മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 56-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. രാത്രി 8 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ജയത്തോടെ രണ്ടാം സ്ഥാനത്തെത്താനാകും ശ്രമം. കൊല്‍ക്കത്തയാകട്ടെ ജയത്തോടെ പ്ലേ ഓഫില്‍ കടക്കാമെന്ന പ്രതീക്ഷയിലും.
മുംബൈ ഇന്ത്യന്‍സ് 13 കളികളില്‍നിന്നും 16 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ രണ്ടാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ് മുംബൈ. അങ്ങിനെയെങ്കില്‍ ആദ്യ പ്ലേ ഓഫില്‍ ഇടംപിടിക്കുകയും ചെയ്യാം. കഴിഞ്ഞ മത്സരത്തില്‍ ഹൈരദാബാദിനെതിരെ നേടിയ ത്രില്ലിങ് വിജയം ടീമിന് ആത്മവിശ്വാസമേകും. സൂപ്പര്‍ ഓവറിലായിരുന്നു മുംബൈ ജയം പിടിച്ചെടുത്തത്.
ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിയും. 13 കളികളില്‍നിന്നും 12 പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് ജയത്തോടെ നാലാം സ്ഥാനവുമായി പ്ലേ ഓഫിലെത്താം. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റശേഷം തുടരെ രണ്ട് കളികളില്‍ ജയിച്ച കൊല്‍ക്കത്ത ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ് ഒരിക്കല്‍ക്കൂടി തുണയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ്.
പഞ്ചാബ് അവസാന സ്ഥാനത്ത്, പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യത; ചെന്നൈ വിട്ടുകൊടുക്കുമോ
രണ്ട് ടീമുകളും അവസാന മത്സരത്തിലെ അതേ ഇലവനെ കളിക്കിറക്കാനാണ് സാധ്യതയേറെയും. മലയാളി താരം സന്ദീപ് വാരിയര്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി ഇറങ്ങും. രണ്ട് കളികളിലും സന്ദീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ തിളങ്ങിയാല്‍ മുംബൈയ്ക്ക് ജയത്തോടെ പ്ലേ ഓഫിലേക്ക് തയ്യാറെടുക്കാം. ബൗളര്‍മാരും മുംബൈയ്ക്കുവേണ്ടി മികവുകാട്ടുമെന്നാണ് പ്രതീക്ഷ.