മുംബൈ ഇന്ത്യന്‍സില്ലാത്ത ഒരു ഐപിഎല്‍ സീസണിനു ഇത്തവണ സാക്ഷിയാവേണ്ടി വരുമോ? ലോകമെമ്പാടുമുള്ള ആരാധകര്‍ വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളത്. ജയ്പൂരില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തിലും തോറ്റതോടെയാണ് മുംബൈ കുഴപ്പത്തിലായിരിക്കുന്നത്. കാര്യമായി പൊരുതാന്‍ പോലുമാവാതെ ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും നേരിട്ടത്. പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താനും പ്ലേഓഫ് സാധ്യത വര്‍ധിപ്പിക്കാനുമുള്ള അവസരം കൂടിയാണ് അവര്‍ നഷ്ടപ്പെടുത്തിയത്.
10 ടീമുകുളുടെ ലീഗില്‍ മുംബൈ ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചാമത്തെ തോല്‍വിയാണ് അവര്‍ക്കു നേരിട്ടിരിക്കുന്നത്. വെറും മൂന്നൂ കളിയില്‍ മാത്രമേ മുംബൈക്കു ജയിക്കാനായിട്ടുള്ളൂ. ആറു പോയിന്റ് മാത്രമേ ഇപ്പോള്‍ അവരുടെ അക്കൗണ്ടിലുള്ളൂ. മുംബൈയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുണ്ടോ? അതിനായി അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും പരിശോധിക്കാം.

ഏറ്റവും കുറഞ്ഞത് 16 പോയിന്റെങ്കിലും ലഭിച്ചാല്‍ മാത്രമേ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാനും പ്ലേഓഫ് സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനും മുംബൈയ്ക്കു സാധിക്കുകയുള്ളൂ. 10 ടീമുകള്‍ അണിനിരന്ന മുന്‍ സീസണുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. നിലവില്‍ ആറു പോയിന്റ് മാത്രമുള്ള മുംബൈയ്ക്കു 16 എന്ന പ്ലേഓഫിനുള്ള നമ്പറിലെത്താന്‍ ഇനിയും 10 പോയിന്റ് കൂടി വേണം.
അതായത് സീസണില്‍ ഇനി ശേഷിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു ഇതിനു സാധിക്കുകയുള്ളൂ. ശേഷിച്ച ആറും ജയിച്ചാല്‍ 18 പോയിന്റോടെ മുംബൈയ്ക്കു പ്ലേഓഫ് ഉറപ്പാണ്. എന്നാല്‍ ശേഷിച്ച ആറില്‍ ഇനിയൊരു മല്‍സരം കൂടി തോറ്റാല്‍ ബാക്കിയുള്ള മുഴുവന്‍ കളിയിലും മുംബൈയ്ക്കു ജയിക്കേണ്ടതായി വരും.
ഇത്തരമൊരു ഡു ഓര്‍ ഡൈ സാഹചര്യത്തിലേക്കു പോവാന്‍ മുംബൈ തീര്‍ച്ചയായും ആഗ്രഹിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ അടുത്ത അഞ്ചു മല്‍സരങ്ങളിലും തുടര്‍ച്ചയായി ജയിച്ച് പ്ലേഓഫിലേക്കു അടുക്കാനായിരിക്കും മുംബൈയുടെ പ്ലാന്‍. കഴിഞ്ഞ സീസണിലും കഷ്ടിച്ചാണ് മുംബൈ പ്ലേഓഫില്‍ കടന്നുകൂടിയത്. അന്നു 16 പോയിന്റ് സ്വന്തമാക്കിയ മുംബൈ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കുകയായിരുന്നു. ഇത്തവണയും ഇതേ പോയിന്റ് നേടി മുംബൈ ഇതാവര്‍ത്തിക്കുമോയെന്നാണ് അറിയാനുള്ളത്.

സീസണില്‍ ഇനി ബാക്കിയുള്ള ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണമാണ് ജയിക്കുന്നതെങ്കില്‍ ഇവയില്‍ മികച്ച മാര്‍ജിനില്‍ വിജയം നേടിയെടുക്കാന്‍ കൂടി മുംബൈ ശ്രദ്ധിച്ചേ തീരൂ. കാരണം നിലവില്‍ മുംബൈയുടെ നെറ്റ് റണ്‍റേറ്റ് -0.227 ആണ്. സീസണിന്റെ അവസാന ഘട്ടത്തില്‍ ഒന്നിലേറെ ടീമുകള്‍ക്കു തുല്യ പോയിന്റ് ലഭിച്ചാല്‍ ഇതു മുംബൈയ്ക്കു തിരിച്ചടിയായി മാറിയേക്കും. അതുകൊണ്ടു തന്നെ ജയത്തോടൊപ്പം നെറ്റ് റണ്‍റേറ്റിലും അവര്‍ ഒന്നു കണ്ണുവയ്‌ക്കേണ്ടത് ആവശ്യമാണ്.
മുംബൈയുടെ ശേഷിച്ച ആറു മല്‍സരങ്ങളെടുത്താല്‍ ഇവയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുമായി രണ്ടു വീതം കളികളുണ്ട്. ഈ നാലും മുംബൈയെ സംബന്ധിച്ച് ഏറെ കടുപ്പം തന്നെയായിരിക്കും. പ്രത്യേകിച്ചും കെകെആറിനെയാണ് മുംബൈ കൂടുതല്‍ ഭയക്കേണ്ടത്.
ഈ നാലു മല്‍സരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായും ഓരോ തവണ മുംബൈ കൊമ്പുകോര്‍ക്കും. 27നു ഡിസിയുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ എന്തു വില കൊടുത്തും മുംബൈയ്ക്കു മികച്ചൊരു ജയം നേടിയേ തീരൂ.