രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ചില മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം അദ്ദേഹത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തു വന്നു കഴിഞ്ഞു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായ കെവിന്‍ പീറ്റേഴ്‌സനുമുണ്ട്. കളിയില്‍ ഹാര്‍ദിക് വരുത്തിയ വലിയൊരു അബദ്ധം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.
മല്‍സരത്തില്‍ റോയല്‍ലിന്റെ വിജയശില്‍പ്പിയായത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. അപരാജിത സെഞ്ച്വറിയോടെ താരം ക്രീസില്‍ പിടിച്ചുനിന്നതാണ് റോയല്‍സിനു ഒമ്പതു വിക്കറ്റിന്റെ മികച്ച മാര്‍ജിനിലുള്ള വിജയം സമ്മാനിച്ചത്. പക്ഷെ ഹാര്‍ദിക്ക് കുറച്ചൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ജയ്‌സ്വാളിനെ നേരത്തേ പുറത്താക്കാന്‍ സാധിക്കുമായിരുന്നെന്നാണ് പീറ്റേഴ്‌സന്റെ നിരീക്ഷണം.

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായ ജെറാള്‍ഡ് കോട്‌സിയെ ജയ്‌സ്വാളിനെതിരേ തുടക്കത്തില്‍ വേണ്ട രീതിയില്‍ ഹാര്‍ദിക് പ്രയോജനപ്പെടുത്തിയില്ലെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കളിയിലെക്കുറിച്ച് വിശകലനം ചെയ്യവെ പീറ്റേഴ്‌സന്‍ പറഞ്ഞത്. ജയ്‌സ്വാളിനെതിരേ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമേ കോട്‌സിയെക്കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയിച്ചുള്ളൂ.
റണ്‍സ് നേടിയെങ്കിലും അദ്ദേഹത്തേ നേരിടാന്‍ ജയ്‌സ്വാള്‍ വിഷമിക്കുന്നത് കാണാമായിരുന്നു. പക്ഷെ ഒരോവറിനു ശേഷം കോട്‌സിയെ ഹാര്‍ദിക് പിന്‍വലിക്കുകയായിരുന്നു. എന്തുകൊണ്ടാണ് രണ്ടാമത്തെ ഓവര്‍ കോട്‌സിക്കു നല്‍കാതിരുന്നത്? ഒരുപക്ഷെ ജയ്‌സ്വാളിനെ പുറത്താക്കാന്‍ പേസര്‍ക്കു സാധിക്കുമായിരുന്നെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
നാലാമത്തെ ഓവറിലാണ് കോട്‌സിയെക്കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയ്യിച്ചത്. പക്ഷെ 16 റണ്‍സ് അദ്ദേഹം ഈ ഓവറില്‍ വിട്ടുനല്‍കുകയുംചെയ്തു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. എല്ലാം ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. രണ്ടു വൈഡുകളും കോട്‌സി ഈ ഓവറില്‍ എറിഞ്ഞിരുന്നു. റണ്‍സ് കൂടുതല്‍ വഴങ്ങിയെങ്കിലും നല്ല വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേത്തിനു സാധിച്ചിരുന്നു. ഒരു ബോളിന്റെ വേഗത 151.1 കിമി വരെ പോയപ്പോള്‍ ബാക്കിയുള്ളവയെല്ലാം 140 കിമിക്കു മുകളിലുള്ളതായിരുന്നു. 151 കിമിക്കു മുകളില്‍ വേഗതയുണ്ടായിരുന്ന ഓവറിലെ അവസാന ബോളില്‍ ജയ്‌സ്വാള്‍ ഫോറുമടിച്ചിരുന്നു.

പവര്‍പ്ലേയില്‍ റോയല്‍സിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഓവറും ഇതു തന്നെയായിരുന്നു. ഇതോടയാണ് നാലാമത്തെ ഓവറിനു ശേഷം കോട്‌സിയെ ഹാര്‍ദിക് മാറ്റിനിര്‍ത്തിയത്. അതിനു ശേഷം അദ്ദേഹം തന്റെ അടുത്ത സ്‌പെല്‍ ബൗള്‍ ചെയ്യാനെത്തിയത് 17ാമത്തെ ഓവറിലായിരുന്നു. അപ്പോഴേക്കും മല്‍സരം മുംബൈയില്‍ നിന്നും കൈവിട്ടു പോവുകയും ജയ്‌സ്വാള്‍ സെഞ്ച്വറിക്കു അരികിലെത്തുകയും ചെയ്തിരുന്നു.
ഒമ്പതു റണ്‍സാണ് 17ാം ഓവറില്‍ കോട്‌സി വഴങ്ങിയത്. ആദ്യത്തെ അഞ്ചു ബോളില്‍ ഒരു വൈഡുള്‍പ്പെടെ മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുളളൂ. എന്നാല്‍ അവസാന ബോളില്‍ ജയ്‌സ്വാള്‍ സിക്‌സര്‍ പായിക്കുകയായിരുന്നു. അതിനു ശേഷം കളിയില്‍ കോട്‌സി ബൗള്‍ ചെയ്തിട്ടുമില്ല.
ഐപിഎല്ലില്‍ കോട്‌സിയുടെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്. ഇക്കോണമി റേറ്റ് അത്ര മികച്ചതല്ലെങ്കിലും സീസണില്‍ മുംബൈയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നും 10.10 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ കോട്‌സി നേടിക്കഴിഞ്ഞു. 34 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമായി (13 വിക്കറ്റ്) ഒരു വിക്കറ്റിന്റെ കുറവ് മാത്രമേ കോട്‌സിക്കുള്ളൂ.