ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഞായറാഴ്ച നടന്ന ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ഗംഭീര സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. മുംബൈ 20 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ കളിയില്‍ രോഹിത് പുറത്താവാതെ 105 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. മുബൈ ബാറ്റിങ് ലൈനപ്പില്‍ മറ്റൊരാള്‍ക്കും 35 റണ്‍സ് പോലും തികയ്ക്കാനായില്ല. ഇതാണ് അവരുടെ തോല്‍വിക്കു വഴിയൊരുക്കിയത്.
മുംബൈ- ചെന്നൈ പോരാട്ടത്തെക്കുറിച്ച് ഒരു വീഡിയോയില്‍ സംസാരിക്കവെയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ കൂടിയായ അദ്ദേഹം രോഹിത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചത്. ഈ വീഡിയോ ഹിറ്റ്മാന്റെ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരിക്കുകയാണ്.

റണ്‍ചേസില്‍ ആരും തന്നെ രോഹിത്തിനെ പിന്തുണച്ചില്ല. അദ്ദേഹത്തിന്റെ ബാറ്റിങ് എന്റെ ഫേവറിറ്റുകളിലൊന്നാണ്. രോഹിത്, നിങ്ങള്‍ ഈ കളിയില്‍ 106 റണ്‍സ് (105 റണ്‍സ്) നേടി. ടീമിലെ ആരെങ്കിലുമൊരാള്‍ അദ്ദേഹത്തിന്റെ കൂടെ നിന്നിരുന്നെങ്കില്‍ സിഎസ്കെ നല്‍കിയ റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ തനിച്ച് ഒരാള്‍ക്കു എത്ര അധ്വാനിക്കാന്‍ സാധിക്കുമെന്നും ഷമി വീഡിയോയില്‍ ചോദിക്കുന്നു.
സിഎസ്‌കെയ്‌ക്കെതിരേ വെറും 63 ബോളിലാണ് രോഹിത് 105 റണ്‍സ് അടിച്ചെടുത്തത്. 11 ഫോറുകളും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ഐപിഎല്‍ കരിയറില്‍ ഹിറ്റ്മാന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. കളിയില്‍ രോഹിത് സെഞ്ച്വറി കൂറിച്ചിട്ടും ടീമിനു വിജയിക്കാന്‍ സാധിക്കാതെ പോയത് ഇതാദ്യമാണ്. ക്രീസിന്റെ മറുവശത്ത് ആറു വിക്കറ്റുകള്‍ വീണപ്പോഴും ഹിറ്റ്മാന്‍ ഒറ്റയാള്‍ പോരാട്ടവുമായി അവസാനം വരെ ക്രീസില്‍ തുടരുകയായിരുന്നു.
207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് രോഹിത്- ഇഷാന്‍ കിഷന്‍ ഓപ്പണിങ് സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് അടിച്ചെടുത്തിരുന്നു. 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. എന്നാല്‍ മതീശ പതിരാനയെറിഞ്ഞ എട്ടാം ഓവറില്‍ ഇഷാനും (15 ബോളില്‍ 23), സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് (0) എന്നിവര്‍ പുറത്തായത് കളിയിലെ ടേണിങ് പോയിന്റായി മാറി.

പിന്നീട് ഉജ്ജ്വല ബൗളിങിലൂടെ കൃത്യമായ ഇടവേളകളില്‍ സിഎസ്‌കെ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ മുംബൈ ആറു വിക്കറ്റിനു 186 റണ്‍സില്‍ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു. രോഹിത്തിനെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബാറ്റിങ് ലൈനപ്പില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം തിലക് വര്‍മയാണ്.
നാലാം നമ്പറില്‍ ബാറ്റ് ചെയ്ത തിലക് 20 ബോളില്‍ അഞ്ചു ഫോറടക്കം 31 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വെറും റണ്‍സിനു മടങ്ങിയപ്പോള്‍ റൊാമാരിയോ ഷെപ്പേര്‍ഡിനു ഒരു റണ്‍സുമെടുക്കാനേ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റുകള്‍ പിഴുത പതിരാനയാണ് മുംബൈയ്ക്കു വിജയം നിഷേധിച്ചത്. നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.
ഐപിഎല്ലില്‍ തുടച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം മുബൈയ്ക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മുംബൈ എട്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞത്. വ്യാഴാഴ്ച രാത്രി പഞ്ചാബ് കിങ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം.