വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇവര്‍ ടീമുകളുടെ എല്ലാമായിരുന്നു, എന്നിട്ടും കൈവിട്ടു!- ഫാന്‍സ് എങ്ങനെ സഹിക്കും?

ശ്രേയസും രാഹുലുമെല്ലാം ഇക്കൂട്ടത്തിലുണ്ട്

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് ഒടുവില്‍ പുറത്തു വന്നിരിക്കുകയാണ്. നേരത്തേ ലഭിച്ച സൂചനകള്‍ പോലെ തന്നെ എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയെല്ലാം അവരുടെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില നിലനിര്‍ത്തലുകളും ഒഴിവാക്കലുകളും ഫ്രാഞ്ചൈസികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു കാണാം.
എട്ടു ഫ്രാഞ്ചൈസികളും കൂടി ആകെ നിലനിര്‍ത്തിയിട്ടുള്ളത് 27 കളിക്കാരെയാണ്.

ചില ടീമുകളാണ് നാലു താരങ്ങളെ പുതിയ സീസണിലേക്കു നിലനിര്‍ത്തിയത്. ചിലര്‍ മൂന്നു പേരെ മാത്രമേ നിലനിര്‍ത്തിയുള്ളൂ. ഏറ്റവും കുറച്ചു പേരെ നിലനിര്‍ത്തിയത് പഞ്ചാബ് കിങ്‌സാണ് (രണ്ടു പേര്‍). ടീമിനും ആരാധകര്‍ക്കും ഏറെ പ്രിയങ്കരരായിരുന്ന ചില കളിക്കാര്‍ ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മറ്റൊരു ടീമിനു വേണ്ടി ഇവര്‍ ഭാവിയില്‍ കളിക്കുമെന്നു നേരത്തേ ആരും തന്നെ പ്രതീക്ഷിക്കാത്ത താരങ്ങള്‍ കൂടിയാണിവര്‍. ഇത്തരത്തില്‍ ഓരോ ടീമും കൈവിട്ടവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയില്‍ അല്ലാതെ ഐപിഎല്ലില്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത താരമയിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം മുംബൈയുടെ നീല ജഴ്‌സിയിലുണ്ട്. പക്ഷെ കഴിഞ്ഞ രണ്ടു സീസണുകളിലും പരിക്കുകളും ഫിറ്റ്‌നസില്ലായ്മയും കാരണം ഹാര്‍ദിക്കിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല. ഈ കാരണം കൊണ്ട് തന്നെയാവാം അദ്ദേഹത്തെ മുംബൈ നിലനിര്‍ത്താത്തതിന്റെ കാരണം.
കഴിഞ്ഞ രണ്ടു സീസണുകളിലും ഹാര്‍ദിക് മുംബൈക്കു വേണ്ടി ബൗള്‍ ചെയ്യുകയും ചെയ്തിട്ടില്ല. കഴിഞ്ഞ സീസണില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ച അദ്ദേഹത്തിനു 14.11 ശരാശരിയില്‍ 127 റണ്‍സ് മാത്രമേ നേടാനായുള്ളൂ. നേരത്തേ 11 കോടിക്കായിരുന്നു ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തിയത്. പക്ഷെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ മുംബൈ കൈവിടുകയായിരുന്നു.

 കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്)

കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്)

ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്താനിടയില്ലെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഞ്ചാബ് ഫ്രാഞ്ചൈസി അദ്ദേഹത്തെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനാണ് ആഗ്രഹിച്ചിരുന്നെങ്കിലും തുടരാന്‍ താല്‍പ്പര്യമില്ലെന്നു രാഹുല്‍ അറിയിക്കുകയായിരുന്നു. ക്യാപ്റ്റന്‍സിയില്‍ ക്ലിക്കായില്ലെങ്കിലും ബാറ്റിങില്‍ കഴിഞ്ഞ നാലു സീസണുകളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു രാഹുലിന്റേത്. എല്ലാ സീസണുകളിലും 550 പ്ലസ് റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. 11 കോടിയായിരുന്നു രാഹുലിന്റെ പ്രതിഫലം.
മെഗാ ലേലത്തില്‍ വലിയ തുക തന്നെ ഇനി അദ്ദേഹത്തിനു ലഭിക്കുമെന്നുറപ്പാണ്. പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവര്‍ തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രാഹുലിനെ നോട്ടമിട്ടേക്കും.

 ഫഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഫഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു സൗത്താഫ്രിക്കയുടെ ഓപ്പണിങ് ബാറ്റര്‍ ഫഫ് ഡുപ്ലെസി. കഴിഞ്ഞ മൂന്നു സീണുകളിലും മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. കഴിഞ്ഞ സീണിലായിരുന്നു ഡുപ്ലെസി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഡുപ്ലെസി സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഡുപ്ലെസി- റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് ജോടിയായിരുന്നു സിഎസ്‌കെയുടെ നട്ടെല്ല്.
396 റണ്‍സ്, 449 റണ്‍സ്, 633 റണ്‍സ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ സീസണുകളില്‍ സൗത്താഫ്രിക്കന്‍ താരത്തിന്റെ പ്രകടനം. 2018ലെ ഐപിഎല്ലില്‍ 1.6 കോടി രൂപയ്ക്കായിരുന്നു ഡുപ്ലെസി സിഎസ്‌കെയിലെത്തിയത്. പിന്നീട് അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.

 ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലേക്കു നയിച്ച ക്യാപ്റ്റനും ഇന്ത്യന്‍ മധ്യനിര ബാറ്ററുമായ ശ്രേയസ് അയ്യരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കുമെന്ന് ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല. 2018 മുതല്‍ ശ്രേയസായിരുന്നു ടീമിനെ നയിച്ചത്. 2019ല്‍ പ്ലേഓഫിലും 2020ല്‍ ആദ്യമായി ഡിസിയെ ഫൈനലിലുമെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ കഴിഞ്ഞ സീസണിന്റെ ആദ്യപാദം പരിക്കുകാരണം നഷ്ടമായതോടെ റിഷഭ് പന്ത് ക്യാപ്റ്റനാവുകയായിരുന്നു. അടുത്ത സീസണിലും റിഷഭ് നായകനായി തുടരുമെന്നുറപ്പായതോടെ ശ്രേയസിനു ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലായിരുന്നു. ക്യാപ്റ്റനാവുമ്പോഴാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നതെന്നു അദ്ദേഹം വിശ്വസിക്കുന്നു. മറ്റൊലു ടീമിന്റെ നായകനാവണമെന്ന ആഗ്രഹത്താലാണ് ശ്രേയസിനെ ഡിസി നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. നേരത്തേ ഏഴു കോടിയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ മെഗാ ലേലത്തില്‍ ഇതിന്റെ ഇരട്ടിയില്‍ അധികം അദ്ദേഹത്തിനു ലഭിക്കുമെന്നുറപ്പാണ്.

 റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് ജഴ്‌സിയില്‍ കാണാന്‍ കഴിയില്ല. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു റാഷിദ് അറിയിച്ചതോടെ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു എസ്ആര്‍എച്ചും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാലു സീസണുകളായി ഒമ്പതു കോടിയാണ് റാഷിദിന് ഹൈദരാബാദ് നല്‍കുന്നത്.
ഐപിഎല്ലില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളറാണ് അദ്ദേഹം. 76 മല്‍സരങ്ങളില്‍ നിന്നും 6.33 ഇക്കോണമി റേറ്റില്‍ 93 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തിയിട്ടുണ്ട്. മെഗാ ലേലത്തില്‍ 15 കോടിയോളം രൂപ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 യുസ്വേന്ദ്ര ചാഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

യുസ്വേന്ദ്ര ചാഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. പക്ഷെ അദ്ദേഹത്തെ ആര്‍സിബി പുതിയ സീസണിലേക്കു നിലനിര്‍ത്തിയില്ലെന്നത് ആശ്ചര്യകരമാണ്. 2018ല്‍ റാഷിദ് ഖാനോടൊപ്പം വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനം പങ്കിടാന്‍ ചാഹലിനായിരുന്നു. 114 ഐപിഎല്‍ മല്‍സരങ്ങളുടെ അനുഭവസമ്പത്തുള്ള അദ്ദേഹം 7.59 ഇക്കോണമി റേറ്റില്‍ 139 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ഹീറോ കൂടിയായിരുന്നു ചാഹല്‍. കഴിഞ്ഞ നാലു സീസണുകളിലായി നാലു കോടിയാണ് അദ്ദേഹത്തിനു ആര്‍സിബി പ്രതിഫലമായി ഓരോ വര്‍ഷവും നല്‍കിയിരുന്നത്.

 ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെ ഐപിഎല്‍ കരിയര്‍ തുടങ്ങിയ താരമാണ്. 2018ലെ അണ്ടര്‍ 19 ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഗില്ലിനെ ഇതേ വര്‍ഷം തന്നെയാണ് കെകെആര്‍ സ്വന്തമാക്കിയത്. ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്ന അദ്ദേഹെ കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും 478 റണ്‍സ് അടിച്ചെടുത്തിരുന്നു. തൊട്ടുമുമ്പത്തെ സീസണുകളില്‍ 296ഉം 440ഉം റണ്‍സും ഗില്‍ നേടി. 1.8 കോടിക്കായിരുന്നു താരത്തെ കെകെആര്‍ ടീമിലേക്കു നേരത്തേ കൊണ്ടുവന്നത്.

 ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്)

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്)

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുകളിലൊരാളായിരുന്നു. പരിക്കു കാരണം കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നേരത്തേ ടീമിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. റോയല്‍സിന്റെ പേസ് ബൗളിങിനു നേരത്തേ ചുക്കാന്‍ പിടിച്ചിരുന്നത് ആര്‍ച്ചറാണ്. 35 മല്‍സരങ്ങളില്‍ നിന്നും 7.13 എന്ന ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 2018ലെ ലേലത്തിലാണ് 7.2 കോടി രൂപയ്ക്കു ആര്‍ച്ചറെ റോയല്‍സ് സ്വന്തമാക്കിയത്.

Story first published: Tuesday, November 30, 2021, 23:54 [IST]
Other articles published on Nov 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X