ISL Final: ഐ ലീഗിനു പിന്നാലെ ഐഎസ്എല്ലും കൊല്‍ക്കത്തയിലേക്ക്, ചെന്നൈയെ വീഴ്ത്തി എടിക്കെ ചാംപ്യന്‍സ്

1
2061643

ഫറ്റോര്‍ഡ: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആസ്ഥാനം കൊല്‍ക്കത്ത തന്നെയാണെന്ന് അടിവരയിട്ടു കൊണ്ട് ഐ ലീഗിനു പിന്നാലെ ഐഎസ്എല്‍ കിരീടവും കൊല്‍ക്കത്തയിലേക്ക്. ആവേശകരമായ കലാശപ്പോരില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെ 3-1ന് കൊമ്പുകുത്തിച്ച് എടിക്കെ ചാംപ്യന്‍മാരായി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഇരുപകുതികളിലുമായി സ്പാനിഷ് താരങ്ങളായ ഹാവി ഹെര്‍ണാണ്ടസിന്റെ ഇരട്ടഗോളും എഡു ഗാര്‍ഷ്യയുടെ ഗോളുമാണ് എടിക്കെയ്ക്കു കിരീടം സമ്മാനിച്ചത്. നെറിയുസ് വാല്‍സ്‌കിസാണ് ചെന്നൈയുടെ ഗോള്‍ മടക്കിയത്. എടിക്കെയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതോടെ കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും എടിക്കെയുടെ പേരിലായി. നേരത്തേ രണ്ടു ട്രോഫികളുമായി ചെന്നൈക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു എടിക്കെ. 2014, 2016 സീസണുകളിലായിരുന്നു എടിക്കെയുടെ മുന്‍ കിരീടവിജയങ്ങള്‍.

ഇരുടീമുകളും ആവേശകരമായ പ്രകടനമാണ് ഇരുപകുതിയിലും കാഴ്ചവച്ചത്. ആക്രമണത്തിലും ഗോള്‍ ശ്രമത്തിലുമെല്ലം ചെന്നൈയായിരുന്നു മികച്ചു നിന്നത്. എന്നാല്‍ നിര്‍ഭാഗ്യവും ഗോളി അരിന്ദം ഭട്ടാചാര്യയുടെ ചില മികച്ച സേവുകളും ചെന്നൈയ്ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലൈന്‍ സേവും ക്രോസ് ബാറും ചെന്നൈക്കു ഗോള്‍ നഷ്ടപ്പെടുത്തി. ചെന്നൈയുടെ മുന്നേറ്റത്തോടെയായിരുന്നു കലാശപ്പോരിന് തുടക്കം. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയുടെ നീലപ്പട എടിക്കെ ബോക്‌സിനുള്ളില്‍ റെയ്ഡ് നടത്തി. എന്നാല്‍ പ്രീതം കോട്ടാലിന്റെ ഗോള്‍ ലൈന്‍ സേവ് ചെന്നൈക്കു ലീഡ് നിഷേധിച്ചു. വലതു വിങിലൂടെയുള്ള മികച്ച നീക്കത്തിനൊടുവില്‍ ക്രിവെല്ലാറോ ബോക്‌സിനുള്ളില്‍ വച്ച് വലയിലേക്ക് കോരിയിട്ട പന്ത് കോട്ടാല്‍ രക്ഷപ്പെടുത്തി. മൂന്നാം മിനിറ്റില്‍ ചെന്നൈക്കു വീണ്ടും ഗോളവസരം. ഇത്തവണ ക്രോസ് ബാര്‍ എടിക്കെയുടെ രക്ഷയ്‌ക്കെത്തി. ബോക്‌സിനുള്ളില്‍ വച്ച് ഷെംബ്രി നല്‍കിയ പാസിനൊടുവില്‍ നെറിയുസ് വാല്‍സ്‌കിസ് തെടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഉറപ്പായും വലയില്‍ കയറേണ്ടതായിരുന്നു. എന്നാല്‍ ക്രോസ് ബാറില്‍ തട്ടി പന്ത് മടങ്ങിയപ്പോള്‍ ചെന്നൈ താരങ്ങള്‍ നിരാശരായി.

