ജയ്പൂര്‍: അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സീസണില്‍ രണ്ടാം തവണയും തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേഓഫിനു തൊട്ടരികിലെത്തി നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈയ്‌ക്കെതിരേ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കിടിലന്‍ സെഞ്ച്വറിയാണ് റോയല്‍സിന്റെ ജയം അനായാസമാക്കിയത്.
സീസണില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്ന ജയ്‌സ്വാള്‍ ഇത്തവണ സെഞ്ച്വറിയോടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 60 ബോളില്‍ ഒമ്പതു ഫോറും ഏഴു സിക്‌സറുമടടക്കം പുറത്താവാതെ 104 റണ്‍സാണ് താരം അടിച്ചെടുത്തത്,. ജയ്‌സ്വാളിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണിത്. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരേ തന്നെയാണ് താരം കന്നി സെഞ്ച്വറിയും കണ്ടെത്തിയത്.

ഇത്തവണ ജയ്‌സ്വാളിനെ സെഞ്ച്വറി തികയ്ക്കാന്‍ സഹായിച്ചത് സഞ്ജുവിന്റെ മികച്ച പിന്തുണ തന്നെയാണെന്നു കാണാം. അദ്ദേഹം മനസ്സ് വച്ചിരുന്നെങ്കില്‍ ഒരോവര്‍ മുമ്പ് തന്നെ റോയല്‍സിനു കളി ജയിക്കാമായിരുന്നു. പക്ഷെ സിംഗിളുകളെടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ജയ്‌സ്വാളിനു സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരം സഞ്ജു ഒരുക്കിനല്‍കുകയിരുന്നു. ജസ്പ്രീത് ബുംറയെറിഞ്ഞ 17ാമത്തെ ഓറില്‍ സഞ്ജു രണ്ടു ഫോറുകളടിച്ചിരുന്നു. 10 റണ്‍സാണ് ഈ ഓവറില്‍ റോയല്‍സിനു ലഭിച്ചത്.
അവസാനത്തെ മൂന്നോവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടത് 10 റണ്‍സ് മാത്രം. ജയ്‌സ്വാളിനു സെഞ്ച്വറിക്കു വേണ്ടത് വെറും നാലു റണ്‍സ്. സഞ്ജു മനസ്സ് വച്ചിരുന്നെങ്കില്‍ ഒരു ഫോറും സിക്‌സറും പറത്തി അടുത്ത ഓവറില്‍ തന്നെ കളി ജയിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അതിനു തുനിഞ്ഞില്ല. പകരം മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന ജയ്‌സ്വാളിനെ സെഞ്ച്വറിയിലെത്തിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുകയാണ് ചെയ്തത്.
നുവാന്‍ തുഷാരയെറിഞ്ഞ 18ാമത്ത ഓവറില്‍ മൂന്നു ബോളുകളാണ് സഞ്ജു നേരിട്ടത്. താരം നേടിയത് രണ്ടു സിംഗിളുകള്‍ മാത്രം. ശേഷിച്ച മൂന്നു ബോളുകളും ജയ്‌സ്വാളിനു അദ്ദേഹം നല്‍കുകയും ചെയ്തു. ഇവയില്‍ ഓരോ സിംഗിളുകള്‍ വീതമാണ് ജയ്‌സ്വാള്‍ നേടിയത്. ഓവര്‍ കഴിഞ്ഞപ്പോള്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ജയ്‌സ്വാളിനു സെഞ്ച്വറിയിലെത്താന്‍ ആവശ്യം ഒരു റണ്‍സ് മാത്രം.

തിലക് വര്‍മയെറിഞ്ഞ 19ാമത്തെ ഓവറിലെ ആദ്യ ബോളില്‍ സിംഗിള്‍ നേടി ജയ്‌സ്വാള്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സഞ്ജുവും വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. ജയ്‌സ്വാളിനു സെഞ്ച്വറി തികയ്ക്കാനുള്ള അവസരമൊരുക്കി നല്‍കുക മാത്രമല്ല വിജയറണ്‍സ് കുറിക്കാനുള്ള അവസരവും സഞ്ജു സമ്മാനിച്ചു. കാരണം ഈ കളിയില്‍ റോയല്‍സിന്റെ വിജയ റണ്‍സ് നേടാന്‍ മറ്റാരേക്കാളും അര്‍ഹത അദ്ദേഹത്തിനാണന്നു സഞ്ജുവിനറിയാം.
രണ്ടാമത്തെ ബോളില്‍ ഡബിളും മൂന്നാമത്തെ ബോളില്‍ സിംഗിളുമെടുത്ത് സഞ്ജു ടീം സ്‌കോര്‍ തുല്യമാക്കുകയായിരുന്നു. ജയിക്കാനാവശ്യം ഒരേയൊരു റണ്‍സ് മാത്രം. ഓവറിലെ നാലാമത്തെ ബോളില്‍ ബൗണ്ടറിയിലൂടെ ജയ്‌സ്വാള്‍ ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 38 റണ്‍സുമായി ക്രീസിന്റെ മറുശത്ത് വളരെ ഹാപ്പിയായി സഞ്ജുവിനെ ഈ സമയത്തു കാണാമായിരുന്നു. 28 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.