റബാഡ പോയപ്പോള്‍ ലക്ഷങ്ങള്‍ ഇംഗ്ലീഷ് താരത്തിന്; ഐപിഎല്ലില്‍ ദില്ലിക്ക് പുതിയ കളിക്കാരനെത്തി

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണര്‍ന്നു കഴിഞ്ഞു. ഇനി പോരാട്ടങ്ങളുടെ ദിനങ്ങളാണ്. കളത്തിലെ പോരാട്ടം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പല ടീമുകള്‍ക്കും കോടികള്‍ മുടക്കി വാങ്ങിയ താരങ്ങളുടെ പരുക്ക് വിനയാവുകയാണ്. ദില്ലി ഡെയര്‍ഡെവിള്‍സിനും ലഭിച്ചു അത്തരമൊരു അശുഭ വാര്‍ത്ത. സൗത്ത് ആഫ്രിക്കയില്‍ നിന്നും പൊന്നിന്‍ വില കൊടുത്ത് സ്വന്തമാക്കിയ പേസ് താരം കാഗിസോ റബാഡയ്ക്ക് പരുക്കേറ്റതാണ് ദില്ലിക്ക് തിരിച്ചടിയായത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

സൗത്ത് ആഫ്രിക്കന്‍ നിരയിലെ അക്രമകാരിയായ ബൗളര്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ തീപ്പൊരി ബൗളിംഗ് കാഴ്ചവെയ്ക്കുമെന്നും എതിരാളികളുടെ വിക്കറ്റുകള്‍ തെറിപ്പിക്കുമെന്നൊക്കെ മോഹിച്ച് ഇരിക്കവെയാണ് മാനേജ്‌മെന്റിനെ വിഷമിപ്പിച്ച് റബാഡയുടെ പരുക്ക് വാര്‍ത്ത പുറത്തുവന്നത്. ബാക്ക് സ്‌ട്രെസ് പരുക്ക് മൂലം മൂന്ന് മാസത്തേക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെ ആഫ്രിക്കന്‍ പേസറെക്കുറിച്ച് കണ്ട സ്വപ്‌നങ്ങളെല്ലാം വെറുതെയായി. 6,50,000 ഡോളറിനായിരുന്നു താരവുമായുള്ള കരാര്‍.

ipl

പക്ഷെ ഞായറാഴ്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒട്ടും പിന്നിലേക്ക് പോകാന്‍ ദില്ലി തയ്യാറല്ല. ഉടന്‍ പകരക്കാരനായി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പറ്റിയ ആളെ കണ്ടെത്തുന്നത് അങ്ങ് ഇംഗ്ലണ്ടില്‍ നിന്ന്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ലിയാം പ്ലങ്കെറ്റിലാണ് ദില്ലി തങ്ങളുടെ പേസറെ കണ്ടെത്തിയത്.

ആദ്യമായി ഐപിഎല്ലിനെത്തുന്ന പ്ലങ്കെറ്റ് ടീമുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. പകരക്കാരുടെ പൂളില്‍ നിന്നാണ് ദില്ലി ഈ യോര്‍ക്ക്ഷയര്‍ ബൗളറെ തെരഞ്ഞെടുത്തത്. 13 ടെസ്റ്റുകള്‍, 65 അന്താരാഷ്ട്ര ഏകദിനങ്ങള്‍, 15 ടി20 മത്സരങ്ങള്‍ എന്നിവയ്ക്കാണ് ഈ 33-കാരനായ താരം ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്.


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 8, 2018, 8:25 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