ചെന്നൈയുടെ തുടക്കത്തിലെ കടന്നാക്രമണത്തിനു മുന്നില്‍ പകച്ചുപോയ എടിക്കെ പതിയെ കളിയിലേക്കു തിരികെ വരുന്നതാണ് പിന്നീട് കണ്ടത്. ആറാം മിനിറ്റില്‍ മൈക്കല്‍ സുസൈരാജിലൂടെ അവര്‍ ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിക്കുകയും ചെയ്തു. ബോക്‌സിനു പുറത്തു വച്ച് ചെന്നൈ താരങ്ങളെ ഡ്രിബ്ള്‍ ചെയ്ത് സുസൈരാജ് പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ വലതു പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തു പോയി.

ചെന്നൈയെ ഞെട്ടിച്ചുകൊണ്ട് 10ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസിലൂടെ എടിക്കെ മുന്നിലെത്തി. സീസണില്‍ താരത്തിന്റെ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു. റോയ് കൃഷ്ണയായിരുന്നു ഈ ഗോളിനു വഴിയൊരുക്കിയത്. ജോണ്‍ ജോണ്‍സന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത കൃഷ്ണ ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെര്‍ണാണ്ടസിന്. താരത്തിന്റെ തകര്‍പ്പന്‍ ഇടം കാല്‍ വോളി ഗ്രൗണ്ടില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക് കയറുമ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

23ാം മിനിറ്റില്‍ എടിക്കെ സ്‌കോര്‍ 2-0 ആക്കേണ്ടതായിരുന്നു. റോയ് കൃഷ്ണയുടെ ഗോളെന്നുറപ്പിച്ച ക്ലോസ് റേഞ്ച് ഷോട്ട് ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് ഹെര്‍ണാണ്ടസിന്. താരം വീണ്ടും വലയിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഇത്തവണ ചെന്നൈ താരം റെന്ത്‌ലേയുടെ കാലില്‍ തട്ടി തെറിക്കുകയായിരുന്നു.

അഞ്ചു മിനിറ്റിനിടെ നാലു തവണയാണ് ചെന്നൈ എടിക്കെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയത്. 26ാം മിനിറ്റില്‍ വാല്‍സ്‌കിസിന്റെ ലോങ് റേഞ്ചര്‍ എടിക്കെ ഗോളി അരിന്ദം ഭട്ടാചാര്യ ബ്ലോക്ക് ചെയ്തു. 30ാം മിനിറ്റില്‍ ക്രിവെല്ലാറോയുടെ ഫ്രീകിക്കില്‍ നിന്നും ഷെംബ്രിയുടെ ഗോളെന്നുറച്ച് തകര്‍പ്പന്‍ ഹെഡ്ഡര്‍ എടിക്കെ ഗോളി അരിന്ദം ഡൈവ് ചെയ്ത് തട്ടിയകറ്റി. 31ാം മിനിറ്റില്‍ ചെന്നൈയുടെ മറ്റൊരു അപകടകരമായ മുന്നേറ്റം. പക്ഷെ ഇത്തവണ ഓഫ് സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു. 37ാം മിനിറ്റില്‍ എടിക്കെയ്ക്കു കനത്ത തിരിച്ചടി നല്‍കി ടീമിന്റെ കുന്തമുനയായ റോയ് കൃഷ്ണയ്ക്കു കളം വിടേണ്ടിവന്നു. പരിക്കിനെ തുടര്‍ന്നാണ് താരത്തിന് കണ്ണീരോടെ പിന്‍മാറേണ്ടി വന്നത്. പകരക്കാരനായി മാന്‍ഡി സോസ പെനയെ എടിക്കെ ഇറക്കുകയായിരുന്നു.

