മുംബൈ: ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വ്യാഴാഴ്ച മുംബൈയിലെ വാംഖഡെയില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനു നിര്‍ണായക ഉപദേശവുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ സൗത്താഫ്രിക്കയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയിലേക്കു കുതിച്ചത്. എന്നാല്‍ ഇംഗ്ലണ്ടാവട്ടെ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് സെമിക്കു കച്ചമുറുക്കുന്നത്.

മുംബൈയിലെ വാംഖഡെയിലെ സെമി ഫൈനലുകളില്‍ അത്ര മികച്ച റെക്കോഡല്ല ഇന്ത്യക്കുള്ളതെങ്കിലും അതേക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ടീമിനെ സുനില്‍ ഗവാസ്‌കര്‍ ഉപദേശിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് ടീം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരിക്കലും നോക്കൗട്ട് മല്‍സരം തോറ്റിട്ടില്ലെന്നു കഴിഞ്ഞ ദിവസം ആരോ പറഞ്ഞിരുന്നു. പക്ഷെ അതു ഇന്ത്യ തകര്‍ത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതു പുതുയുഗമാണ്, പുതിയ ടീമുമാണ്.
വാംഖഡെയില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ അനുഭവം അത്ര നല്ലതല്ലെന്നു എനിക്കു തോന്നുന്നു. പക്ഷെ നമ്മുടെ ടീമിന് എല്ലാ കടമ്പകളും കടന്ന് മുന്നോട്ടു പോവാന്‍ സാധിക്കുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
സെമി ഫൈനല്‍ തീര്‍ച്ചയായും തുല്യശക്തികളുടെ പോരാട്ടാമായിരിക്കുമെന്നും ഇംഗ്ലണ്ടിന്റെ ശക്തമായ മധ്യനിരയെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ തീര്‍ച്ചയായും ഒരു തീപാറുന്ന പോരാട്ടം തന്നെയായിരിക്കും. വെസ്റ്റ് ഇന്‍ഡീസുമായി അവസാനം കളിച്ച സൂപ്പര്‍ എട്ട് മല്‍സരത്തിന് സമാനമായിരിക്കും ഇത്. കാരണം ഇന്ത്യയും ഇംഗ്ലണ്ടും വളരെ സന്തുലിതമായ രണ്ടു ടീമുകളാണ്.

അവര്‍ക്കു (ഇംഗ്ലണ്ട്) നല്ല ബാറ്റിങുണ്ട്, നല്ല ബൗളിങുണ്ട്. ശക്തമായ മധ്യനിരയുണ്ട്, കൂടാതെ ഫിനിഷറുമുണ്ട്. രണ്ടു ടീമുകളിലും നല്ല ഫിനിഷര്‍മാരെ കാണാം. മാത്രല്ല ബൗളിങില്‍ രണ്ടു ടീമുകള്‍ക്കും വൈവിധ്യവുമുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലെത്താനുള്ള നിര്‍ണായക ഉപദേശം സൂര്യകുമാര്‍ യാദവിനു സംഘത്തിനും നല്‍കാനും സുനില്‍ ഗവാസ്‌കര്‍ മറന്നില്ല. സാഹചര്യത്തിനു അനുസരിച്ചുള്ള ഗെയിം കളിക്കണമെന്നാണ് അദ്ദേഹം ടീം ഇന്ത്യയോടു ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ടീമിനോടു എനിക്കു പറയാനുള്ളത് സെമി ഫൈനലില്‍ എല്ലായ്‌പ്പോഴും ഫോര്‍ത്ത് ഗിയറില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കരുതെന്നാണ്. നിങ്ങള്‍ ക്രീസില്‍ സെറ്റായി കഴിഞ്ഞ ശേഷം വേണമെങ്കില്‍ അതേ കുറിച്ച് ആലോചിക്കാം.
30 വാരയിലെ സര്‍ക്കിളിനു പുറത്ത് രണ്ടു ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ സാധിക്കൂയെന്നതിനാല്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ കരുത്തിന് അനുസരിച്ച് കളിക്കണം. പക്ഷെ എല്ലായ്‌പ്പോഴും ഫോര്‍ത്ത് ഗിയറില്‍ ബാറ്റ് ചെയ്യാനുള്ള ശ്രമം നടത്തരുതെന്നും ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിനെ ഉപദേശിച്ചു.
സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യന്‍ ടീമിനു അത്ര വലിയ പ്രശ്‌നങ്ങളില്ലെന്നാണ് എന്റെ അഭിപ്രായം. സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുമ്പോള്‍ ഇതാണ് വലിയ ഷോട്ടുകള്‍ക്കുള്ള അവസരമെന്നു ടി20 ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍ ബാറ്റര്‍മാര്‍ ചിന്തിക്കാറുണ്ട്. പക്ഷെ നിങ്ങള്‍ക്കു ടൈമിങ് ഒന്നു പാളിയാല്‍ അതു പുറത്താവലിലേക്കു നയിക്കും.
പേസില്ലാത്ത ബോളുകളില്‍ ഷോട്ടുകള്‍ കളിക്കുക ബുദ്ധിമുട്ടാണ്. വേഗതയോടെ ബാറ്റിലേക്കു ബോള്‍ വരണമെന്നാണ് ബാറ്റര്‍മാര്‍ ആഗ്രഹിക്കുന്നത്. കാരണം അവര്‍ക്കു ബോളിന്റെ വേഗതയും ബൗണ്‍സുമുപയോഗിച്ച് അതിനെ മുകളിലൂടെ അടിച്ചു പറത്താനും കഴിയുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.