ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു ഓള്‍റൗണ്ടറെക്കൂടി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യിലൂടെ അരങ്ങേറിയിരിക്കുന്നത്. പുതുമുഖ പേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ നറുക്കുവീണത് വെങ്കടേഷിനാണ്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം വലയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് അദ്ദേഹം ദേശീയ ടീമിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെല്ലാം നേരിടേണ്ടി വന്നിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കിയാണ് സെലക്ഷന്‍ കമ്മിറ്റി ഇതിനോടു പ്രതികരിച്ചത്. പകരം പുതുമുഖമായ വെങ്കടേഷിനു അവസരം നല്‍കുകയുമായിരുന്നു.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ഇടംകൈയന്‍ ബാറ്ററും സീം ബൗളറുമായ വെങ്കടേഷ്. കൊല്‍ക്കത്തയ്ക്കുവേണ്ടി ഓപ്പണറായി കളിച്ച അദ്ദേഹം 350ന് മുകളില്‍ റണ്‍സ് നേടുന്നതിനോടൊപ്പം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതാണ് വെങ്കടേഷിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. ഹാര്‍ദിക്കിന്റെ പകരക്കാരനായി അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ താരത്തെ വളര്‍ത്തിക്കൊണ്ടു വരികയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ലോകകപ്പിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ വെങ്കിക്കു അവസരം നല്‍കിയത്.
ടി20യിലെ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു വെങ്കടേഷിനു ഏകദിന ക്യാപ്പ് സമ്മാനിച്ചത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ കളിക്കാനായത് നല്ല അനുഭവമാണെന്നു വെങ്കടേഷ് പ്രതികരിച്ചു. ക്രിക്കറ്റ് കളിക്കുന്ന എല്ലാവരുടെയും ആഗ്രഹം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നതാണ്. അതിനാല്‍ ഈ അവസരം ലഭിച്ചതില്‍ സന്തോഷവുമുണ്ട്. ഞാന്‍ ശരിക്കും ആവേശഭരിതനാണ്, ഇതിനു വേണ്ടിയായിരുന്നു കാത്തിരുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്കു വഴക്കമുണ്ടാവണം, എനിക്കു ലഭിച്ച റോള്‍ മുതലാക്കുവാന്‍ ശ്രമിക്കും. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, എപ്പോള്‍ ആവശ്യപ്പെട്ടാലും ബൗള്‍ ചെയ്യാനും ഒരുക്കമാണ്. ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ കളിക്കുകയെന്നത് അവിസ്മരണീയമാണ്, കാണികള്‍ സ്റ്റേഡിയത്തിലേക്കു മടങ്ങിയെത്തിയത് വലിയ കാര്യമാണെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.
ന്യൂസിലാന്‍ഡ്- ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.