രണ്ടാം ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാനുറച്ച് ഇറങ്ങിയ ചെന്നൈയെ സ്തബ്ധരാക്കി 48ാം മിനിറ്റില്‍ എടിക്കെ ലീഡുയര്‍ത്തി. മറ്റൊരു സ്പാനിഷ് താരമായ എഡു ഗാര്‍ഷ്യയുടെ വകയായിരുന്നു എടിക്കെയുടെ രണ്ടാം ഗോള്‍. സ്വന്തം പ്രതിരോധത്തില്‍ നിന്നു ലഭിച്ച ഗാര്‍ഷ്യ, ഡേവിഡ് വില്ല്യംസിനൊപ്പം വണ്‍ ടച്ച് പാസ് കളിച്ച് ചെന്നൈ ബോക്‌സിലേക്ക് പറന്നെത്തി. വില്ല്യംസ് നല്‍കിയ മനോഹരമായ ത്രൂബോളുമായി ഇടതു വിങിലൂടെ കയറിയ ശേഷം ഗാര്‍ഷ്യ തൊടുത്ത താഴ്ന്ന ഷോട്ട് വലതു പോസ്റ്റിന്റെ മൂലയില്‍ ഇടിച്ച് വലയില്‍ കയറുകയായിരുന്നു.

69ാം മിനിറ്റില്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ക്കു ചിറക് മുളപ്പിച്ച് നെറിയുസ് വാല്‍സ്‌കിസിലൂടെ ചെന്നൈ ആദ്യ ഗോള്‍ മടക്കി. വലതു വിങില്‍ നിന്നും റെന്ത്‌ലേ നല്‍കിയ ക്രോസ് എടിക്കെ താരം പ്രബീര്‍ ദാസ് ഹെഡ്ഡറിലൂടെ കുത്തിയകറ്റി. എന്നാല്‍ പന്ത് ലഭിച്ചത് ചെന്നൈ താരം ജെറിക്ക്. ജെറി ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് നിലത്ത് വീഴുന്നതിനിടെ വാല്‍സ്‌കിസ് വലയിലേക്ക് തൊടുക്കുകയായിരുന്നു. സീസണില്‍ വാല്‍സ്‌കിസിന്റെ 15ാം ഗോള്‍ കൂടിയായിരുന്നു ഇത്.

ഈ ഗോളിനു ശേഷം പുത്തനുണര്‍വോടെ എടിക്കെയ്ക്കു മേല്‍ ചെന്നൈ കത്തിക്കയറുക തന്നെ ചെയ്തു. ഇതോടെ എടിക്കെയ്ക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. പന്ത് കൂടുതല്‍ സമയവും എടിക്കെയുടെ ഹാഫില്‍ തന്നെയായിരുന്നു. ഇരുവിങുകളിലൂടെയും ചെന്നൈ താരങ്ങള്‍ എടിക്കെയുടെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു.

80ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി എടിക്കെയ്ക്കു മൂന്നാം ഗോളും നേടി വിജയമുറപ്പിക്കാന്‍ സുവര്‍ണാവസരം. എഡു ഗാര്‍ഷ്യയെ ലക്ഷ്യമിട്ട് ഡേവിഡ് വില്ല്യംസിന്റെ മനോഹരമായ ത്രൂബോള്‍. എന്നാല്‍ ബോക്‌സിന് പുറത്തേക്ക് ഓടിക്കയറി വന്ന ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ഇത് അടിച്ചകറ്റി അപകടമൊഴിവാക്കി.എന്നാല്‍ ഇഞ്ചുറിടൈമില്‍ ചെന്നൈയുടെ കഥ കഴിച്ചു കൊണ്ട് ഹാവി എടിക്കെയുടെ മൂന്നാം ഗോളും എടിക്കെയുടെ കിരീടവുമുറപ്പാക്കി. പകരക്കാരനായി ഇറങ്ങിയ പ്രണോയ് ഹല്‍ദാര്‍ ബോക്‌സിലേക്കു ഉയര്‍ത്തി നല്‍കിയ പന്ത് മുന്നോട്ട് കയറി വന്ന ഗോളിയെയും, തന്നെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച ചെന്നൈ താരങ്ങളെയും വെട്ടിച്ച് ഹാവി ഒഴിഞ്ഞ വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, March 14, 2020, 20:24 [IST]
Other articles published on Mar 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X