ടീം തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. ഡാനിഷ് ഗോള്‍മുഖത്തേക്കു അവര്‍ ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങളഴിച്ചു വിട്ടുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ കണ്ട ചെക്ക് ടീമായിരുന്നില്ല അത്. അവരുടെ തുടര്‍ച്ചയായ ആക്രമങ്ങള്‍ക്കു നാലു മിനിറ്റിനകം ലക്ഷ്യം കാണുകയും ചെയ്തു. ഷിക്കാണ് 49ാം മിനിറ്റില്‍ ചെക്ക് ടീമിന്റെ ആദ്യ ഗോള്‍ മടക്കിയത്. വലതു വിങില്‍ നിന്നും കൗഫല്‍ നല്‍കിയ ക്രോസ് ഡിഫന്‍ഡറും ഗോളിയും മുന്നില്‍ നില്‍ക്കെ ഷിക്ക് മനോഹരമായ വോളിയിലൂടെ വലയിലേക്കു തൊടുത്തു. ഇതോടെ അഞ്ചു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററെന്ന പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തി. 2004ലെ യൂറോയില്‍ മിലന്‍ ബാരോസ് അഞ്ചു ഗോളുകള്‍ നേടിയ ശേഷം ആദ്യമായാണ് ഒരു ചെക്ക് താരം ഇത്രയും ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

തുടര്‍ന്നും ചെക്ക് ടീം സമനിലയ്ക്കായി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ആദ്യപകുതിയിലേതു പോലെ ഒഴുക്കോടെയുള്ള കൗണ്ടര്‍അറ്റാക്കിങ് ഗെയിം പക്ഷെ രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്ക് ടീമിന്റെ ഭാഗത്തു നിന്നു കണ്ടില്ല. മറുഭാഗത്ത് കൂടുതല്‍ കരുത്താര്‍ജിച്ച, അപകടകാരികളായ മറ്റൊരു ചെക്ക് ടീമിനെയാണ് രണ്ടാംപകുതിയില്‍ കണ്ടത്. അവസാന അരമണിക്കൂര്‍ കൂടുതല്‍ ആവേശകരമായിരുന്നു. ലീഡുയര്‍ത്താന്‍ ഡെന്‍മാര്‍ക്കും സമനിലയ്ക്കായി ചെക്ക് ടീമും ജീവന്മരണ പോരാട്ടം തന്നെ കാഴ്ചവച്ചു.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, July 3, 2021, 23:38 [IST]
Other articles published on Jul 3, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X