ഹൈദരാബാദ്: അഗ്രസീവ് ഇന്നിങ്‌സിലൂടെ ഒരിക്കല്‍ക്കൂടി കൈയടി നേടിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തിലും തട്ടു പൊളിപ്പന്‍ ഇന്നിങ്‌സ് കളിച്ചാണ് താരം ക്രീസ് വിട്ടത് 13 ബോളില്‍ 31 റണ്‍സാണ് അഭിഷേക് വാരിക്കൂട്ടിയത്. മൂന്നു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 238.46 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് തകര്‍ത്തടിച്ചത്.
ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അഭിഷേകിനെ പരിഗണിക്കണമെന്നു ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിക്കു പകരം അഭിഷേകിനെ ലോകകപ്പ് ടീമിലേക്കു ഇന്ത്യ പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള അഭിഷേകിനെപ്പോലെയുള്ളവരെയാണ് ലോകകപ്പ് ടീമില്‍ വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹൈദരാബാദുമായുള്ള ഈ കളിയില്‍ കോലി ഫിഫ്റ്റി കുറിച്ചിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. 43 ബോളില്‍ 51 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. നാലു ഫോറും ഒരു സിക്‌സറും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. 118.60 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് കോലിക്കുണ്ടായിരുന്നത്.
ആദ്യത്തെ 16 ബോളില്‍ 31 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനായിരുന്നെങ്കിലും അടുത്ത 21 ബോളില്‍ 19 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരിക്കല്‍ക്കൂടി ഫിഫ്റ്റിക്കു വേണ്ടി സ്ലോ ബാറ്റിങ് കാഴ്ചവച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് കോലി നേരിട്ടു കൊണ്ടിരിക്കുന്നത്.
വിരാട് കോലി എന്തിനാണ് ലോകകപ്പ് ടീമില്‍? പകരം അഭിഷേക് ശര്‍മയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണം. അഗ്രസീവ് ബാറ്റിങിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള താരമാണ് അഭിഷേക്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ സ്വന്തം ടീമിനായി കളിക്കുന്നവരെയാണ് ഇന്ത്യക്കു ആവശ്യമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ലോകകപ്പില്‍ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ അഭിഷേക് ശര്‍മയെ ഇന്ത്യ പരീക്ഷിക്കണം. കാരണം തുടക്കത്തില്‍ ഒരു വിക്കറ്റ് നഷ്ടമായാല്‍ പകരമെത്തിയ ശേഷം അതിവേഗം റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ അഭിഷേകിനു കഴിയും. അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു.
ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടയില്‍ തലപ്പത്തുള്ളത് കോലിയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 430 റണ്‍സോടെയാണ് അദ്ദേഹം ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി മാറിയത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. പക്ഷെ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 145.76 മാത്രമാണ്. എന്നാല്‍ കോലിയോളം റണ്‍സ് അഭിഷേക് നേടിയിട്ടില്ല.
പക്ഷെ ആക്രമണോത്സുകതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് യുവതാരം. എട്ടു മല്‍സരങ്ങളില്‍ നിന്നും അഭിഷേക് സ്‌കോര്‍ ചെയ്തത് 288 റണ്‍സാണ്. 218.18 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അഭിഷേക് നേടിയിട്ടുള്ളൂവെങ്കിലും വലിയ ഇംപാക്ടുണ്ടാക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനങ്ങള്‍.