ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോര് രൂക്ഷമാകവെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളികളുടെ പ്രിയതാരവുമായ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ഹോംഗ്രൗണ്ടായ ജയ്പൂരില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിനോടൊപ്പം ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു മല്‍സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍. പക്ഷെ തനിക്കു ഇഷാനുമായി മാത്രമല്ല ഒരാളുമായും മല്‍സരമില്ലെന്നാണ് സഞ്ജു തുറന്നു പറഞ്ഞിരിക്കുന്നത്. ഇഷാനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

ലോകകപ്പ് ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരമായൊന്നും മുംബൈയുമായുള്ള കളിയെ ഞാന്‍ കാണുന്നില്ല. ഇഷാന്‍ കിഷനെ ഞാന്‍ ശരിക്കും ബഹുമാനിക്കുന്നു. അദ്ദേഹം വളരെ മികച്ച താരമാണ്. കൂടാതെ മികച്ച വിക്കറ്റ് കീപ്പറും, ബാറ്ററും, ഫീല്‍ഡറുമെല്ലാമാണ്. എനിക്കു എന്റേതായ കഴിവുകളും പോരായ്മകളുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇഷാന്റെ കാര്യവും അങ്ങനെ തന്നെയാണെന്നും സഞ്ജു വ്യക്തമാക്കി.
ഞാന്‍ തീര്‍ച്ചയായും ആരുമായും മല്‍സരിക്കുന്നില്ല. എന്നോടു തന്നെ സ്വയം മല്‍സരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിനു വേണ്ടി കളിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യം. കൂടാതെ രാജ്യത്തിനു വേണ്ടി മല്‍സരങ്ങള്‍ ജയിക്കുകയെന്നതുമാണ് പ്രധാനം. ഒരേ ടീമിലെ താരങ്ങള്‍ തമ്മില്‍ പരസ്പരം മല്‍സരിക്കുകയാണെങ്കില്‍ അതൊരിക്കലും ആരോഗ്യകരമായ കാര്യമല്ലന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ എനിക്കു സ്വന്തം റോളിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. 150 സ്‌ട്രൈക്ക് റേറ്റില്‍ ടീമിനു വേണ്ടി സ്‌കോര്‍ ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഏതു തരത്തിലുള്ള ബാറ്ററാണ് ഞാനെന്ന കാര്യത്തില്‍ എനിക്കു വ്യക്തമായ ധാരണയുണ്ട്. പരാജയങ്ങള്‍ ഞാന്‍ അംഗീകരിക്കാറുണ്ട്. അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ തയ്യാറുമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ തനിക്കു ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ റണ്‍വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്.

റോയല്‍സിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും 55.20 ശരാശരിയില്‍ 155.05 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിന്റെ സമ്പാദ്യം 276 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി സീസണിലെ ആദ്യ പോരാട്ടത്തില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
പക്ഷെ അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി 30 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. 18, 12 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. അതുകൊണ്ടു തന്നെ മുംബൈയുമായുള്ള പോരാട്ടത്തില്‍ മികച്ചൊരു ഇന്നിങ്‌സ് തന്നെ സഞ്ജുവില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഐപിഎല്ലില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ അദ്ദേഹം ഏഴു കളിയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 286 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. റിഷഭ് പന്ത് ഏഴു കളിയില്‍ നിന്നും 254 റണ്‍സും ദിനേശ് കാര്‍ത്തിക് എട്ടു മല്‍സരങ്ങളില്‍ നിന്നും 251ഉം റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷെ ഇഷാന് ഏഴു കളിയില്‍ നിന്നും 192 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.