ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഫേവറിറ്റായി മാറിയ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഐപിഎല്ലില്‍ കസറുകയാണ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ്. ഇതോടെയാണ് ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തിനു സ്ഥാനവും ഉറപ്പായത്. റിഷഭിനോളം കഴിവുള്ള താരമല്ല സഞ്ജു സാംസണെന്നാണ് എബിഡിയുടെ വിലയിരുത്തല്‍. ഒരു ചാനലിലെ ഷോയില്‍ സംസാരിക്കവെയാണ് റിഷഭിനെ മിസ്റ്റര്‍ 360 പ്രശംസിച്ചത്.
ഒരു ബാറ്ററെന്ന നിലയില്‍ എവിടെയും കളിക്കാനുള്ള ശേഷി റിഷഭിനുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് റിഷഭ്. കൂടാതെ തനിച്ചു കളി ജയിപ്പിക്കാനും സാധിക്കും. പക്ഷെ ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭയായ സഞ്ജു സാംസണിനു അത്തരമൊരു കഴിവോ, മാനസികാവസ്ഥയോ ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും എബിഡി വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി നേരത്തേ ഓപ്പണറായും പരീക്ഷിക്കപ്പെട്ടിട്ടുള്ള റിഷഭ് മൂന്നാം നമ്പര്‍ മുതല്‍ പല റോളുകളിലും കളിച്ചിട്ടുണ്ട്. സഞ്ജുവും നേരത്തേ ഓപ്പണറായും മധ്യനിരയിലുമെല്ലാം ബാറ്റ് ചെയ്തിട്ടുള്ളയാണ്. ഇത്തവണ ഐപിഎല്‍ രണ്ടു പേരും ഇഞ്ചോടിഞ്ച് പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സീസണില്‍ ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ തലപ്പത്തായിരുന്നു.
എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയിലേക്കു കടന്നപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ അല്‍പ്പം ഇടിവ് സംഭവിച്ചപ്പോള്‍ മിന്നുന്ന പ്രകടനങ്ങളുമായി റിഷഭ് കുതിക്കുകയായിരുന്നു. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്ത് എത്തിനില്‍ക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സുള്ളതും റിഷഭിനു തന്നെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 342 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 48.85 ശരാശരിയില്‍ 161.32 സ്‌ട്രൈക്ക് റേറ്റിലാണിത്.
കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ റിഷഭിനു പിന്നില്‍ രണ്ടാംസ്ഥാനത്താണ് സഞ്ജുവുള്ളത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 314 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 62.80 ശരാശരിയും 152.42 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. ശരാശരിയില്‍ റിഷഭിനേക്കാള്‍ മുന്നിലാണ് സഞ്ജുവെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ അല്‍പ്പം പിന്നിലാണ്. മൂന്നു വീതം ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് രണ്ടു പേരും കുറിച്ചിട്ടുള്ളത്. പക്ഷെ സഞ്ജുവിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചിട്ടുള്ളയാളാണ് റിഷഭ്.

ഗുജറാത്ത് ടൈറ്റന്‍സുമായി കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ സ്‌ഫോടനാത്മക ഇന്നിങ്‌സിസോടെയാണ് റണ്‍വേട്ടയില്‍ സഞ്ജുവിനെ റിഷഭ് ഓവര്‍ടേക്ക് ചെയ്തത്. കളിയില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. പുറത്താവാതെ 88 റണ്‍സ് അടിച്ചെടുക്കാന്‍ റിഷഭിനായിരുന്നു. വെറും 43 ബോളുകളിലാണിത്. എട്ടു വമ്പന്‍ സിക്സറുകളും അഞ്ചു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ പ്രകടനത്തോടെയാണ് ലോകകപ്പില്‍ റിഷഭ് സ്ഥാനമുറപ്പാക്കിയത്.
ഒരു വര്‍ഷത്തിലേറെ കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം റിഷഭിന്റെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്ലിലേത്. തകര്‍പ്പന്‍ പ്രകടനങ്ങളോടെ അദ്ദേഹം ഇതു അവിസ്മരണായമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റിഷഭ്. പക്ഷെ ദിനേശ് കാര്‍ത്തിക്കിനായിരുന്നു ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്.